ആലക്കോട്

tea_graden_idukkiഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍, ആലക്കോട്, കരിമണ്ണൂര്‍ എന്നീ റവന്യൂ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ആലക്കോട് ഗ്രാമപഞ്ചായത്ത്. 22.54 ചതുരശ്രകിലോമീറ്റര്‍  വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ പഞ്ചായത്തുകള്‍, തെക്ക് കുടയത്തൂര്‍, മുട്ടം പഞ്ചായത്തുകള്‍, കിഴക്ക് വെള്ളിയാമറ്റം, കുടയത്തൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് ഇടവെട്ടി പഞ്ചായത്ത് എന്നിവയാണ്. ആലക്കോട് പഞ്ചായത്ത് കുന്നുകളും മലകളും സമതലങ്ങളും പാറക്കെട്ടുകളും നിറഞ്ഞ ഭൂപ്രദേശമാണ്. ആലക്കോട് പഞ്ചായത്ത് രൂപീകരണത്തിനുമുമ്പ് വില്ലേജ് യൂണിയന്‍ എന്നപേരില്‍ അധികാരമില്ലാത്ത നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുള്ള ഒരു ഭരണസംവിധാനം ഇവിടെ നിലനിന്നിരുന്നു. 1953-ല്‍ ആണ് ആലക്കോട് പഞ്ചായത്ത് രൂപീകൃതമായത്. അന്നത്തെ പഞ്ചായത്തിന്റെ അതിര്‍ത്തി കിഴക്ക് അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളും, തെക്ക് മുട്ടം പഞ്ചായത്തും, പടിഞ്ഞാറ് തൊടപുഴ പഞ്ചായത്തും, വടക്ക് കരിമണ്ണൂര്‍ പഞ്ചായത്തുമായിരുന്നു. 1953 ജൂണ്‍ മാസത്തില്‍ വി.എ.മുഹമ്മദ് കണ്ണു റാവുത്തര്‍ വാണിയപുരയ്ക്കല്‍ പ്രസിഡന്റും, ഐപ്പ് ജേക്കബ് പള്ളിക്കാമാലില്‍ വൈസ് പ്രസിഡന്റുമായ പഞ്ചായത്തിന്റെ പ്രഥമഭരണസമിതി നിലവില്‍ വന്നു. പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്നതോടെ നിലവില്‍ ഉണ്ടായിരുന്ന വില്ലേജ് യൂണിയന്‍ പഞ്ചായത്തില്‍ ലയിച്ചു. 1962-ല്‍ ആലക്കോട് പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന ആലക്കോട് വില്ലേജിന്റെ ഇളംദേശം വെട്ടിമറ്റം കരകള്‍, പുതുതായി രൂപീകരിക്കപ്പെട്ട വെള്ളിയാമറ്റം പഞ്ചായത്തിനോടു ചേര്‍ക്കപ്പെട്ടതിനാല്‍ പഞ്ചായത്തിന്റെ വിസ്തൃതിയില്‍ കുറവുവന്നു. 1968 ജൂലൈയില്‍ പുതിയ കാരിക്കോട് പഞ്ചായത്ത് രൂപീകൃതമായതോടെ ആലക്കോട് പഞ്ചായത്തിന്റെ ഭാഗങ്ങളായിരുന്ന കാരിക്കോട് വില്ലേജിന്റെ ഭാഗങ്ങള്‍ കാരിക്കോട് പഞ്ചായത്തില്‍ ചേര്‍ക്കപ്പെട്ടു.