പഞ്ചായത്തിലൂടെ

ആലക്കോട്  - 2018

cover-copy

1968 ലാണ് കണ്ണൂര്‍ ജില്ലയില്‍ ആലക്കോട് ഗ്രാമപഞ്ചായത്ത് നിലവില്‍ വരുന്നത്. 70.77 ച.കി.മീ.വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് പെരിങ്ങോം വയക്കര പഞ്ചായത്തും കിഴക്കുഭാഗത്ത് ഉദയഗിരി പഞ്ചായത്തും തെക്കുഭാഗത്ത് നടുവില്‍, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് എരമംകൂറ്റൂര്‍, പെരിങ്ങോം വയക്കര എന്നീ പഞ്ചായത്തുകളുമാണ്. 94 ശതമാനം സാക്ഷരത കൈവരിച്ചിട്ടുള്ള ഈ പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 17983 സ്ത്രീകളും, 18225 പുരുഷന്‍മാരും ഉള്‍പ്പെടെ 36208 ആണ്.  കാപ്പിമല, മൂന്നാംകുന്ന്, കാവുംകുടി, മൂലോത്തുംകുന്ന്, തുടങ്ങി കുന്നുകളും മലകളും നിറഞ്ഞ ആലക്കോട് പഞ്ചായത്ത് ഭൂപ്രകൃതി അനുസരിച്ച് മലനാടിലാണ് ഉള്‍പ്പെടുന്നത്. കൃഷി ഒരു പ്രധാന വരുമാനമാര്‍ഗ്ഗമായ ഈ പഞ്ചായത്ത് കേരളത്തെ 13 കാര്‍ഷികമേഖലയായി തിരിച്ചിട്ടുള്ളതില്‍ ഏഴാം വിഭാഗത്തില്‍ പ്പെടുന്ന ‘ഹൈലാന്റ്’ മേഖലയില്‍ ഉള്‍പ്പെടുന്നു. റബ്ബര്‍, തെങ്ങ്, വാഴ, കമുക്, വാനില, കശുമാവ്, മഞ്ഞള്‍, കുരുമുളക്, ഇഞ്ചി എന്നിവയാണ് ഇവിടെ പ്രധാനമായും കൃഷിചെയ്യുന്നത്. ആലക്കോട്പുഴ, കരുവഞ്ചാല്‍പുഴ, രയറോംപുഴ തുടങ്ങിയവ ഇവിടുത്തെ പ്രകൃതിദത്ത ജലസ്രോതസുകളാണ്. ഇരുപത്തിയഞ്ചാളം കുളങ്ങളും ജലസ്രോതസായി ഉപയോഗിക്കുന്നുണ്ട്. പഞ്ചായത്തില്‍  കുടിവെള്ളസ്രോതസുകളായി 20 പൊതുകിണറുകളും, ഇരുപതോളം പൊതുകുടിവെള്ളടാപ്പുകളുമുണ്ട്.  പഞ്ചായത്തിനെ രാത്രിയും സഞ്ചാരയോഗ്യമാക്കാന്‍ നൂറ്റിഅന്‍പതിലധികം തെരുവിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.  തളിപ്പറമ്പ് - കൂര്‍ഗ് ബോര്‍ഡര്‍ റോഡ്, ആലക്കോട് - കാപ്പില റോഡ്, അരങ്ങം -തേര്‍ത്തല്ലി റോഡ് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പ്രധാന റോഡുകള്‍. ആലക്കോട്, രെയറോം, കുറ്റിപ്പുഴ, കറുവന്‍ചാല്‍ പാലങ്ങളും പഞ്ചായത്തിലെ ഗതാഗത വികസനത്തിന് തെളിവായ് പറയാം. തളിപ്പറമ്പ് ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് പഞ്ചായത്തിന്റെ ഗതാഗതം പ്രധാനമായും നടക്കുന്നത്.  കണ്ണുര്‍ റെയില്‍വേ സ്റ്റേഷനാണ് റെയില്‍വേ യാത്രയ്ക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത്. പഞ്ചായത്തിന് അടുത്തുളള വിമാനത്താവളം കോഴിക്കോടും, തുറമുഖം കൊച്ചിയുമാണ്. ഒരു മലയോരപ്രദേശമായതുകൊണ്ടുതന്നെ പറയത്തക്ക വന്‍കിടവ്യവസായങ്ങള്‍ ഒന്നും തന്നെ പഞ്ചായത്തിലില്ല. ഹോളോബ്രിക്സ്, കയര്‍ വ്യവസായം, കട്ടള ഇന്‍ഡസ്ട്രി, ഓയില്‍മില്‍ തുടങ്ങി ഇടത്തരം, ചെറുകിടവ്യവസായങ്ങള്‍ പഞ്ചായത്തിന്റെ വ്യവസായ മേഖലയെ സംപുഷ്ടമാക്കുന്നുണ്ട്.  ഭാരത് പെട്രോളിയത്തിന്റെ ഒരു ബങ്ക് ആലക്കോട് പ്രവര്‍ത്തിക്കുന്നുണ്ട്. ആലക്കോട് തേര്‍ത്തല്ലി, നെല്ലിപ്പാറ എന്നിവിടങ്ങളിലായി മൂന്ന് ഗ്യാസ് ഏജന്‍സികളും പഞ്ചായത്തിലുണ്ട്.  പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 20 റേഷന്‍ കടകളും, ഒരു മാവേലിസ്റ്റോറും ഒരു നീതി സ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്.  ആലക്കോടും, ഇവിടുത്തെ മാര്‍ക്കറ്റും പ്രധാനവ്യാപാരകേന്ദ്രങ്ങള്‍ കൂടിയാണ്. രണ്ട് ഷോപ്പിംഗ് കോംപ്ളക്സുകളും പഞ്ചായത്തിലുണ്ട്.  