ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
“ആലം” എന്ന വാക്കിന് കരിമ്പ് എന്ന അര്‍ത്ഥമുണ്ട്. “ആലൈ” എന്ന തമിഴ് പദത്തിനും ചക്ക്, കരിമ്പ് എന്നിങ്ങനെ അര്‍ത്ഥങ്ങളുണ്ട്. വളരെയധികം കരിമ്പ് കൃഷി ചെയ്ത് ശര്‍ക്കരയുണ്ടാക്കിയിരുന്ന കേന്ദ്രം എന്ന നിലയില്‍ ആലങ്ങാട് പ്രദേശം പുരാതനകാലം മുതലേ ഏറെ പ്രശസ്തമായിരുന്നു. “ആലങ്ങാടന്‍ ശര്‍ക്കരയുണ്ടകള്‍ നാലഞ്ചങ്ങു കഴിച്ചീടുകിലതികോലാഹലമായ്” എന്ന് സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാര്‍ തന്നെ പാടിയിട്ടുണ്ട്. 12-ാം നൂറ്റാണ്ടിനു ശേഷമുള്ള ഈ പ്രദേശത്തിന്റെ ചരിത്രം പെരുമ്പടപ്പ് സ്വരൂപ(കൊച്ചി)ത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. പഴയന്നൂര്‍, പൊന്നാനിയിലെ വന്നരി, കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം എന്നീ സ്ഥലങ്ങളായിരുന്നു വിവിധ കാലങ്ങളില്‍ പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനങ്ങള്‍. 1341-ലെ വെള്ളപ്പൊക്കത്തില്‍ കൊടുങ്ങല്ലൂര്‍ തുറമുഖം എക്കലടിഞ്ഞ് ഉപയോഗശൂന്യമായതും, തത്സമയം കൊച്ചിയില്‍ പ്രകൃതിദത്തമായ മറ്റൊരു തുറമുഖം വികസിച്ചുവന്നതും, കോഴിക്കോട് സാമൂതിരിയുടെ അടിയ്ക്കടിയുണ്ടാവുന്ന ഭീഷണി മൂലവും പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം കൊടുങ്ങല്ലൂര്‍ നിന്നും കൊച്ചിയിലേക്ക് മാറ്റാന്‍ ഇട വന്നു. ആലുവയ്ക്കും പറവൂരിനുമിടയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം (ആലങ്ങാട്) കൊച്ചി രാജാവിന്റെ മേല്‍ക്കോയ്മയിലുള്ള സാമന്തരാജ്യമായിരുന്നു. മങ്ങാട്ട് കൈമള്‍ എന്നൊരു നായര്‍പ്രഭുവായിരുന്നു അവിടം ഭരിച്ചിരുന്നത്. ആലുവാപ്പുഴയുടെ സമീപം വരെ വ്യാപിച്ചുകിടന്ന ഈ രാജ്യത്തിന്റെ കിഴക്കേ അതിര്‍ത്തി മലയാറ്റൂര്‍ ആയിരുന്നു. ആലങ്ങാട്, അയിരൂര്‍‍, ചെങ്ങമനാട്, കോതക്കുളങ്ങര, മണപ്പാറ, പാറക്കടവ് എന്നീ ഗ്രാമങ്ങള്‍ ഈ രാജ്യത്തില്‍പ്പെട്ടിരുന്നു. ആലങ്ങാട് രാജവംശം കറുത്ത തായ് വഴി, വെളുത്ത തായ് വഴി എന്നു രണ്ടായി പിരിഞ്ഞു.  അങ്കമാലിക്കു വടക്കുള്ള കോതക്കുളങ്ങര കറുത്ത തായ് വഴിയുടെയും, ആലങ്ങാട് കോട്ടപ്പുറം വെളുത്ത തായ് വഴിയുടെയും രാജധാനികളായിരുന്നു. 