ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ക്ഷേമപദ്ധതികള്‍

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഈ പഞ്ചായത്തിലും വിവിധ ക്ഷേമപദ്ധതികള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു. ഭവനനിര്‍മ്മാണം, വിധവാ വിവാഹധനസഹായം, കുടിവെള്ളവിതരണം,ശുചിത്വം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ സഹായം നല്‍കുന്ന ക്ഷേമപദ്ധതികള്‍ക്കു പുറമേ വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും വിതരണം ചെയ്തുവരുന്നു. അഗതിപെന്‍ഷന്‍, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷകപെന്‍ഷന്‍, വാര്‍ദ്ധക്യ പെന്‍ഷന്‍, തൊഴില്‍രഹിത വേതനം, 50 വയസ്സ് തികഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹധനസഹായം എന്നിങ്ങനെ വിവിധ സ്കീമുകള്‍ അവശവിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രദാനം ചെയ്തുവരുന്നു. 245 കുടുംബശ്രീ യൂണിറ്റുകളും, മൂന്ന് അക്ഷയകേന്ദ്രങ്ങളും, യത്തീംഖാന, ഫെയ്ത്ത് ഇന്‍ഡ്യ (സ്പെഷ്യല്‍ സ്ക്കൂള്‍) എന്നിങ്ങനെ രണ്ട് അഗതിമന്ദിരങ്ങളും ഈ പഞ്ചായത്തിന്റെ സാമൂഹ്യമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005

2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.