അലനല്ലൂര്‍

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ മണ്ണാര്‍ക്കാട് ബ്ളോക്കിലാണ് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അലനല്ലൂര്‍, കര്‍ക്കിടാംകുന്ന്, എടത്തനാട്ടുകര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന്റെ വിസ്തൃതി 58.24 ചതുരശ്രകിലോമീറ്ററാണ്.  ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കരുവാരക്കുണ്ട്, എടപ്പറ്റ പഞ്ചായത്തുകളും, തെക്കുഭാഗത്ത് താഴേക്കോട് പഞ്ചായത്തും, കിഴക്കുഭാഗത്ത് കോട്ടപ്പാടം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മേലാറ്റൂര്‍, വെട്ടത്തൂര്‍ പഞ്ചായത്തുകളുമാണ്. കേരളത്തിന്റെ  നെല്ലറയായ പാലക്കാട് ജില്ലയുടെ, നിത്യഹരിത വനപ്രദേശങ്ങള്‍ നിറഞ്ഞ മണ്ണാര്‍ക്കാട് താലൂക്കിലെ ഏറ്റവും വലിയ പഞ്ചായത്താണ് അലനല്ലൂര്‍. എടത്തനാട്ടുകര തൊട്ട് കല്ലടിക്കോട് വരെ മലയോടടുത്തു കാണുന്ന താണതലം പല പേരുകളുടേയും ഉല്‍ഭവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. കല്ലടിക്കോട് കടലടിക്കുന്ന പ്രദേശമായിരുന്നെങ്കില്‍ എടത്തനാട്ടുകരയിലെ ഉപ്പുകുളം എന്ന പേര്‍ അന്വര്‍ത്ഥമാവുമായിരുന്നു. എടത്തനാട്ടുകര എന്ന പേരുതന്നെ കരയുടെ പ്രാധാന്യമുള്ളതാണ്. അലനല്ലൂര്‍ അലക്കിനു-തല്ലിന് നല്ല പേരുകേട്ട ഊരും, മാളിക്കുന്ന്-മാളികക്കുന്നുമാകാമെന്ന് പഴയ കാരണവന്മാര്‍ പറയുന്നു. എടത്തനാട്ടുകരക്ക് നെല്ലികുറിശ്ശി എന്ന പഴയ പേരുണ്ട്. നെല്ലിമരങ്ങളുടെ കുന്ന് എന്ന് ഈ പ്രദേശത്തിനു വിശേഷണമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മുണ്ടക്കുന്നിന്, തല മുണ്ഡനം ചെയ്തവരുടെ സങ്കേതമെന്ന് അര്‍ത്ഥമുണ്ട്. ആലിങ്ങള്‍, ഉണ്ണിയാല്‍, പിലാകുറിശ്ശി, മൂച്ചിക്കല്‍ തുടങ്ങിയ സ്ഥലങ്ങള്‍ മരങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണെന്ന് കാണാം. 1896-നു മുമ്പ് അലനല്ലൂര്‍ എന്നത് അരക്കുപറമ്പ് അംശത്തിലെ ദേശമായിരുന്നു. ഭഗവത്ഗീത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ആദ്യ മുസ്ളീം പണ്ഡിതനായ വിദ്വാന്‍ ഇസഹാക്ക് മാസ്റ്റര്‍, അഖിലേന്ത്യാപ്രശസ്തനായ സോപാനസംഗീത വിദ്വാന്‍ ഞരളത്ത് രാമപൊതുവാള്‍ എന്നിവര്‍ ഈ പഞ്ചായത്തില്‍ ജനിച്ച വ്യക്തികളാണ്. അലനല്ലൂര്‍ പഞ്ചായത്ത് രൂപംകൊള്ളുന്നത് 1963-ലാണ്. ആദ്യത്തെ പഞ്ചായത്തുപ്രസിഡന്റ് പാറോക്കോട് കുഞ്ഞിമുഹമ്മദ് ഹാജിയായിരുന്നു.