ആമുഖം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ പെരുമ്പടപ്പ് ബ്ളോക്കിലാണ് ആലംകോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആലംകോട് വില്ലേജുപരിധിയിലുള്‍പ്പെടുന്ന ആലംകോട് ഗ്രാമപഞ്ചായത്തിന് 20.53 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് എടപ്പാള്‍, വട്ടംകുളം, കപ്പൂര്‍ (പാലക്കാട്) പഞ്ചായത്തുകളും, കിഴക്ക് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി, കപ്പൂര്‍ പഞ്ചായത്തുകളും, തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ പഞ്ചായത്തും, തെക്ക് നന്നംമുക്ക് പഞ്ചായത്തും, തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍, കാട്ടകാമ്പാല്‍ പഞ്ചായത്തുകളും, പടിഞ്ഞാറ് നന്നംമുക്ക്, എടപ്പാള്‍ പഞ്ചായത്തുകളുമാണ്. 1963-ലാണ് ഇവിടം കേന്ദ്രീകരിച്ച് പഞ്ചായത്തുബോര്‍ഡ് നിലവില്‍ വരുന്നത്. ജനാബ് എം.എം.കുഞ്ഞാലന്‍ ഹാജിയായിരുന്നു ആദ്യ പ്രസിഡന്റ്. ഭൂപ്രകൃതിപരമായി ഇടനാട് മേഖലയില്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിലെ പ്രധാന കാര്‍ഷികവിളകള്‍ തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് എന്നിവയാണ്. പഞ്ചായത്തിനോടേറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍ കുറ്റിപ്പുറമാണ്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് ഈ പഞ്ചായത്തില്‍ നിന്നും ഏകദേശം തുല്യദൂരമാണെന്നു പറയാം. ചങ്ങരംകുളം അങ്ങാടിയാണ് പഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രം. കുറ്റിപ്പുറം-തൃശ്ശൂര്‍ ഹൈവേ പഞ്ചായത്തിലൂടെ കടന്നുപോകുന്നു.