ചരിത്രം

പ്രാദേശിക ചരിത്രം

കേരളം പഴയ നാട്ടുരാജ്യങ്ങളായിരുന്നകാലത്ത് ഈ ഭൂവിഭാഗം വടക്കുംകൂര്‍ രാജാവിന്റെ ഭരണത്തിലായിരുന്നു. ഇന്നത്തെ കാരിക്കോട് ആയിരുന്നു രാജധാനി. കാരിക്കോട്, ചാലക്കോട്, ഇടവെട്ടി, ആലക്കോട്, ഇളംദേശം, വെള്ളിയാമറ്റം വഴി സഹ്യപര്‍വ്വത ചുരങ്ങളില്‍കൂടി പാണ്ടിനാടുമായി ബന്ധിച്ചിരുന്ന ഒരു പെരുവഴി അന്നുണ്ടായിരുന്നുവെന്നതിന്റെ തെളിവുകള്‍ ഇന്നും കാണാന്‍ കഴിയും. കാരിക്കോടും പാണ്ടിനാടുമായി അന്ന് ഈ പ്രദേശത്തിന് വ്യാപാരബന്ധമുണ്ടായിരുന്നു. കാരിക്കോട് ഇന്നുള്ള മുസ്ലീം കുടുംബക്കാരില്‍ പലരുടേയും പൂര്‍വ്വികര്‍ പാണ്ടി നാട്ടില്‍നിന്നും വന്നവരാണെന്ന് വിശ്വസിക്കപ്പെടുന്നു. അന്നുണ്ടായിരുന്ന പെരുവഴിക്ക് സമാന്തരമായാണ് ഇന്നത്തെ തൊടുപുഴ-വെള്ളിയാമറ്റം റോഡ് ഉണ്ടായിരിക്കുന്നത്. മണ്ണിനടിയില്‍ നിന്നും ലഭിച്ചിട്ടുള്ള മണ്‍ചാറകള്‍, വിളക്കുകള്‍, ആയുധങ്ങള്‍, ചിലമ്പുകള്‍ മുതലായവ ഈ പ്രദേശങ്ങളില്‍ ഒരുകാലത്ത് ഐശ്വര്യപൂര്‍ണ്ണമായ ജനസങ്കേതങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വടക്കുംകൂറിനെ വേണാടിനോട് ചേര്‍ത്തതും, പാണ്ടിക്കാരായ തീവെട്ടിക്കൊള്ളക്കാരുടെ നിരന്തരമായ ശല്യവും കാലാന്തരത്തില്‍ ഈ പ്രദേശം വിജനമായിത്തീരാന്‍ ഇടവരുത്തിയെന്ന് കരുതപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ പ്രദേശങ്ങളില്‍ കുടിയേറ്റം തുടങ്ങി. ഏതാണ്ട് ഈ കാലഘട്ടത്തില്‍ യൂറോപ്യന്‍മാര്‍ വെള്ളിയാമറ്റത്ത് റബ്ബര്‍കൃഷി ആരംഭിച്ചു. അവരാണ് ഇന്നത്തെ തൊടുപുഴ-വെള്ളിയാമറ്റം റോഡ് നിര്‍മ്മിച്ചത്. ആദ്യ കുടിയേറ്റക്കാരില്‍ ചിലര്‍ക്ക് മണ്ണ് ഇളക്കിയപ്പോള്‍ രണ്ട് ചിലമ്പുകള്‍ കിട്ടിയെന്നും ചിലമ്പുകിട്ടിയ സ്ഥലത്തിന് ചിലമ്പ് എന്ന് പേര് ഉണ്ടായെന്നും അത് ലോപിച്ച് ചിലവായെന്നും പറയപ്പെടുന്നു. മുന്‍കാലങ്ങളില്‍ വടക്കുംകൂര്‍ രാജ്യവും പാണ്ടിനാടുകളുമായി ആലക്കോട് പ്രദേശത്തിന് വ്യാപാരബന്ധമുണ്ടായിരുന്നു. സാര്‍ത്ഥവാഹകസംഘങ്ങള്‍ക്ക് മലകയറ്റം തുടങ്ങുന്നതിന് മുമ്പ് വിശ്രമിക്കുവാനുള്ള ആലകള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലമായിരുന്നതിനാല്‍ ആലക്കോട് എന്ന പേര് ലഭിച്ചു എന്നും ആലകള്‍ നിറഞ്ഞ സ്ഥലമെന്നര്‍ത്ഥമാണ്  ആലക്കോട് എന്നും പറയപ്പെടുന്നു. പണ്ട് ഈ പ്രദേശത്ത് അസാധാരണ വണ്ണമുണ്ടായിരുന്ന ഒരു ആഞ്ഞിലിയും അതില്‍ നിറഞ്ഞുകിടന്നിരുന്ന ഇഞ്ചപടര്‍പ്പും ഉണ്ടായിരുന്നു. അങ്ങനെ ആ വൃക്ഷം നിന്ന സ്ഥലത്തിന് ഇഞ്ച എന്നും അത് മാറ്റം സംഭവിച്ച് ഇഞ്ചിയാനിയെന്നും പേരുണ്ടായെന്ന് പറയപ്പെടുന്നു. മരങ്ങാട്ടുപള്ളി, കൂടല്ലൂര്‍, കുറവിലങ്ങാട്, വാഴക്കുളം, പാല, പൈക തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ളവരാണ് ഈ പഞ്ചായത്തിലെ ആദ്യകാലകുടിയേറ്റക്കാര്‍.

