അളഗപ്പനഗര്‍
തൃശ്ശൂര്‍ ജില്ലയിലുള്ള മുകുന്ദപുരം താലൂക്കില്‍, കൊടകര ബ്ലോക്കിലാണ് അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 18.38 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അളഗപ്പനഗര്‍ പഞ്ചായത്തുപ്രദേശം ഉള്‍പ്പെടുന്ന വില്ലേജ് ആമ്പല്ലൂരാണ്. 17 വാര്‍ഡുകളുള്ള അളകപ്പനഗര്‍ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തൃക്കൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് വരന്തരപ്പിള്ളി പഞ്ചായത്തും, തെക്കുഭാഗത്ത് പുതുക്കാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് എന്‍.എച്ച് 47-ഉം ആണ്. തൃശൂര്‍ ജില്ലയിലെ കിഴക്കന്‍ മലനിരകളോട് തൊട്ടുകിടക്കുന്ന പ്രദേശമാണ് അളഗപ്പനഗര്‍. 1938-ല്‍ ആമ്പല്ലൂര്‍ പ്രദേശത്ത് അളഗപ്പ ടെക്സ്റ്റൈല്‍സ് കൊച്ചിന്‍(ലിമിറ്റഡ്) എന്ന കമ്പനി ഡോ.അളഗപ്പചെട്ടിയാര്‍ എന്ന വ്യക്തി സ്ഥാപിച്ചതോടെയാണ് ഈ പ്രദേശം അളഗപ്പനഗര്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. ആമ്പല്ലൂര്‍ എന്ന പേരിനെ സംബന്ധിച്ച് കൊച്ചിയിലെ സ്ഥലനാമചരിത്രം എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിക്കാണുന്നത് ആമ്പല്‍പൂക്കളുടെ ഊര് - ആമ്പല്ലൂര്‍ എന്നാണ്. തമിഴ്നാട്ടിലെ മധുര ജില്ലയിലെ കരൈക്കുടി സ്വദേശി ഡോ.അളഗപ്പ ചെട്ടിയാര്‍ അളഗപ്പടെക്സ്റ്റൈല്‍സ് സ്ഥാപിച്ചതോടെയാണ് ഈ പ്രദേശം പ്രശസ്തമായത്. 1953-ല്‍ ആണ് അളഗപ്പനഗര്‍ പഞ്ചായത്ത് രൂപീകൃതമാകുന്നത്. വരന്തരപ്പിള്ളി പഞ്ചായത്തില്‍ നിന്നും ലഭിച്ച 253 രൂപയുടെ മൂലധനവുമായാണ് ഈ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ആദ്യത്തെ പഞ്ചായത്തുപ്രസിഡന്റ് എം.വി.ലോനപ്പനും, വൈസ് പ്രസിഡന്റ് പി.ഡി.ദേവസ്സിയുമായിരുന്നു.