ചരിത്രം

സാമൂഹ്യചരിത്രം

ആലക്കോട്  പഞ്ചായത്തിലെ പലഭാഗത്തും വളരെക്കാലം മുമ്പുതന്ന ജനവാസം ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. അരങ്ങം ക്ഷേത്രപരിസരത്ത് കണ്ടെത്തിയ ഗുഹകള്‍, നെല്ലികുന്നിലുള്ള ക്ഷേത്രാവശിഷ്ടങ്ങള്‍, വൈതല്‍മലയുടെ മുകള്‍ത്തട്ടില്‍ കാണുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം ഇതിന് സാക്ഷ്യങ്ങളാണ്. വൈതല്‍കോന്‍ എന്നാരു രാജാവ് ഈ പ്രദേശം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നതായി പറയപ്പെടുന്നു. പഴയ ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായ ചിറയ്ക്കല്‍ താലൂക്കില്‍ പെട്ടിരുന്ന ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ ദേവസ്വം വകയോ ജന്‍മിമാരുടെ വകയോ ആയിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഇവിടുത്തെ മലയോരങ്ങളില്‍ പുനംകൃഷി നടന്നിരുന്നതായി തെളിവുണ്ട്. രയറോത്ത് മുസ്ളീം ജനവിഭാഗം മറ്റു സ്ഥലങ്ങളില്‍ നിന്നും ഇവിടെ കുടിയേറിയിട്ട് ഒന്നര നൂറ്റാണ്ടോളമായിയെന്നു പറയപ്പെടുന്നു. ഇപ്പോള്‍ രയറോത്തുള്ള ജുമാ അത്ത് പള്ളിക്ക് തൊണ്ണൂറോളം വര്‍ഷത്തെ പഴക്കമുണ്ട്്. തിമിരിയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ തന്ന ജനവാസം ആരംഭിച്ചിരുന്നതായി ഊഹിക്കാം. അവിടെ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രം തന്നയാണ് അക്കാര്യത്തിനുള്ള തെളിവ്. ആലക്കോട് ഗ്രാമപഞ്ചായത്ത് ഒരു കുടിയേറ്റ മേഖലയാണ്. ദക്ഷിണ കേരളത്തില്‍ നിന്നും വന്ന കുടിയേറ്റക്കാര്‍ നിര്‍മ്മിച്ച ഒരു ജനപദമായിട്ടാണ് ഈ പ്രദേശം ഇന്നറിയപ്പെടുന്നത്. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ ഗതാഗതസൌകര്യം വളരെ കുറവായിരുന്നു. വഴി വെട്ടിയുണ്ടാക്കുന്നതിലും പൊതുസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും, അന്ന് കുടിയേറ്റക്കാരും നാട്ടുകാരും ഉത്സാഹത്തോടെ സംഘടിതമായി പ്രവര്‍ത്തിച്ചിരുന്നു. കുടിയേറ്റ കര്‍ഷകര്‍ ഈ മണ്ണിലുണ്ടാക്കിയ കാര്‍ഷിക പുരോഗതി അഭിമാനപൂര്‍വ്വം സ്മരിക്കേണ്ടതാണ്. ആലക്കോട് പ്രദേശത്തെ ഏക്കര്‍കണക്കിനു ഭൂമി വാങ്ങിച്ചുകൂട്ടിയ ഭൂവുടമയായിരുന്നു പി.ആര്‍.രാമവര്‍മ്മ രാജ. 1955 ആയപ്പോഴേക്കും കൃഷിഭൂമി അന്വേഷിച്ച് ദക്ഷിണ കേരളത്തില്‍നിന്ന് ആളുകള്‍ വന്നു തുടങ്ങി. അവര്‍ക്കു വേണ്ട ജീവിതസൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇന്നാട്ടുകാര്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. രാമവര്‍മ്മരാജ സ്വന്തം ചെലവില്‍ തളിപ്പറമ്പു മുതല്‍ മണക്കടവു വരെ ഒരു റോഡുണ്ടാക്കി. ആദ്യകാലത്ത് തടി ഇറക്കികൊണ്ടുപോകുന്നതിനുള്ള കൂപ്പുറോഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് തളിപ്പറമ്പ്-കൂര്‍ഗ്ഗ് ബോര്‍ഡര്‍ റോഡായി വികസിപ്പിച്ചു. 