ആലക്കോട്
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ തളിപ്പറമ്പ് ബ്ളോക്കിലാണ് ആലക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആലക്കോട്, തിമിരി, വെള്ളനാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആലക്കോട് പഞ്ചായത്തിന് 70.77 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് പെരിങ്ങോം വയക്കര പഞ്ചായത്തും കിഴക്കുഭാഗത്ത് ഉദയഗിരി പഞ്ചായത്തും തെക്കുഭാഗത്ത് നടുവില്‍, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് എരമംകൂറ്റൂര്‍, പെരിങ്ങോം വയക്കര എന്നീ പഞ്ചായത്തുകളുമാണ്. 1968 വരെ ഈ പ്രദേശം തടിക്കടവ് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1968-ല്‍ തടിക്കടവ് പഞ്ചായത്ത് വിഭജിച്ച് ആലക്കോട്, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകള്‍ നിലവില്‍ വന്നു. 1979-ല്‍ ആലക്കോട് പഞ്ചായത്ത് വീണ്ടും വിഭജിച്ച് ആലക്കോട്, ഉദയഗിരി എന്നീ പഞ്ചായത്തുകള്‍ നിലവില്‍ വന്നു. 1981-ലെ വില്ലേജുപുന:സംഘടനക്ക് മുമ്പ് തടിക്കടവ്, നടുവില്‍ വില്ലേജുകളിലായാണ് ഈ പഞ്ചായത്തുപ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. വില്ലേജുപുനര്‍നിര്‍ണ്ണയത്തെ തുടര്‍ന്ന് ആലക്കോട്, തിമിരി, നടുവില്‍ എന്നീ വില്ലേജുകളുടെ ഭാഗങ്ങള്‍ ചേര്‍ന്നതായിമാറി ആലക്കോട് പഞ്ചായത്ത്. പശ്ചിമഘട്ടത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആലക്കോട് ഗ്രാമപഞ്ചായത്ത്. ചെങ്കുത്തായ മലഞ്ചരിവുകള്‍, ചെറിയ മലകള്‍, നിരപ്പായ പ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. പഞ്ചായത്തിലെ ഇപ്പോഴത്തെ മുഖ്യവിള റബ്ബറാണ്. തെങ്ങും കവുങ്ങുമാണ് രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത്. 1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ വിവിധയിനങ്ങളില്‍ സ്വര്‍ണ്ണം നേടിയ എം.ഡി.വത്സമ്മ, ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് & ഫീല്‍ഡില്‍ സ്വര്‍ണ്ണം നേടിയ വി.കെ.സിന്ധു എന്നിവര്‍ ആലക്കോടിന്റെ അഭിമാനമായി മാറിയവരാണ്.