പഞ്ചായത്തിലൂടെ

ആലക്കോട് - 2010

1953 ജൂണ്‍ മാസത്തിലാണ് ആലക്കോട് പഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 22.54 ചതുരശ്ര കിലോമീറ്റര്‍ ആണ്. ആലക്കോട് പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ പഞ്ചായത്തുകള്‍, തെക്ക് കുടയത്തൂര്‍, മുട്ടം പഞ്ചായത്തുകള്‍, കിഴക്ക് വെള്ളിയാമറ്റം, കുടയത്തൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് ഇടവെട്ടി പഞ്ചായത്ത് എന്നിവയാണ്. ഈ പഞ്ചായത്തിന്റെ ജനസംഖ്യ 8855 ആണ്. അതില്‍ 4431 പേര്‍ പുരുഷന്മാരും 4424 പേര്‍ സ്ത്രീകളുമാണ്. ഈ പഞ്ചായത്തിന്റെ സാക്ഷരത നിരക്ക് 93 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിലാണ് ആലക്കോട് പഞ്ചായത്ത് വരുന്നത്. തെങ്ങ്, കശുമാവ്, കുരുമുളക്, കവുങ്ങ്, കൊക്കോ, മാവ്, പച്ചക്കറി, നെല്ല് എന്നിവ ഈ പഞ്ചായത്തിലെ പ്രധാന കൃഷിവിളകളാണ്. ആലക്കോട് പഞ്ചായത്തില്‍ 12 കുളങ്ങള്‍ സ്ഥിതി ചെയ്യുന്നു. പഞ്ചായത്ത് നിര്‍മ്മിത 40 പൊതുകുളങ്ങളും 36 പൊതുകുടിവെള്ള ടാപ്പുകളും ഈ പഞ്ചായത്തിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. ഈ പഞ്ചായത്ത് പ്രദേശം പൊതുവേ കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചെരിഞ്ഞു കിടക്കുന്നു. കുന്നിന്‍മണ്ട, കുത്തനെയുള്ള ചെരിവ്, ചെറിയ ചെരിവ്, സമതലം, താഴ്വര, പാറപ്രദേശം എന്നീ ആറുവിഭാഗങ്ങളായി ഭൂപ്രകൃതിയെ തരം തിരിക്കാം. നിരവധി കുന്നുകള്‍ കൊണ്ട് പ്രകൃതിരമണീയമാണ് ആലക്കോട് പഞ്ചായത്ത്. കൊക്കലം കുന്ന്, വട്ടോലിമല, പറമ്പുകാട്ടുമല, നെല്ലിക്കാനംകുന്ന്, തനിമല, തേവരുപാറ, മലങ്കരഭാഗം, പള്ളിക്കുന്ന്, നത്തുമല, ഒന്നാരമല എന്നിവ ഈ പഞ്ചായത്തിലെ പ്രധാനപ്പെട്ട കുന്നുകളാണ്. 78 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. വിദേശയാത്രയ്ക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. ആലുവ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്, മങ്ങാട്ടുകവല പ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലങ്ങള്‍. വെള്ളിയാമറ്റം-തൊടുപുഴ, ആനക്കയം-ഇഞ്ചിയാനി-തൊടുപുഴ, ആനക്കയം-അഞ്ചിരി-തൊടുപുഴ തുടങ്ങിയവ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡുകളില്‍ ചിലതു മാത്രമാണ്. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍. ആനക്കയം, കോളപ്ര, പരപ്പിന്‍കര, കുടയത്തൂര്‍ തുടങ്ങിയവ ഈ പഞ്ചായത്തിലെ പ്രധാന പാലങ്ങളാണ്. 5 റേഷന്‍ കടകളും ഒരു മാവേലി സ്റ്റോറും ഈ പഞ്ചായത്തിലെ പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ് ആലക്കോട്, ചിലവ്, ആനക്കയം, തലയനാട്, ഇഞ്ചിയാനി, പാലപ്പള്ളി, അഞ്ചിരി എന്നീ സ്ഥലങ്ങള്‍. ആലക്കോട്, കലയന്താനി, പാലപ്പള്ളി എന്നിവിടങ്ങളില്‍ പഞ്ചായത്തുവക മൂന്ന് ഷോപ്പിംഗ് കോംപ്ലക്സുകളും കലയന്താനി, ആലക്കോട് എന്നിവിടങ്ങളിലായി രണ്ട് മാര്‍ക്കറ്റുകളും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ ഈ പഞ്ചായത്തിലെ ചന്ത കലയന്താനിയില്‍ സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിലെ പ്രധാന  മതവിഭാഗങ്ങള്‍ ക്രിസ്ത്യന്‍, മുസ്ലീം, ഹിന്ദു തുടങ്ങിയ മതവിഭാഗങ്ങളാണ്. ക്രിസ്ത്യന്‍, മുസ്ലീം ദേവാലയങ്ങളിലെ പെരുന്നാളുകളും അമ്പലങ്ങളിലെ ഉല്‍സവങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും സഹായസഹകരണങ്ങളോടെ സമുചിതമായി കൊണ്ടാടുന്നു. ഈ പഞ്ചായത്തില്‍ കലാ-സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. അഞ്ചിരി കൈലാസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, ആനക്കയം കൈരളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, ചിലവിലെ നോവ തുടങ്ങിയവ ഈ പഞ്ചായത്തിലെ കലാ-കായിക സാംസ്കാരിക സ്ഥാപനങ്ങളാണ്. ആരോഗ്യ പരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ആലക്കോടുള്ള നാഗാര്‍ജുന ആയുര്‍വേദ ആശുപത്രി, ഗവ.ഹോമിയോ ആശുപത്രി എന്നിവ ഇവിടത്തെ പ്രധാന ആരോഗ്യകേന്ദ്രങ്ങളാണ്. ആലക്കോടുള്ള പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആണ് ഈ പഞ്ചായത്തിലെ പ്രാഥമിക ചികില്‍സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രം. കൂടാതെ ചിലവ്, അഞ്ചിരി എന്നിവിടങ്ങളില്‍ ഇതിന്റെ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ഒരു വെറ്റിനറി  ആശുപത്രിയും, അതിന്റെ ഉപകേന്ദ്രവും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ നാട്ടാശാന്‍മാരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടങ്ങളിലൂടെയാണ് വിദ്യാഭ്യാസം വെള്ളി വെളിച്ചം വീശി തുടങ്ങിയത്. ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇന്ന് പഞ്ചായത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഇഞ്ചിയാനിയില്‍ ഒരു ഗവ.എല്‍.പി.സ്കൂളും സ്വകാര്യമേഖലയില്‍ 3 എല്‍.പി സ്കൂളും, ഒരു യു.പി സ്കൂളും, ഒരു ഹൈസ്കൂളും പ്രവര്‍ത്തിക്കുന്നു. സാമൂഹ്യസ്ഥാപനങ്ങളായ നാല് അഗതി മന്ദിരങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആലക്കോട് പഞ്ചായത്തില്‍ നിരവധി ബാങ്കിംഗ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശസാല്‍കൃത ബാങ്കായ  യൂണിയന്‍ ബാങ്ക്, സഹകരണ ബാങ്കായ ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് തുടങ്ങി 4 സഹകരണ ബാങ്കുകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. വായനയുടെ വിശാലമായ ലോകം തുറന്നുകൊടുത്തു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകളും വായനശാലകളും ഈ പഞ്ചായത്തിലുണ്ട്. ഗ്രന്ഥശാലകളായ ചിലവിലുളള നോവ ഗ്രന്ഥശാല, ആലക്കോട് സൌഹൃദയ ഗ്രന്ഥശാല, വായനശാലയായ ചിലവിലെ മോഹന ലൈബ്രറി എന്നിവ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ പഞ്ചായത്തിലെ പൊതുപരിപാടികളും വിവാഹവും മറ്റും നടത്തുന്നതിനായി  ആലക്കോടില്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളും, തലയനാട് ലൂര്‍ദ്ദ് മാതാ കമ്മ്യൂണിറ്റി ഹാളും, സെന്റ് ജോര്‍ജ് ആഡിറ്റോറിയവും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ആലക്കോടില്‍ ഒരു മത്സ്യഭവനും കൃഷിഭവനും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഈ പഞ്ചായത്തില്‍ 4 തപാല്‍ ഓഫീസുകളും കലയന്താനിയില്‍ ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും പ്രവര്‍ത്തിച്ചുവരുന്നു. ഒരു അക്ഷയ കേന്ദ്രവും 80 കുടുംബശ്രീ യൂണിറ്റും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.