പഞ്ചായത്തിലൂടെ

അലനല്ലൂര്‍ - 2010

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തിലെ കാര്‍ഷികവൃത്തി പ്രധാനമായും മഴയെ ആശ്രയിച്ചുള്ളതാണ്. ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നാണ് വെള്ളിയാര്‍പ്പുഴ. പുഴകളേയും തോടുകളേയും കര്‍ഷകര്‍ ജലസേചനത്തിനായി ആശ്രയിക്കുന്നുണ്ടെങ്കിലും വേനല്‍ക്കാലത്ത് ഇവയിലെ നീരൊഴുക്ക് കുറയുന്നതിനാല്‍ വര്‍ഷം മുഴുവന്‍ ഉപയോഗിക്കാവുന്ന ജലസ്രോതസ്സ് പ്രധാനമായും കുളങ്ങളാണ്. ഏകദേശം 54 കുളങ്ങള്‍ ഈ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ട്. ചേലക്കുന്ന് ഇവിടുത്തെ പ്രധാന കുന്നും കോട്ടമല, ഇടമല, ഉപ്പുകുളംമല എന്നിവ പ്രധാനപ്പെട്ട മല പ്രദേശങ്ങളുമാണ്. നെല്ല് തന്നെയാണ് അലനല്ലൂരിലെ പ്രധാന കൃഷിയിനം. തെങ്ങ് കൃഷി താഴ്വാരങ്ങളിലും  റബ്ബര്‍ ഉയര്‍ന്ന പ്രദേശങ്ങളിലും കൂടുതലായി കൃഷിചെയ്തുവരുന്നു. കമുക്,വാഴ തുടങ്ങിയവ സമതലപ്രദേശത്തും താഴ്വാരത്തിലുമാണ് ഏറെയായി കണ്ടുവരുന്നത്. ഇതുകൂടാതെ കശുമാവ്, കുരുമുളക് എന്നിവയും പഞ്ചായത്തില്‍ കൃഷിചെയ്യുന്ന മറ്റു പ്രധാന വിളകളാണ്. 1969 ഓഗസ്റ്റ് 4-ാം തീയതിയാണ് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഒദ്യോഗികമായി നിലവില്‍വന്നത്. 14 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്ന പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 58.24 ച.കി.മീറ്ററാണ്. മൊത്തം ഭൂവിസ്തൃതിയുടെ ഏകദേശം 12.40 ഹെക്ടര്‍ ഭൂമി ഉപ്പുകുളം വനമേഖലയാണ്. 2001-ലെ സെന്‍സസ് പ്രകാരം ഈ പഞ്ചായത്തിലെ മൊത്തം ജനസംഖ്യ 47078 ആണ്. ഇതില്‍ 22873 (48.58%) പേര്‍ പുരുഷന്‍മാരും 24205 (51.42%) പേര്‍ സ്ത്രീകളുമാണ്. 44 പൊതുകിണറുകളും 276 പൊതുകുടിവെള്ള ടാപ്പുകളും ഈ പഞ്ചായത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സുകളായി വര്‍ത്തിക്കുന്നു. പ്രദേശത്തിന്റെ പലഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 224 തെരുവുവിളക്കുകള്‍ വീഥികളെ രാത്രികളില്‍ സഞ്ചാരയോഗ്യമാക്കുന്നു. പ്രകൃതിരമണീയത കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രദേശമാണ് പഞ്ചായത്തിനുള്ളില്‍ വരുന്ന വെള്ളച്ചാട്ടപ്പാറ. പൊതുവിതരണമേഖലയുടെ ഭാഗമായി രണ്ട് മാവേലിസ്റ്റോറുകളും ഒരു നീതിസ്റ്റോറും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ന്റെ മൂന്നു ഓഫീസുകള്‍ ഈ പഞ്ചായത്തിലെ അലനല്ലൂര്‍, കര്‍ക്കിടാംകുന്ന്, എടത്തനാട്ടുകര എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്നു. അലനല്ലൂര്‍, കര്‍ക്കിടാംകുന്ന്, എടത്തനാട്ടുകര എന്നീ മൂന്ന് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അലനല്ലൂര്‍ പഞ്ചായത്തില്‍ അലനല്ലൂര്‍ വില്ലേജ് ഓഫീസ് മാത്രമാണ് പഞ്ചായത്തിനുള്ളില്‍ സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത്,വില്ലേജ് എന്നിവയുടെ ഓഫീസുകളും വൈദ്യുതി ബോര്‍ഡിന്റെ ഒരു ഓഫീസും അലനല്ലൂരിലുള്ള കൃഷിഭവനും പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലായി നിലകൊള്ളുന്ന ആറ് തപാല്‍ ഓഫീസുകളുമാണ് അലനല്ലൂര്‍ പഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. എടത്തനാട്ടുകരയില്‍ സ്ഥിതി ചെയ്യുന്ന എന്‍.