ചരിത്രം

സാമൂഹ്യചരിത്രം

കൊല്ലവര്‍ഷം 93-ാമാണ്ട് മേടം 20-ന് (എ.ഡി.918-ല്‍) കോതരവി എന്ന കേരളചക്രവര്‍ത്തിയുടെ കാലത്ത് കൊങ്ങുനാടുവാഴിയുടെ ഒരു പട കേരളം ആക്രമിക്കുകയുണ്ടായെങ്കിലും, പാലക്കാട് വാണിരുന്ന നെടുംപുറയൂര്‍ നാട്ടുടയവര്‍ അക്രമികളെ തോല്‍പിച്ചോടിച്ചുവെന്നും, അങ്ങനെ പാലക്കാട് വാണിരുന്ന നെടുംപുറയൂര്‍ സ്വരുപമാണ് കാലാന്തരത്തില്‍ പാലക്കാട് രാജസ്വരൂപമെന്ന് അറിയാനിടയായതെന്നും ചരിത്രരേഖകളില്‍ കാണുന്നു. 1766-ല്‍ സാമൂതിരിയുടെ ആക്രമണത്തെ തടയാന്‍ ഹൈദരാലിയുടെ സഹായം തേടിയ രാജാവിന്, കുലദേവതയായ ഹേമാംബികയുടെ ആഭരണങ്ങള്‍ പ്രതിഫലമായി നല്‍കേണ്ടി വന്നു. മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷം ഈ പ്രദേശം ടിപ്പുവില്‍നിന്നും ബ്രിട്ടീഷുകാരിലേക്ക് കൈമാറ്റപ്പെട്ടുവെങ്കിലും രാജ്യം ഭരിച്ചിരുന്നത് രാജാവുതന്നെയായിരുന്നു. തുടര്‍ന്ന് 1766 ഒക്റ്റോബര്‍ 6-ന്, 18896.ക. 4 അണ 6.പ. രാജാവിന് മാലിഖാനായി നല്‍കാന്‍ തീരുമാനിച്ചുകൊണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനി പാലക്കാടിന്റെ അധികാരം പൂര്‍ണ്ണമായി ഏറ്റെടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ സ്വാതന്ത്ര്യസമരത്തിന്റെ മാറ്റൊലികള്‍ ഇവിടെ മുഴങ്ങിയിരുന്നു. 1916-ല്‍ ആനിബസന്റിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഹോംറൂള്‍ പ്രസ്ഥാനം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. ഇക്കാലത്ത് ചാത്തത്തു മാധവമേനോന്‍ പ്രസിദ്ധീകരിച്ച ഇന്ത്യ എന്ന പത്രം ഒട്ടേറെ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചു. രണ്ടുവര്‍ഷം വിദ്യാഭ്യാസം തടഞ്ഞുകൊണ്ടുള്ള ശിക്ഷ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. 1919-ലെ ജാലിയന്‍ വാലാബാഗ് സംഭവം ഇവിടുത്തെ ജനത്തിനെ പ്രകമ്പനം കൊള്ളിച്ചു. 1920-കളില്‍ പോലും മേല്‍ജാതിക്കാരായ വിദ്യാര്‍ത്ഥികളോടൊപ്പമിരുന്ന് പഠിക്കാന്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ഇവിടെ കഴിയുമായിരുന്നില്ല. അയിത്തം, അവഹേളനം എന്നിവയ്ക്കൊക്കെ വഴങ്ങിക്കൊടുക്കാന്‍ ബാധ്യസ്ഥരായിരുന്നു താഴ്ന്ന ജാതിക്കാരില്‍ ഭൂരിഭാഗവും. താഴ്ന്നജാതിക്കാര്‍ അവരേക്കാള്‍ താഴ്ന്ന ജാതിക്കാരോട് അയിത്തം പുലര്‍ത്തിയിരുന്നു എന്നതിനാല്‍ തന്നെ സവര്‍ണ്ണരുടെ അയിത്തത്തെ ചോദ്യം ചെയ്യാന്‍ കഴിയുന്നവര്‍ നാമമാത്രമായിരുന്നു. സ്വാതന്ത്ര്യസമരചരിത്ര വിഹായസ്സില്‍ ഒരു വ്യാഴവട്ടക്കാലം കത്തിജ്ജ്വലിച്ചുനിന്ന വെള്ളി നക്ഷത്രമായിരുന്നു ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍. 1923 മെയ് മാസത്തില്‍ രണ്ടാം പ്രവശ്യാകോണ്‍ഗ്രസ്സ് സമ്മേളനം നടക്കാവ് റെയില്‍വേഗേറ്റിന് സമീപത്തുള്ള അത്താഴച്ചിറ എന്ന സ്ഥലത്ത് കെ.പി.