1735-ല്‍ കറുത്ത തായ് വഴി വള്ളുവനാട് രാജവംശത്തില്‍ നിന്നും ഏതാനും പേരെ ദത്തെടുത്തതായും, ആലങ്ങാട് രാജ്യത്തു നിന്നും 30 ടണ്‍ കുരുമുളക് ഡച്ച് കമ്പനിക്കു കിട്ടിവരുന്നതായും ഗൊളാനസ്സി എന്ന ഡച്ചുചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചി പടത്തലവനും പ്രധാനമന്ത്രിയുമായിരുന്ന പാലിയത്തച്ചന്റെ പ്രതാപകാലത്ത് പറവൂര്‍, ആലങ്ങാട്, വടക്കുംകൂര്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരെ ഡച്ചുകാര്‍ തങ്ങളുടെ സ്വാധീനതയിലാക്കി. 1756-ല്‍ കൊച്ചിരാജ്യത്തിന്റെ അധീനതയിലായിരുന്ന ആലങ്ങാട് സാമൂതിരി ആക്രമിച്ചുപിടിച്ചു. 1762-ല്‍ തിരുവിതാംകൂര്‍ സൈന്യം സാമൂതിരിയെ അവിടെ നിന്നും തുരത്തിയോടിച്ചു. അതിനു പ്രതിഫലമായിട്ടാണ് കൊച്ചിരാജാവ് തന്റെ വകയായിരുന്ന പറവൂരും, ആലങ്ങാടും തിരുവിതാംകൂറിനു സമ്മാനിച്ചത്. അന്നു മുതല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടും വരെ ആലങ്ങാട് തിരുവിതാംകൂറിന്റെ ഭാഗമായി തന്നെ നിലനിന്നു. ആലങ്ങാടിനെ ഭരണസൌകര്യത്തിനായി മാഞ്ഞാലി, ആലുവ, അങ്കമാലി, ചെങ്ങമനാട്, പാറക്കടവ്, കോതക്കളങ്ങര എന്നിങ്ങനെ 6 പകുതികളാക്കി തിരിച്ചു. 6 പകുതികളിലൊന്നായ മാഞ്ഞാലി മൈസൂര്‍ ആക്രമണകാലത്ത് അവരുടെ സൈനികതാവളമായിരുന്നു. ടിപ്പുവിന്റെ കോട്ടയുടെയും, കോട്ടയില്‍ നിന്ന് പെരിയാറില്‍ അവസാനിക്കുന്ന തുരങ്കത്തിന്റെയും അവശിഷ്ടങ്ങള്‍ ഇന്നും മാഞ്ഞാലിയിലുണ്ട്. ടിപ്പുവിന്റെ പടയോട്ടം നടന്നിട്ടുള്ള പ്രദേശമാണ് ആലങ്ങാട്. 1790 ഏപ്രില്‍ 15-ാം തിയതി ടിപ്പു നെടുങ്കോട്ട ഭേദിച്ച് കൊടുങ്ങല്ലൂര്‍ കുരിയാപ്പിള്ളി, പള്ളിപ്പുറം കോട്ടകള്‍ പിടിച്ചടക്കി പറവൂരെത്തുകയും, പറവൂരും ആലങ്ങാടും കീഴടക്കുകയും ചെയ്തു. രണ്ടു ദിക്കിലും കാവല്‍സൈന്യത്തെ പാര്‍പ്പിച്ച് ടിപ്പുവിന്റെ പട ആലുവയിലെത്തി. എന്നാല്‍ കേണല്‍ ഹാര്‍ഡിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടേണ്ടിവരുമെന്ന ഘട്ടത്തില്‍ പടയോട്ടം അവസാനിപ്പിച്ച് ടിപ്പു തിരിച്ചുപോയി. ടിപ്പു പിന്തിരിഞ്ഞതിനു പിന്നില്‍ മറ്റൊരു ചരിത്രവുമുണ്ട്. ആലുവാപ്പുഴയോളം എത്തിയ ടിപ്പുവിന്റെ സൈന്യത്തെ തടഞ്ഞു നിറുത്തിയതില്‍  ആലുവാപ്പുഴയ്ക്കു നിര്‍ണ്ണായക പങ്കുണ്ട്. വേനല്‍കാലത്ത് കടലിലെ ഉപ്പുവെള്ളം മേലോട്ട് കയറുന്നത് തടയിട്ട് കൃഷിയെ രക്ഷിക്കുന്നതിന് ആറ്റില്‍ മണല്‍ച്ചിറ കെട്ടിയിരുന്നതാണ് ആപത്ഘട്ടത്തില്‍ തുണയായത്.  തിരുവിതാംകൂര്‍ സൈന്യം പൊടുന്നനെ ആ ചിറ വെട്ടിമുറിച്ചു. മണ്‍ചിറയ്ക്കു താഴെ മണല്‍പ്പുറത്ത് യുദ്ധസന്നാഹത്തോടെ നിന്ന മൈസൂര്‍പ്പട പെരുവെള്ളപ്പാച്ചിലില്‍ കടലിലേക്ക് ഒലിച്ചുപോയി. തെക്കേക്കരയില്‍ കയറിയവരും ടിപ്പുവും തിരുവിതാംകൂര്‍ സൈന്യത്തിന്റെ സമരാഗ്നിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. ആ യുദ്ധത്തിലുണ്ടായിരുന്ന മൈസൂര്‍പ്പടയിലെ വേറൊരാളും രക്ഷപ്പെട്ടില്ലെന്ന് പറയപ്പെടുന്നു. പുരാതനകാലം മുതല്‍ ഹൈന്ദവയാഥാസ്ഥിതികതയിലും സവര്‍ണ്ണജാതിവ്യവസ്ഥയിലും അധിഷ്ഠിതമായ ഒരു സംസ്കാരമാണ് ഈ പ്രദേശത്ത് നിലനിന്നിരുന്നത്. ക്രിസ്തുമതപ്രചാരണത്തിനായി 16-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ കര്‍മ്മലീത്ത മിഷണറിമാരാണ് പെരിയാറിന്റെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മനോഹരമായ ക്രൈസ്തവദേവാലയങ്ങളുടെ മാതാവായ വരാപ്പുഴ കര്‍മ്മല മാതാ പള്ളിയുടെ സ്ഥാപകര്‍. മലബാര്‍ പ്രദേശമൊഴിച്ച് കേരളത്തില്‍ ആദ്യകാലത്തുണ്ടായിരുന്ന മുഴുവന്‍ പള്ളികളുടെയും, ക്രൈസ്തവ വിശ്വാസികളുടെയും ഭദ്രാസനമായിരുന്നു വരാപ്പുഴ. കേരളത്തിലെ വ്യവസായസിരാകേന്ദ്രമാണ് ഏലൂര്‍ പഞ്ചായത്ത്. പഴയ കൊച്ചി രാജ്യത്തിന്റെ തൊട്ടടുത്ത് കിടന്നിരുന്ന ഏലൂര്‍ തിരുവിതാംകൂറിന്റെ ഭാഗമായ ഒരു ചെറിയ ദ്വീപ് ആയിരുന്നു. ഏലൂര്‍ മഞ്ഞുമ്മലുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് കോട്ടക്കുന്ന്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പട്ടാളക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. കോട്ടക്കുന്നിന് സമീപമാണ് ഏലൂരിലെ ഏറ്റവും പുരാതന ക്രിസ്തീയ ദേവാലയമായ മഞ്ഞുമ്മല്‍ പള്ളി. ഇറ്റലിയില്‍ നിന്ന് വന്ന വൈദികര്‍ ആണ് ഗോഥിക് ശില്പമാതൃകയില്‍ ഈ ദേവാലയം നിര്‍മ്മിച്ചത്. ഈ പള്ളിയുടെ മുന്‍പില്‍ നിന്ന് വരാപ്പുഴ പള്ളി ആസ്ഥാനത്തേക്ക് ഏലൂര്‍ മൂപ്പന്റെ നിര്‍ദ്ദേശപ്രകാരം വെട്ടിക്കൊടുത്തതാണ് മഞ്ഞുമ്മല്‍ ചേരാനല്ലൂര്‍ കടവ് റോഡ്. ഈ ദേവാലയവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ബ്രദര്‍ നിക്കോളാസ്, അലോപ്പതി അഭ്യസിക്കുകയും ഏലൂരിലെ ആദ്യത്തെ ഡിസ്പെന്‍സറി സ്ഥാപിക്കുകയും ചെയ്തു. 1886-ല്‍ സ്ഥാപിച്ച ഈ സ്ഥാപനമാണ് കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആശുപത്രികളിലൊന്നായ സെന്റ് ജോസഫ്സ് ആശുപത്രി. കടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഉത്സവാവശ്യത്തിനായി ഓലക്കുട നിര്‍മ്മിച്ചുനല്‍കിയിരുന്ന കണിയാന്മാര്‍ വസിച്ചിരുന്ന സ്ഥലമാണ് കണിയാന്‍കുന്ന്. കണിയാന്‍കുന്നില്‍ ഇന്നും ഒരു പുരാതന കണിയാന്‍ കുടുംബം നൂറ്റാണ്ടുകളായി വസിച്ചുവരുന്നുണ്ട്. ബന്ധപ്പെട്ട ചരിത്രം എന്തെന്ന് വ്യക്തമല്ലാത്ത ചില പുരാതനഗുഹകള്‍ വേറെയും ഈ പ്രദേശത്തുണ്ട്.