ഹിന്ദുമുസ്ളിം ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പഞ്ചായത്തിലുണ്ട്. അരങ്ങം അമ്പലം, തിമിരി അമ്പലം,ചിറ്റടി അമ്പലം,  ആലക്കോട് ചര്‍ച്ച് കാപ്പിമല ചര്‍ച്ച്, കോട്ടക്കടവ് മുസ്ളിംപള്ളി, ആലക്കോട് മുസ്ളിംപള്ളി തുടങ്ങി ഇവരുടെ പതിനാറോളം ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ഈ ആരാധനാലയങ്ങളിലെ ഉത്സവം, തിരുനാള്‍, പെരുന്നാള്‍ തുടങ്ങി എല്ലാവിധ ആഘോഷങ്ങളും ജാതിമതഭേദമന്യേ ജനങ്ങളുടെ ഒത്തൊരുമിക്കലിന് വേദിയാകുന്നു. സ്കൂളുകള്‍, ക്ഷേത്രനവീകരണം, വായനശാലകള്‍, ഗ്രന്ഥശാലകള്‍ എന്നിവ സ്ഥാപിക്കല്‍ തുടങ്ങി ആലക്കോടിന്റെ വികസനത്തിനും, സാംസ്ക്കാരിക പുരോഗതിക്കും വേണ്ടി  പ്രവര്‍ത്തിച്ചിട്ടുള്ള ആലക്കോട് തമ്പുരാന്‍ എന്നറിയപ്പെടുന്ന പി. ആര്‍. രാമവര്‍മ്മ രാജ ആലക്കോടിന്റെ ചരിത്രത്തിലെ സുപ്രധാനമായ പേരാണ്. 1982 ല്‍ നടന്ന ഏഷ്യാഡില്‍ വിവിധയിനങ്ങളില്‍ സ്വര്‍ണ്ണം നേടിയ എം. ഡി. വല്‍സമ്മ ആലക്കോടിന്റെ അഭിമാനമാണ്. സപ്തസ്വര സ്കൂള്‍ ഓഫ് മ്യൂസിക്, ഉപാസന തിയറ്റേഴ്സ്, ഷാരോണ്‍ ചിത്രകലാവിദ്യാലയം, രാമവര്‍മ്മരാജ സാംസ്കാരികനിലയം, ആലക്കോട് വായനശാല തുടങ്ങിയവ പഞ്ചായത്തിന്റെ കലാസാസ്കാരിക പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. തേര്‍ത്തല്ലിയിലുള്ള പ്രാഥമികാരോഗ്യകേന്ദ്രം, മണക്കടവ് പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം, നെല്ലിപ്പാറ ഗവണ്‍മെന്റ് ആയുര്‍വേദാശുപത്രി, അരങ്ങം ഹോമിയോ ഡിസ്പെന്‍സറി എന്നിവയാണ് പഞ്ചാത്തിന്റ ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍. കരുവന്‍ചാലിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിന്റെ ആംബുലന്‍സ് സേവനവും  പഞ്ചായത്തില്‍ ലഭിക്കുന്നുണ്ട്. മൃഗചികിത്സയ്ക്കായി കരുവന്‍ചാല്‍, ആലക്കോട് എന്നിവിടങ്ങളില്‍ മൃഗാശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ സര്‍ക്കാരേതര മേഖലകളിലായി  10 സ്കൂളുകളും, മേരിമാത, സെന്റ്ജോസഫ് എന്നീ രണ്ട്കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ‘തപോവനം’ എന്ന പേരില്‍ ഒരു സാമൂഹ്യസ്ഥാപനവും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റേറ്റ്ബാങ്ക്, സിന്‍ഡിക്കേറ്റ്ബാങ്ക,് അര്‍ബന്‍ബാങ്ക്, കാര്‍ഷികവികസന ബാങ്ക്,  എന്‍. എം. ജി. ബാങ്ക് തുടങ്ങിയവയുടെ ശാഖകള്‍ പഞ്ചായത്തിലുണ്ട്. തേര്‍ത്തല്ലി സഹകരണബാങ്കാണ് ഇവിടുത്തെ പ്രധാനസഹകരണബാങ്കിംഗ് സ്ഥാപനം. പഞ്ചായത്തില്‍ കല്യാണം, പൊതുചടങ്ങുകള്‍ അതുപോലുള്ള മറ്റാവശ്യങ്ങള്‍ എന്നിവയ്ക്കായി ആലക്കോട്, നെല്ലിപ്പാറ, കാവുംകുടി, മൂന്നാംകുന്ന്, നെല്ലികുന്ന്, കൂടപ്രം, തേര്‍ത്തല്ലി എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റിഹാളുകളും, രണ്ട് കല്യാണമണ്ഡപങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. കൃഷിഭവന്‍, വാട്ടര്‍ അതോറിറ്റി ഓഫീസ്, പോലീസ് സ്റ്റേഷന്‍ ഇവ ആലക്കോടാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളാട്, തിമിരി, ആലക്കോട് വില്ലേജ് ഓഫീസുകള്‍ ആലക്കോട് തന്നെയാണുള്ളത്. അരങ്ങം, കരുവന്‍ചാല്‍, തേര്‍ത്തല്ലി എന്നിവിടങ്ങളില്‍ ടെലഫോണ്‍ എക്സ്ചേഞ്ചുകളുമുണ്ട്. 5 തപാലാഫീസുകളും പഞ്ചായത്തിലുണ്ട്.