എസ്.എസ് എസ്റ്റേറ്റ് , എം.ഇ.എസ്, ഐ.റ്റി.സി  എന്നിവ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന പ്രധാന സ്വകാര്യസ്ഥാപനങ്ങളാണ്. അലനല്ലൂരിലെ ഒരു പഞ്ചായത്ത് ഹാളും കൊടിയംകുന്ന്, എടത്തനാട്ടുകര, അലനല്ലൂര്‍ എന്നിവിടങ്ങളിലായുള്ള നാല് കല്യാണമണ്ഡപങ്ങളും ഈ പഞ്ചായത്തിലുണ്ട്. ബാങ്കുകളുടെ പട്ടികയില്‍ എസ്ബിഐയുടെ ഒരു ശാഖയും എടത്തനാട്ടുകര ഫെഡറല്‍ ബാങ്കിന്റെ ഒരു ശാഖയും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. സര്‍വ്വീസ് സഹകരണ ബാങ്ക് അലനല്ലൂര്‍, ഉണ്ണടയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, വനിത സഹകരണ ബാങ്ക്, അലനല്ലൂരിലെ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി എന്നിവ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ബാങ്കുകളാണ്. അലനല്ലൂരിലെ പ്രധാനഗതാഗതം റോഡുമാര്‍ഗ്ഗമാണ്. മണ്ണാര്‍ക്കാട്-എടത്തനാട്ടുകര റോഡ് ഈ പഞ്ചായത്തിലെ ഒരു പ്രധാന റോഡാണ്. പഞ്ചായത്തിന്റെ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന ഏറ്റവും അടുത്തുകിടക്കുന്ന പ്രധാന ബസ് സ്റ്റാന്റ് മേലാറ്റൂരാണ്. സ്റ്റേറ്റ് ഹൈവേ ആയ മണ്ണാര്‍ക്കാട്-മഞ്ചേരി റോഡ് ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. വിദേശയാത്രകള്‍ക്കായി അലനല്ലൂര്‍ നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളമായ കരിപ്പൂര്‍ ഏകദേശം 84 കി മീ അകലെയാണ് സ്ഥിതിചെയ്യുന്നത്. മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന റെയില്‍വെ സ്റ്റേഷന്‍. തുറമുഖമെന്ന നിലയില്‍ ബേപ്പൂര്‍ (കോഴിക്കോട്) തുറമുഖമാണ് പഞ്ചായത്തിനോട് അടുത്ത് കിടക്കുന്നത്. ഇവിടുത്തെ ഗതാഗതമേഖലയിലുണ്ടായ പുരോഗതി വിളിച്ചറിയിക്കുന്ന നാല് പാലങ്ങളാണ് അലനല്ലൂര്‍ പഞ്ചായത്തിലുള്ളത്. കാരാപാലം-പടിക്കപ്പാടം, കല്ലിപ്പാലം-വട്ടമണ്ണപ്പുറം, നല്ലൂര്‍പ്പള്ളിപാലം-പാലക്കടവ്, കണ്ണംകുണ്ട്പാലം-കണ്ണംകുണ്ട് എന്നിവയാണ് ഈ പാലങ്ങള്‍. പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ് അലനല്ലൂര്‍, ചന്തപ്പടി, കോട്ടപ്പള്ള എന്നീ സ്ഥലങ്ങള്‍. ആഴ്ചയില്‍ രണ്ട് ചന്തയാണ് ഇപ്പോള്‍ പഞ്ചായത്തില്‍ ഉള്ളത്. വ്യാഴാഴ്ചകളില്‍ അലനല്ലൂരിലും വെള്ളിയാഴ്ചകളില്‍ കോട്ടപ്പള്ളിയിലും. അലനല്ലൂരില്‍ ഒരു ഷോപ്പിംഗ് കോംമ്പ്ലക്സും പഞ്ചായത്തിന്റെ വാണിജ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുമേഖലയിലായാലും സഹകരണമേഖലയിലായാലും എടുത്തുപറയത്തക്ക ഒരു വ്യവസായ സ്ഥാപനങ്ങളും പഞ്ചായത്തിലില്ല. വ്യാവസായികമേഖലയില്‍ ചൂണ്ടിക്കാട്ടത്തക്കതായി ഒരു പെട്രോള്‍ ബങ്ക് മാത്രമാണ് പഞ്ചായത്ത് പരിധിക്കുള്ളില്‍ വരുന്നത്. ആരോഗ്യപരിപാലനത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യസ്ഥാപനങ്ങള്‍ പഞ്ചായത്തിനുള്ളിലുണ്ട്. അലനല്ലൂരില്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം ഇവിടുത്തെ ജനങ്ങള്‍ക്ക് ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാക്കുന്നു. അലനല്ലൂരില്‍ തന്നെ സ്ഥിതിചെയ്യുന്ന ആയുര്‍വേദ ഡിസ്പെന്‍സറിയും ഹോമിയോപതി ഡിസ്പെന്‍സറിയും പഞ്ചായത്തിലെ പ്രധാനപ്പെട്ട ചികിത്സാകേന്ദ്രങ്ങളാണ്. ഒരു ഐ.പി.പി സബ് സെന്ററും അഞ്ച് ഫാമിലി വെല്‍ഫെയര്‍ സെന്ററുകളും ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററുമാണ് ഇവിടുത്തെ ആരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന മറ്റ് സ്ഥാപനങ്ങള്‍. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹ ചാരിറ്റബിള്‍ ട്രസ്റ് ആംബുലന്‍സ് സേവനം ലഭ്യമാക്കുന്ന ഒരു സ്ഥാപനമാണ്. ഇതുകൂടാതെ മൃഗങ്ങള്‍ക്ക് ചികിത്സാസൌകര്യം ഒരുക്കുന്നതിന്റെ ഭാഗമായി രണ്ട് വെറ്റിനറി ആശുപത്രികള്‍ അലനല്ലൂരിലും എടത്തനാട്ടുകരയിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപറ്റം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 11 എല്‍.പി. സ്കൂളുകളും 3 യു.പി സ്കൂളുകളും 2 ഹൈസ്കൂളുകളും പ്രവര്‍ത്തിച്ചുവരുന്നു. സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ 5 സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത് അതില്‍ 2 എല്‍.പി.എസ്സും ഒരു യു.പി.എസും ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനായി സര്‍ക്കാര്‍ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നുംതന്നെ ഇല്ലെങ്കിലും സ്വകാര്യ ഉടമസ്ഥതയില്‍ എം.ഇ.എസ്.കെ.റ്റി.എം വട്ടവണപ്പുറം, വിക്ടറി കോളേജ് എടത്തനാട്ടുകര, പുലരി കോളേജ്, എം.ഇ.എസ് വിമന്‍സ് കോളേജ് എന്നിങ്ങനെ നാലു കോളേജുകള്‍ ഉണ്ട്. സ്വകാര്യമേഖലയില്‍തന്നെ വട്ടവണപ്പുറത്ത് എം.ഇ.എസ്.കെ.റ്റി.എം (ഐ.റ്റി.സി) എന്ന പേരില്‍ ഒരു ടെക്നിക്കല്‍ സ്കൂളും പ്രവര്‍ത്തിച്ചുവരുന്നു. വിവിധ മതക്കാരുടേതായി നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്. 48 ക്ഷേത്രങ്ങളും, 47 മുസ്ളീം പള്ളികളും, 12 ക്രിസ്തീയ ദേവാലയങ്ങളും പഞ്ചായത്തിലെ സാംസ്കാരിക പൈതൃകം വിളിച്ചോതി വിവിധഭാഗങ്ങളിലായി നിലകൊള്ളുന്നു. അയ്യപ്പന്‍കാവ് പൂരം, തിടമ്പ് ഏറ്റല്‍, കൊടിയകുന്ന് താലപ്പൊലി തുടങ്ങി ഹിന്ദുമതാരാധനാലയങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിവിധ ആഘോഷങ്ങളും ഉത്സവങ്ങളും പഞ്ചായത്തിലെ അതതു പ്രദേശങ്ങളിലെ വിവിധ മതവിഭാഗക്കാര്‍ ഒന്നായി കൊണ്ടാടുന്നതിലൂടെ പഞ്ചായത്തിലെ മതസൌഹാര്‍ദ്ദമാണ് ദൃശ്യമാകുന്നത്. സ്വാതന്ത്ര്യസമരസേനാനി ആയിരുന്ന രാമചന്ദ്രമേനോന്‍, ഫുട്ബോള്‍ രംഗത്ത് കഴിവുതെളിയിച്ച കൊങ്ങത്ത് ഹംസ,ഹാസ്യനടന്‍ എന്ന നിലയില്‍ നാടകരംഗത്ത് പേരുകേട്ട സി. മുഹമ്മദ്, ചിത്രകാരനായ ഇടച്ചേനവേദന്‍ നമ്പൂതിരി എന്നിവര്‍ പഞ്ചായത്തിന്റെ യശസ്സ് ഉയര്‍ത്തിക്കാട്ടിയവരാണ്. കൂട്ടത്തില്‍ സാഹിത്യരംഗത്ത് പ്രശസ്തനായ അലനല്ലൂര്‍ സ്വദേശി വിദ്വാന്‍ ഇസ്ഹാക്ക് മാസ്റ്ററുടെ പേര് എടുത്തു പറയേണ്ടതാണ്. ഭഗവത്ഗീത മലയാളത്തിലേക്ക് ആദ്യമായി തര്‍ജ്ജമ ചെയ്ത ഏക മുസ്ളീം പണ്ഡിതനാണ് അലനല്ലൂര്‍ ഗവ.ഹൈസ്കൂളിലെ മലയാള അധ്യാപകനായ വിദ്വാന്‍ ഇസ്ഹാക്ക് മാസ്റ്റര്‍. അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുമുമ്പായിരുന്നു മനുസ്മൃതി വിവര്‍ത്തനം ചെയ്തത്. ശ്രീമദ്ഭഗവത്ഗീത എന്ന പേരില്‍ മലയാളഭാഷയിലുള്ള പുസ്തകം അദ്ദേഹത്തിന്റെ രചനയാണ്.  ഭഗവത്ഗീത തര്‍ജ്ജിമ ചെയ്തതിന് അദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമി മരണംവരെയും മാസംതോറും 500 രൂപ പെന്‍ഷന്‍ അവാര്‍ഡ് നല്‍കിയിരുന്നു. വിദ്വാന്‍ എ.ഇസ്ഹാക്കിന്റെ ശിഷ്യഗണങ്ങളില്‍ പ്രചരിച്ചിരിക്കുന്ന തമാശകളില്‍ ഒന്ന് ഇപ്രകാരമാണ്. വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന നെല്ല് കോഴി തിന്നുന്നത് കണ്ടശേഷം കോപിഷ്ഠനായ മഹാപ്രതിഭ മൂന്ന് തവണ ഭാര്യയെ വിളിച്ചു. അല്ലയോ ഭവതീ ……….. അല്ലയോ ഭവതി ……….. ഭാര്യയുടെ പ്രതികരണം ഇല്ലെന്ന് കണ്ടപ്പോള്‍ കോപം ഉള്ളില്‍ ഒതുക്കി അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു.
 
“അല്ലയോ ഭവതീ….. കുക്കുടം വന്നിതുധാന്യം
ഭക്ഷിപ്പതും നീ കണ്ടില്ലയോ……..”

സ്വാതന്ത്ര്യസമരസേനാനിയായ ശിവരാമന്‍ മാസ്റ്റര്‍, അത്‌ലറ്റായ ചാത്തോലിഹംസ, നാടകനടന്‍ എന്ന നിലയില്‍ പേരെടുത്ത പട്ടല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി മാസ്റ്റര്‍, നാടകരംഗത്ത് തന്നെ പ്രശസ്തി നേടിയ ദാമോദരന്‍ നമ്പൂതിരിപ്പാട്, പിന്നണിഗായികയായ ഭാവനാ രാധാകൃഷ്ണന്‍ എന്നിവര്‍ സാമൂഹ്യസാംസ്കാരികരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് പഞ്ചായത്തിന്റെ അഭിമാനങ്ങളായി നിലകൊള്ളുന്നവരാണ്. യുവഭാവന യത്തീംഖാന, ചലഞ്ചേഴ്സ് കോട്ടപ്പള്ള,  കലാസമിതി - എടത്തനാട്ടുകര, കലാസമിതി-അലനല്ലൂര്‍, യുവശക്തി തടിയംപറമ്പ്, യു.എഫ്.സി നാലുകണ്ടം, കാഴ്ച സംസ്കാരവേദി, പഞ്ചായത്ത് സാംസ്കാരികനിലയം, അലനല്ലൂര്‍ എന്നിവ പഞ്ചായത്തിന്റെ കലാകായിക സാംസ്കാരിക രംഗങ്ങളില്‍ പ്രോത്സാഹനമായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനകളാണ്. ഇതിനുപുറമെ കലാസമിതി ഗ്രന്ഥശാല അലനല്ലൂര്‍, എടത്തനാട്ടുകര, ദേശസമിതി ഗ്രന്ഥശാല ചിരട്ടകുളം, കൈരളി ഗ്രന്ഥശാല ചുണ്ടോട്ടുകുന്ന്, യുവഭാവന ഗ്രന്ഥശാല യത്തീംഖാന എന്നിങ്ങനെ 5 ഗ്രന്ഥശാലകളും മൈത്രി വായനശാല ചളവ, യുവജനസംഘം വായനശാല കര്‍ക്കിടാംകുന്ന് ഉള്‍പ്പെടെ 4 വായനശാലകളും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.