ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

പണ്ടുമുതലേ നെല്‍കൃഷിയായിരുന്നു പ്രധാന വിള. റബ്ബര്‍ വളരെ കുറവായിരുന്നു. തെങ്ങുകൃഷി ഇന്നു കാണുന്നത്ര വ്യാപകമായിരുന്നില്ല. പഴയകാലത്ത് കൃഷിയുടെ നിലത്തിന്റെ വിസ്തീര്‍ണ്ണം കുടുംബങ്ങളുടെ അഭിമാനത്തിന്റെ അളവുകോല്‍ ആയിരുന്നു. പട്ടല്ലൂര്‍ നമ്പൂതിരി, മങ്കട കോവിലകം എന്നിവരായിരുന്നു ഇവിടുത്തെ ഭൂമി ഭൂരിഭാഗവും കൈയ്യടക്കിവച്ചിരുന്ന പ്രധാന ജന്മിമാര്‍. ക്ഷേത്രനടത്തിപ്പിനുവേണ്ടി ജന്മിമാര്‍ വിട്ടുകൊടുത്ത ഭൂമിയാണ് ദേവസ്വം ഭൂമികളായി മാറിയത്. 1896-ല്‍ ആദ്യമായി ഭൂസര്‍വ്വേ നടന്നു. മലബാര്‍ ലഹളക്കാലത്തും മറ്റും രേഖകള്‍ പലതും നഷ്ടമായിപ്പോയതിനാല്‍ കര്‍ക്കിടാം കുന്നിലും എടത്തനാട്ടുകരയിലും റീ സര്‍വ്വേ നടന്നു. 1940-കളിലാണ് എന്‍.എസ്.എസ് എസ്റ്റേറ്റ് എടത്തനാട്ടുകരയില്‍ ആരംഭിക്കുന്നത്. അന്നുമുതലാണ് റബ്ബര്‍കൃഷി തുടങ്ങിയത്. ജന്മിമാര്‍ നേരിട്ടല്ലാ കുടിയാന്‍മാരുമായി ബന്ധപ്പെട്ടിരുന്നത്. ഇടനിലക്കാര്‍ മുഖേനെയായിരുന്നു പാട്ടപ്പിരിവും മറ്റും നടത്തിയിരുന്നത്. 1940-കളില്‍ കാല്‍ അണയും അര അണയും പാട്ടമായി കൊടുത്തിരുന്നു. പ്രധാനമായും നെല്ലു തന്നെയാണ് പാട്ടമായി നല്‍കിവന്നത്. കര്‍ഷകത്തൊഴിലാളികള്‍ക്ക് കൂലിയായി 3 നാരായം (ആണ്‍) 2 നാരായം (പെണ്‍) എന്നിങ്ങനെയായിരുന്നു പാട്ടം. 60 ശതമാനം പാട്ടം കന്നിയിലും 40 ശതമാനം പാട്ടം തുലമാസത്തിലും ആണ് അളന്നിരുന്നത്. പാട്ടം വാങ്ങുന്നത് പാട്ടപറയ്ക്ക് ആയിരുന്നു. പാട്ടപ്പറയ്ക്ക് മുദ്രപ്പറ എന്നും പേരുണ്ടായിരുന്നു. അലനല്ലൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ജന്മി മങ്കട കോവിലകം തന്നെയായിരുന്നു. 22000 പറ നെല്ല് പാട്ടവസ്തുവായി അവര്‍ക്കുണ്ടായിരുന്നു. 6000 പറ നെല്ല് കൊള്ളുന്ന പത്തായവും അവര്‍ക്കുണ്ടായിരുന്നു. കൂലിക്കാര്‍ മുഴുവനും നെല്ല് തലചുമടായാണ് കൊണ്ടുവന്നിരുന്നത്. മാളികക്കുന്നില്‍ നിലവിലുണ്ടായിരുന്ന എഴുത്തച്ഛന്‍ പള്ളിക്കൂടമായിരുന്നു ഏറ്റവും പഴയ വിദ്യാകേന്ദ്രം. 1915-ല്‍ സ്ഥാപിച്ച വട്ടമണ്ണപുറം എ.എം.എല്‍.പി.സ്ക്കൂള്‍ ആണ് ഏറ്റവും പഴയ സ്ക്കൂള്‍. 1956-ലാണ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ അലനല്ലൂരില്‍ ഹൈസ്ക്കൂള്‍ ആരംഭിക്കുന്നത്. ഇതിനുശേഷം എടത്തനാട്ടുകര ഹൈസ്ക്കൂള്‍ നിലവില്‍ വന്നു. അക്കാലത്ത് സ്ക്കൂള്‍വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളായിരുന്നു. സ്ത്രീവിദ്യാഭ്യാസത്തിന് പ്രോത്സാഹനം കിട്ടിത്തുടങ്ങിയത് 1960-കള്‍ക്കു ശേഷമാണ്.  സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഓര്‍മ്മിക്കേണ്ട വ്യക്തിത്വമാണ് അലനല്ലൂരിലെ എം.