കുടിയേറ്റ ചരിത്രം

ഈ പഞ്ചായത്തിലെ ആദ്യകാലകുടിയേറ്റക്കാര്‍ ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാതെ പരസ്പരം സഹായിച്ചുകൊണ്ട് ഈ മണ്ണില്‍ പൊന്നു വിളയിച്ചു. പരസ്പരം തോളുരുമ്മി നിന്നു കൊണ്ട് വികസനത്തിന്റെ നൂതന വഴിത്താരകള്‍ ഈ പഞ്ചായത്തില്‍ അവര്‍ വെട്ടിത്തെളിച്ചു. പഞ്ചായത്തില്‍ ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഇടകലര്‍ന്ന് ഒരുമയോടെ വസിക്കുകയും എല്ലാ മതവിഭാഗങ്ങളുടേയും ആഘോഷങ്ങള്‍ പരസ്പര സഹകരണത്തോടെ കൊണ്ടാടുകയും ആശംസകള്‍ കൈമാറുകയും ചെയ്തുവരുന്നു. ഭൂവുടമ-കര്‍ഷകത്തൊഴിലാളിബന്ധം എക്കാലവും ഇവിടെ സൌഹാര്‍ദ്ദപരമായിരുന്നു. പഞ്ചായത്തു പ്രദേശങ്ങളിലൊരിടത്തും വര്‍ഗ്ഗീയ സംഘട്ടനങ്ങളോ വര്‍ഗ്ഗസംഘട്ടനങ്ങളോ നടന്നതായി കേട്ടുകേള്‍വി പോലുമില്ല.

കാര്‍ഷിക ചരിത്രം

ഈ പഞ്ചായത്ത് പ്രദേശം പൊതുവെ കിഴക്കു നിന്നും പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്നു. ആദ്യകാലത്തെ പ്രധാനകൃഷി തെങ്ങ്, കമുക്, കപ്പ, വാഴ തുടങ്ങിയവയായിരുന്നു. എന്നാല്‍ ഇന്നത്തെ പ്രധാന കൃഷി റബ്ബറാണ്. മൂന്ന് പ്രാവശ്യം കൃഷി ചെയ്യാവുന്ന വയലുകള്‍ ഈ പഞ്ചായത്തിലില്ല. ഇരുപ്പുനിലങ്ങള്‍ ഒരുപ്പുനിലങ്ങളായി കൊണ്ടിരിക്കുന്നു. ഒരുപ്പുനിലങ്ങള്‍ റബ്ബര്‍കൃഷിക്കും മറ്റു നാണ്യവിളകൃഷികള്‍ക്കുമായി ഉപയോഗിക്കുന്നു. നിലം ഉഴുന്നതിന് കാളകളേയും, നടന്‍ കലപ്പയേയും ആശ്രയിച്ചിരുന്നു. നാടന്‍ വിത്തിനങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചിരുന്നത്. കീടനിയന്ത്രണത്തിന് നാടന്‍ വിദ്യകളായിരുന്നു പ്രയോഗിച്ചിരുന്നത്. ചാണകം, ചാരം, പച്ചില തുടങ്ങിയ ജൈവ വളങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചിരുന്നത്. റബ്ബര്‍ കൃഷി തുടങ്ങിയതോടെ പ്രധാന വിളയുടെ സ്ഥാനം റബ്ബര്‍ ഏറ്റെടുത്തു.

സാംസ്കാരിക ചരിത്രം

പഞ്ചായത്തില്‍ 1900-ത്തോടെ കുടിയേറ്റം നടന്നുവെങ്കിലും 1926-വരെ നാട്ടാശാന്‍മാരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടങ്ങളായിരുന്നു അക്ഷരാഭ്യാസത്തിനാശ്രയം. കലയന്താനിപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച ഇന്‍ഫന്റ് ജീസസ് എല്‍.പി.സ്കൂള്‍ ആണ് ഈ പഞ്ചായത്തില്‍ ആദ്യം സ്ഥാപിതമായ ഔപചാരിക വിദ്യാലയം. 1926-ജൂണ്‍ 1-ാം തിയതി ഈ സ്കൂള്‍ നിലവില്‍ വന്നു. ചിലവ് സെന്റ് അഗസ്റ്റിന്‍സ് എല്‍.പി.സ്കൂള്‍ 1929-ല്‍ ആരംഭിച്ചു. തലയനാട് പളളി പ്രവര്‍ത്തിച്ചിരുന്ന ഷെഡില്‍ 1949 കാലഘട്ടത്തില്‍ ഒരു ആശാന്‍ കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നു. പഞ്ചായത്തിലെ ഏക ഗവ.സ്കൂള്‍ 1951-ല്‍ ഇഞ്ചിയാനിയില്‍ ഉണ്ടായ ഗവ.എല്‍.പി.എസ് ആണ്.  അതിനുമുമ്പ് 20 വര്‍ഷത്തോളം ഇഞ്ചിയാനിയില്‍ കുടിപ്പള്ളിക്കൂടം നിലവിലിരുന്നു. പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ കലയന്താനി സെന്റ് ജോര്‍ജ് സ്കൂളാണ്. പഞ്ചായത്തിനു പൊതുവായി ഒരു സാംസ്കാരിക നിലയം ഇഞ്ചിയാനിയില്‍ പ്രവര്‍ത്തിക്കുന്നു. വാര്‍ഡുകളില്‍ കലാ-സാംസ്കാരിക സംഘടനകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. പ്രാചീന കലാരൂപങ്ങളായ പരിചമുട്ടുകളി, കോല്‍കളി, വില്ലടിച്ചാന്‍പാട്ട് എന്നിവ അറിയാവുന്നവരും അവതരിപ്പിക്കുന്നവരും ഈ പഞ്ചായത്തിലുണ്ട്.