ചരിത്രം
സാമൂഹ്യചരിത്രം
“ആല” എന്ന പദത്തിന് ഇരുമ്പുപണിയായുധങ്ങളുടെ നിര്‍മ്മാണശാല എന്നര്‍ത്ഥമുണ്ട്. പുരാതന നാടുവഴികളുടെ ആയുധനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ആല സ്ഥിതി ചെയ്തിരുന്ന പ്രദേശം എന്ന നിലയിലാവാം ഈ ഗ്രാമത്തിന് ആലംകോട് എന്ന പേരു ലഭിച്ചത്. പഴയ കാലത്ത് ആലംകോട് ഗ്രാമം വനമേഖലയായിരുന്നു. പില്‍ക്കാലത്ത് സാമൂതിരി രാജാവിന്റെ സൈനിക മുന്നറ്റങ്ങളാണ് ഈ പ്രദേശത്തെ നാട്ടിന്‍പ്രദേശമാക്കി മാറ്റിയത്. ആദിവാസിഗോത്രങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്ന ആദിമനിവാസികള്‍. അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണിത്. ഐതിഹ്യപ്രസിദ്ധവും പുരാതനവുമായ വന്നരിനാടിന്റെ ഹൃദയഭാഗമായ പെരുമ്പടപ്പ് സ്വരൂപത്തിലായിരുന്നു ഈ ഗ്രാമപ്രദേശവും ഉള്‍പ്പെട്ടിരുന്നത്. വന്നരിയിലുള്ള ചിത്രകൂടമായിരുന്നു പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആദ്യത്തെ തലസ്ഥാനം എന്നാണ് ചരിത്രം. പെരുമ്പടപ്പ് സ്വരൂപത്തിന്റെ മേല്‍ക്കോയ്മാസ്ഥാനവും കൊച്ചിരാജാക്കന്‍മാരുടെ പട്ടാഭിഷേകവും നടന്നുവന്നിരുന്നത് വന്നരിയില്‍ വെച്ചായിരുന്നു. ഇസ്ളാംമതം ലോകത്തുണ്ടായ ആദ്യനാളുകളില്‍ തന്നെ കേരളത്തിലും പ്രചാരം നേടാന്‍ തുടങ്ങിയിരുന്നു. പ്രാരംഭഘട്ടത്തില്‍ തന്നെ ഈ പ്രദേശത്തും അതിന്റെ സന്ദേശം എത്തിയിട്ടുണ്ട്. അറബികളും, യൂറോപ്യന്‍മാരും കേരളത്തിലെ തീരപ്രദേശങ്ങളുമായി വ്യാപാരബന്ധം പുലര്‍ത്തി പോന്നിരുന്ന പുരാതനകാലത്ത്, കൊപ്രയും ഉണക്കമീനും അന്യദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന വെളിയംകോട് പോലെയുള്ള തുറമുഖങ്ങള്‍ മുഖേനയായിരുന്നു ഇവിടേക്കും വൈദേശികദര്‍ശനങ്ങളും വ്യത്യസ്തസംസ്കാരങ്ങളും എത്തിച്ചേര്‍ന്നത്. മുഹമ്മദുനബിയുടെ ഗോത്ര പരമ്പരയില്‍പെട്ട തങ്ങള്‍മാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ഈ ഗ്രാമത്തിന്റെ അയല്‍പ്രദേശങ്ങളില്‍ എത്തുകയുണ്ടായിട്ടുണ്ട്. മലബാര്‍ പിടിച്ചെടുക്കുന്നതിനു വേണ്ടി ടിപ്പുസുല്‍ത്താന്‍ നടത്തിയ പടയോട്ടം ഈ മണ്ണിലൂടെയും കടന്നുപോയിട്ടുണ്ട്. അക്കാലത്ത് ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ച പാതയാണ് ഇപ്പോള്‍ നാഷണല്‍ ഹൈവേ ആയി ടിപ്പുസുല്‍ത്താന്റെ പേരില്‍ തന്നെ അറിയപ്പെടുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെയും മലഞ്ചരക്കുകളുടെയും പ്രധാന വിപണനകേന്ദ്രവും സംഭരണ സംസ്കരണ കേന്ദ്രവുമായിരുന്നു അയല്‍ പഞ്ചായത്തായ എടപ്പാള്‍. ജന്മിമാരുടെയും ഭൂസ്വാമിമാരുടെയും മര്‍ദ്ദനങ്ങളും ഗുണ്ടാവിളയാട്ടങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജനസമൂഹം ഇവിടെയുണ്ടായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റേയും സ്വതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായി വളര്‍ന്നുവന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും അനുരണനങ്ങള്‍ ഈ നാട്ടിലും ഉണ്ടായിട്ടുണ്ട്. ദേശീയപ്രസ്ഥാനമായ കോണ്‍ഗ്രസിലും പിന്നീട് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലും ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്ന സാധു പി.അബ്ദുള്ളക്കുട്ടി, കൊളാടി ഉണ്ണി, ഒ.കെ.മമ്മുണ്ണി, എം.ടി.മുഹമ്മദ് ആനകത്ത് തുടങ്ങിയവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളിലൊന്നായിരുന്നു ഈ ഗ്രാമവും. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ഈ പ്രദേശങ്ങളില്‍ ഭരണകൂടത്തിന്റെ പ്രതിപുരുഷനായി വാണരുളിയിരുന്നത് സര്‍വ്വവിധ അധികാരങ്ങളോടും കൂടിയ “അധികാരി”മാരായിരുന്നു. വലിയ ജന്മി കുടുംബങ്ങളിലെ അംഗങ്ങളെയാണ് ബ്രിട്ടീഷുകാര്‍ ഈ ചുമതല ഏല്‍പ്പിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തും ഈ നാട്ടിലെ ബഹുജന പ്രസ്ഥാനങ്ങളുടെ മുഖ്യധാര കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ ഇവിടെയും, ഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്‍തന്നെയായിരുന്നു. പഴയകാലത്ത്, തൃശ്ശൂര്‍ജില്ലയിലെ പുന്നയൂര്‍ക്കുളം മുതല്‍ ഈ ഗ്രാമമുള്‍പ്പെടെ പൊന്നാനി വരെയുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഏക അവലംബം, അയല്‍പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന, ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ വെളിയംകോട് ഹൈസ്കൂളായിരുന്നു. 1957-ലെ ഭൂപരിഷ്കരണ നിയമത്തോടെയാണ് ഇവിടുത്തെ പാട്ടക്കുടിയാന്മാരും വാരകൃഷിക്കാരും ഭൂമിയ്ക്കു ഉടമകളായത്. അതിനു മുമ്പ് ഈ പ്രദേശത്തെ ഭൂസ്വത്തുക്കള്‍ മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്, രാജകുടുംബങ്ങളും കോവിലകങ്ങളും മറ്റ് ദേവസ്വംമനകളുമായിരുന്നു. ഈ പ്രദേശത്തെ മണ്ണ് വളക്കൂറുള്ളതും ഫലഭൂയിഷ്ഠവുമാണ്. കേരവൃക്ഷങ്ങളുടെ വിളനിലമാണിവിടം.