പി.രാമചന്ദ്രമേനോന്‍. 1956-ല്‍ എന്‍.എസ്.എസ്.എസ്റ്റേറ്റിലെ സമരവുമായി ബന്ധപ്പെട്ട് കൊങ്ങശ്ശീരി കൃഷ്ണന്‍ നടത്തിയ എട്ടു ദിവസം നീണ്ട നിരാഹാരസത്യാഗ്രഹം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അലനല്ലൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ തൊഴില്‍ സമരം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണിത്. 1956-ല്‍ എസ്റ്റേറ്റിലെ മുഴുവന്‍ തൊഴിലാളികളേയും പിരിച്ചുവിട്ടതിനെതിരെ നടന്ന ഈ സമരം ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്നു. മലബാര്‍ ലഹളക്കാലത്ത് അലനല്ലൂരിലും അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അലനല്ലൂര്‍ പഞ്ചായത്ത് രൂപംകൊള്ളുന്നത് 1963-ലാണ്. ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് പാറോക്കോട് കുഞ്ഞിമുഹമ്മദ് ഹാജിയായിരുന്നു. 1946-ലാണ് അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭിക്കുന്നത്. ആദ്യത്തെ ബാങ്ക് പ്രസിഡന്റ് രാമചന്ദ്രമേനോന്‍ ആയിരുന്നു. 1930-ല്‍ ആയുര്‍വേദ ആശുപത്രിയും 1961-ല്‍ സര്‍ക്കാര്‍ ആശുപത്രിയും അലനല്ലൂരില്‍ സ്ഥാപിക്കപ്പെട്ടു. 1939-ലാണ് അലനല്ലൂരില്‍ ബസ് സര്‍വ്വീസ് തുടങ്ങുന്നത്. ക്ഷേത്രങ്ങളും പള്ളികളും പഴയകാലം മുതലേ അലനല്ലൂരിന്റെ ചരിത്രത്തില്‍ അവയുടേതായ സ്ഥാനം വഹിച്ചിട്ടുണ്ട്. ഈ പഞ്ചായത്തില്‍ പ്രചാരത്തിലിരിക്കുന്ന കലാരൂപങ്ങള്‍ മിക്കതും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതാണ്. പൂതന്‍, തിറ, കോല്‍ക്കളി, ചെറുമക്കളി, പുളളുവന്‍പ്പാട്ട്, തുയിലുണര്‍ത്ത് പാട്ട്, കളംപാട്ട് തുടങ്ങിയവയാണ് ഇവിടെ പ്രചാരത്തിലുള്ള പ്രധാനകലാരൂപങ്ങള്‍. ഇതില്‍ പുള്ളുവന്‍പാട്ട് അവതരിപ്പിക്കുന്നത് മേലാറ്റൂരില്‍ നിന്നും വരുന്ന കലാകാരന്‍മാരാണ്. കലാസമിതിയുമായി ബന്ധപ്പെടുത്തി ഒട്ടേറെ നാടകപ്രവര്‍ത്തകരെ സംഭാവന ചെയ്യാന്‍ പഞ്ചായത്തിനു കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മഹത്തായ പ്രവര്‍ത്തനമാണ് 1952-ല്‍ രൂപംകൊണ്ട അലനല്ലൂര്‍ കലാസമിതി നടത്തിയത്. സംസ്ഥാന നിലവാരത്തിലുള്ള ഒട്ടനവധി നടന്‍മാരെയും ഗായകരെയും ചിത്രകാരന്‍മാരെയും ഗ്രാമം സംഭാവന ചെയ്തിട്ടുണ്ട്. ഭഗവത്ഗീത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ആദ്യ മുസ്ളീം പണ്ഡിതനായ വിദ്വാന്‍ ഇസഹാക്ക് മാസ്റ്റര്‍, അഖിലേന്ത്യാപ്രശസ്തനായ സോപാനസംഗീത വിദ്വാന്‍ ഞരളത്ത് രാമപൊതുവാള്‍ എന്നിവര്‍ ഈ പഞ്ചായത്തില്‍ ജനിച്ച വ്യക്തികളാണ്.1952-ല്‍ രൂപം കൊണ്ട അലനല്ലൂര്‍ കലാസമിതി മികച്ച ഗ്രന്ഥാലയവും സാമൂഹ്യനവോത്ഥാനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ കേന്ദ്രം കൂടിയായിരുന്നു.