1960 ആയപ്പോള്‍ ഈ റോഡില്‍ സര്‍ക്കാര്‍ അനുവദിച്ച മൂന്നു പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയ്ക്കു തന്ന രാജ ഏറ്റെടുത്ത് പണിതീര്‍ത്തു. 1946-ല്‍ തിമിരിയില്‍ കുമിഴി ചാത്തുക്കുട്ടി നമ്പ്യാരുടെ വീട്ടില്‍ ഒരു വിദ്യാലയം ആരംഭിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ നാലുക്ളാസ്സുകളുള്ള ഒരു സ്കൂളായി അത് ഉയര്‍ന്നു. ഡിപ്പാര്‍ട്ടുമെന്റിനു നഷ്ടം സംഭവിക്കുന്ന പക്ഷം അതു നികത്തികൊടുക്കാമെന്ന വ്യവസ്ഥയിലാണ് കുടിയേറ്റത്തിന്റെ ആദ്യകാലത്ത് തന്ന പി.ആര്‍.രാമവര്‍മ്മരാജ ഇവിടെ ഒരു പോസ്റ്റ് ഓഫീസ് അനുവദിപ്പിച്ചത്. ഒരു പ്രദേശത്തിന്റെ മൊത്തമായി മിനിമം ഗ്യാരണ്ടി വച്ചുകൊണ്ട്, അക്കാലത്തുതന്ന അദ്ദേഹം ഇലക്ട്രിസിറ്റിയും ഇവിടെ എത്തിച്ചു. ആലക്കോട് മാത്രമായി ഒതുങ്ങി നിന്ന ഒരു മിനി ജലവിതരണ പദ്ധതിയും അദ്ദേഹം സ്വന്തം നിലയില്‍ നടപ്പാക്കിയിട്ടുണ്ട്. 1951-ല്‍ തിമിരി ദേവസ്വം മാനേജരായിരുന്ന കുമിഴി ചാത്തുക്കുട്ടിനമ്പ്യാരുടെ നേതൃത്വത്തില്‍ പുരാതനമായ തിമിരി ക്ഷേത്രം പുതുക്കിപ്പണിയുകയും പുന:പ്രതിഷ്ഠ നടത്തുകയും ചെയ്തു. 10 വര്‍ഷത്തിനു ശേഷം, 1961-ല്‍ കാടായിക്കിടന്നിരുന്ന അരങ്ങം പ്രദേശത്ത് കണ്ടെത്തിയ പുരാതന ക്ഷേത്രത്തിന്റെ നവീകരണവും പുനര്‍ പ്രതിഷ്ഠാ കലശവും നടന്നു. പി.ആര്‍.രാമവര്‍മ്മരാജ തന്നയാണ് ക്ഷേത്രനവീകരണവും നടത്തിയത്. ആലക്കോട് ഒരു വായനശാലയും ഗ്രന്ഥശാലയും സ്ഥാപിക്കുന്നതില്‍ മുന്‍കൈയ്യെടുത്തതും പി.ആര്‍.രാമവര്‍മ്മരാജയാണ്. 1954-ല്‍ സ്ഥാപിച്ച ആലക്കോട് സെന്റ് മേരീസ് ചര്‍ച്ചാണ് ഈ പ്രദേശത്തെ ആദ്യത്തെ ക്രിസ്തീയദേവാലയം. 1960-നു മുമ്പു തന്ന അദ്ദേഹം പ്രസിഡന്റും എ.സി.ചാക്കോ സെക്രട്ടറിയുമായി രൂപീകരിച്ച ആലക്കോട് ഡവലപ്മെന്റ് കമ്മറ്റി മുന്‍കൈയ്യെടുത്ത് ആരംഭിച്ച ഐക്യനാണയ സംഘമാണ് ഇന്നത്തെ ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്കായി വികസിച്ചത്. പഞ്ചായത്തിലെ ഇപ്പോഴത്തെ മുഖ്യവിള റബ്ബറാണ്. തെങ്ങും കവുങ്ങുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 

സാംസ്കാരിക ചരിത്രം