സാംസ്കാരിക ചരിത്രം
അഷ്ടയില്‍ ക്ഷേത്രം, കോക്കൂരിലെയും പെരുമുക്കിലേയും കക്കിടിക്കലേയും പള്ളികള്‍, കോക്കൂരിലെ പഴയ വിഷ്ണു ക്ഷേത്രം, ആര്യക്കാവ് ഭഗവതി ക്ഷേത്രം, ചങ്ങരംകുളം കുന്നത്ത് ഭഗവതി ക്ഷേത്രം, ചങ്ങരംകുളം ജുമാമസ്ജിദ് എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍. അന്യംനിന്നുപോയ അനുഷ്ഠാന കലകളുടെയും പ്രചുരപ്രചാരം സിദ്ധിച്ച മാപ്പിളകലകളുടെയും കേന്ദ്രമായിരുന്നു ഒരുകാലത്ത് ഈ ഗ്രാമം. ഉത്സവാഘോഷങ്ങളാണ് ഈ ഗ്രാമത്തിലെ ജനതയുടെ ജീവിതത്തിന് സാംസ്കാരികപ്പൊലിമ നല്‍കുന്നത്. കലാ സാംസ്കാരിക സംഘടനകള്‍, വായനശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ജനപിന്തുണ ലഭിക്കുന്ന പ്രദേശമാണിത്. മതപരമായ ആഘോഷങ്ങള്‍ക്കു പോലും അന്യമതസ്ഥരുടെ സജീവ പങ്കാളിത്തമുണ്ടാകാറുണ്ട്. മതാചാരങ്ങളോടുള്ള പരസ്പര ബഹുമാനവും ഇവിടെ നിലനില്‍ക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയോടുകൂടിയാണ് മതേതരമായ ഒരു സാംസ്കാരികബോധം ഇവിടെ ഉയര്‍ന്നുവന്നത്. തുഞ്ചന്‍ കൃതികളും, മോയിന്‍കുട്ടി വൈദ്യരുടെ ഇശലുകളും നിറഞ്ഞു നിന്ന അന്തരീക്ഷത്തിലേക്ക് ഇടശ്ശേരി കവിതകളുടെ വരവ് ഒരു പുത്തന്‍ ആസ്വാദനതലം സൃഷ്ടിച്ചു. കാര്‍ഷിക മേഖലയിലെ ജന്‍മി-കുടിയാന്‍ ബന്ധത്തിന്റെ ജീര്‍ണ്ണത ഇതിന് പശ്ചാത്തലമേകി. ദേശീയ പ്രസ്ഥാനവും പുരോഗമനപ്രസ്ഥാനങ്ങളും ജനങ്ങളില്‍ ഒരു പുത്തന്‍ ഉണര്‍വ് നല്‍കി. കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ നടന്നതുപോലെ ജന്മി-കുടിയാന്‍ ലഹളകള്‍ പ്രത്യക്ഷത്തില്‍ ഇവിടെ നടന്നില്ലെങ്കിലും സ്കൂള്‍ വായനശാലാ വാര്‍ഷികങ്ങളില്‍ അവതരിപ്പിച്ചിരുന്ന നാടകങ്ങളില്‍ പോലും ജന്‍മിത്ത വിരുദ്ധ ആശയങ്ങള്‍ നിറഞ്ഞുനിന്നു. ഇത് ഈ പ്രദേശത്തെ ജനങ്ങളില്‍ സാംസ്കാരികമായൊരു ഉദ്ബുദ്ധത സൃഷ്ടിച്ചു. പരമ്പരാഗതങ്ങളായ പ്രാചീന കലകളുടെ ഉത്സവപ്പറമ്പായിരുന്നു ഈ പ്രദേശം. തിറ, പൂതന്‍, നായാടികളി, കരി നീലിയാട്ടം, പാമ്പുതുള്ളല്‍ എന്നീ സാമുദായിക കലകളും കഴിഞ്ഞകാല സാമൂഹ്യ ജീവിതത്തിന്റെ കണ്ണാടിയായിത്തീര്‍ന്ന പ്രത്യേക നാടന്‍പാട്ടുകളും ഈ പ്രദേശത്ത് പ്രചരിച്ചിരുന്നു.