കുടിയേറ്റത്തിന്റെ തുടക്കത്തിലും തുടര്‍ന്നുള്ള കാലഘട്ടത്തിലും ആലക്കോട് പഞ്ചായത്തില്‍ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. സജീവമായി പ്രവര്‍ത്തിച്ചിരുന്ന ധാരാളം കലാസമിതികള്‍ പഞ്ചായത്തില്‍ അന്നുണ്ടായിരുന്നു. അരങ്ങം ക്ഷേത്രത്തിലെ ഉത്സവവും പള്ളികളിലെ പെരുന്നാളുകളും കലാസാംസ്കാരിക രംഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ഘടകങ്ങളായിരുന്നു. ആലക്കോട് കേന്ദ്രമായി അഖില കേരള നാടകമത്സരവും, അഖില കേരളാ വോളിബോള്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 1969-ല്‍ രൂപം കൊണ്ട പബ്ളിക്ക് ലൈബ്രറി സാഹിത്യകുതുകികള്‍ക്ക് ഒരാവേശമായിരുന്നു. പഞ്ചായത്തില്‍ താമസിച്ചുവരുന്ന നാനാജാതിമതസ്ഥര്‍ പരസ്പരസൌഹാര്‍ദ്ദത്തില്‍ കഴിഞ്ഞുവരുന്നു. ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ഹൈന്ദവാരാധനാലയങ്ങള്‍ ആലക്കോട് അരങ്ങം മഹാദേവക്ഷേത്രവും, തിമിരി മഹാദേവ ക്ഷേത്രവുമാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആലക്കോട് സെന്റ് മേരീസ് ഫെറോന ചര്‍ച്ചും, മേരിഗിരി ലിറ്റില്‍ ഫ്ളവര്‍ ഫെറോന ചര്‍ച്ചുമാണ് പ്രധാന്യമര്‍ഹിക്കുന്നത്. മറ്റ് ധാരാളം ഇടവക പള്ളികളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ കൂട്ടത്തിലുണ്ട്. ഉയറോം, കുട്ടാപ്പറമ്പ, ആലക്കോട്, നല്ലിക്കുന്ന് എന്നിവിടങ്ങളിലാണ് ഇസ്ളാം മതവിഭാഗത്തിന്റെ ആരാധനാലയങ്ങള്‍. പഞ്ചായത്തിലെ ഏറ്റവും വലിയ ആഘോഷം അരങ്ങം മഹാദേവക്ഷേത്രത്തില്‍ 8 ദിവസമായി നടക്കുന്ന ഉത്സവാഘോഷങ്ങളാണ്. തിരുവിതാംകൂര്‍ ശൈലിയില്‍ ഉത്സവം നടക്കുന്ന മലബാറിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും അരങ്ങത്തിനുണ്ട്. രയറോം മുസ്ളീംപള്ളിയിലെ മഖാം ഉറുസ്സ് വളരെ പ്രസിദ്ധമാണ്. സാമ്പത്തികമായി വ്യത്യസ്ത തട്ടുകളിലുള്ള ജനങ്ങളാണ് പഞ്ചായത്തിലേത്. കാര്‍ഷികവൃത്തിയിലൂടെ തന്ന വളരെ ഉയര്‍ന്ന നിലയിലുള്ളവരും ഇടത്തരക്കാരായിട്ടുള്ളവരുമാണ് ഏറിയകൂറും. താഴെത്തട്ടിലുളള കര്‍ഷക തൊഴിലാളികളും മറ്റുകൂലി വേലക്കാരും എല്ലാം അടങ്ങിയതാണ് പഞ്ചായത്തിലെ സാമ്പത്തിക സാമൂഹ്യഘടന. 1959-ല്‍ ഒരു പബ്ളിക്ക് ലൈബ്രറിയായി ആരംഭിച്ച് പിന്നീട് പഞ്ചായത്തിന് വിട്ടുകൊടുത്ത ആലക്കോട് പഞ്ചായത്ത് പബ്ളിക്ക് ലൈബ്രറി കണ്ണൂര്‍ ജില്ലയിലെ ഒരു പ്രധാന ലൈബ്രറിയായി ഉയര്‍ന്നിട്ടുണ്ട്. കായികരംഗത്ത് ഒട്ടേറെ വിലപ്പെട്ട സംഭാവനകള്‍ നല്‍കുവാന്‍ കഴിഞ്ഞ പഞ്ചായത്താണ് ആലക്കോട്. 1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ വിവിധയിനങ്ങളില്‍ സ്വര്‍ണ്ണം നേടിയ എം.ഡി.വത്സമ്മ, ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് & ഫീല്‍ഡില്‍ സ്വര്‍ണ്ണം നേടിയ വി.കെ.സിന്ധു എന്നിവര്‍ ആലക്കോടിന്റെ അഭിമാനമായി മാറിയവരാണ്.