കേശവമേനോന്റെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. സരോജിനി നായിഡു ആയിരുന്നു അധ്യക്ഷ. രണ്ടാം ദിവസം വിഭിന്ന ജാതിമതസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് മിശ്രഭോജനം സംഘടിപ്പിക്കപ്പെട്ടു. ടി.ആര്‍.കൃഷ്ണയ്യരായിരുന്നു പ്രധാന സൂത്രധാരന്‍. യാഥാസ്ഥിതികരായ ബ്രാഹ്മണര്‍ അദ്ദേഹത്തിന് ഭ്രഷ്ട് കല്‍പിച്ചു. കല്‍പാത്തിയിലെ അഗ്രഹാരത്തില്‍ സകുടുംബം താമസിച്ചിരുന്ന അദ്ദേഹത്തെ അവിടെ നിന്നു പുറത്താക്കി. സമ്മേളനപന്തല്‍ നിര്‍മ്മിക്കാന്‍ വിനിയോഗിച്ചിരുന്ന സാധനസാമഗ്രികള്‍ ശേഖരിച്ചുകൊണ്ട് ഇന്നത്തെ ശബരി ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു കുടില്‍ കെട്ടി അദ്ദേഹം കുടുംബസമേതം അവിടെ താമസം തുടങ്ങി. കാലാന്തരത്തില്‍ പ്രസ്തുത കുടില്‍ ശബരി ആശ്രമമായി രൂപം കൊണ്ടു. ഈ സംഭവത്തെ തുടര്‍ന്നാണ് 1923 ഡിസംബറില്‍ കാക്കിനാഡയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാസമ്മേളനം അയിത്തോച്ചാടനം കോണ്‍ഗ്രസ്സിന്റെ മുഖ്യപ്രവര്‍ത്തനമായി ഏറ്റെടുത്തത്. ഐതിഹാസികമായ വൈക്കം സത്യാഗ്രഹം രൂപംകൊള്ളുന്നതിന്റെ തുടക്കവും മേല്‍പ്പറഞ്ഞ സംഭവത്തില്‍ നിന്നുതന്നെ. ഹരിജനോദ്ധാരണം, ഹിന്ദിപ്രചാരണം, അയിത്തോച്ചാടനം, നിയമലംഘനം എന്നിങ്ങനെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശ്രമം നേതൃത്വം കൊടുത്തു. കേരളത്തിലാദ്യമായി ഹരിജനങ്ങള്‍ക്ക് ക്ഷേത്രം തുറന്നുകൊടുത്തതും അവിടെ ഒരു ഹരിജനെ പൂജാരിയായി നിയമിച്ചതും ശബരി ആശ്രമത്തിനടുത്തുള്ള കൈമാടം അയ്യപ്പക്ഷേത്രത്തിലാണ്. ആശ്രമത്തിന് സ്ഥലം സംഭാവന നല്‍കിയത് അപ്പു യജമാനനെന്ന വ്യക്തിയായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്നോടിയായി മാറി ഈ സംഭവം. ഹരിജന്‍ ദേവസന്നിധിയിലെത്തിയതിനാല്‍ പുജ ചെയ്യാന്‍ മടിച്ച ശാന്തിക്കാരനു പകരം യജമാനന്‍ തന്നെ പൂജാരിയായി മാറി. ഇന്നും പ്രസ്തുതക്ഷേത്രം ഒരു ചരിത്രസ്മാരകമായി നിലനില്‍ക്കുന്നു. ശബരി ആശ്രമം കേന്ദ്രമാക്കി ഇത്തരം ദേശീയപ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവന്നതിന്റെ അലയൊലികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളം ചലനം സൃഷ്ടിച്ചപ്പോള്‍ ഭാരതത്തിലെ പ്രമുഖനേതാക്കള്‍ ഈ സ്ഥാപനത്തെ തേടിയെത്തി. 1927-ല്‍ മഹാത്മാഗാന്ധി കസ്തൂര്‍ബാ ഗാന്ധിയോടൊപ്പം ശബരി ആശ്രമം സന്ദര്‍ശിച്ചു. ചുരുക്കത്തില്‍ അകത്തേത്തറ ഒരു മാതൃകാഗ്രാമമായി മാറി. കേരളത്തിന്റെ ബര്‍ദോളി എന്ന് ഈ കൊച്ചുഗ്രാമം അറിയപ്പെട്ടു. തെക്കേ മലബാറിലെ ഉപ്പു സത്യാഗ്രഹ ജാഥ ശബരി ആശ്രമത്തില്‍ നിന്നാണ് പുറപ്പെട്ടത്. സങ്കുചിതമായ ജാതിചിന്തകള്‍ക്കതീതമായി കുട്ടികളെ വളര്‍ത്തുക എന്നതായിരുന്നു കൃഷ്ണസ്വാമി അയ്യരുടെ ലക്ഷ്യം. നാനാജാതിമതസ്ഥരായ കുട്ടികളെയും അദ്ദേഹത്തോടൊപ്പം ആശ്രമത്തില്‍ താമസിപ്പിച്ച് പഠിപ്പിച്ചു. തമിഴുകവി സുബ്രഹ്മണ്യഭാരതിയെ അനുകരിച്ച് മലയാളഭാഷയിലാദ്യമായി ദേശീയഗാനങ്ങള്‍ രചിച്ച കവിയും കൃഷ്ണസ്വാമി അയ്യരാണ്. അകത്തേത്തറയിലെ നവോത്ഥാന പ്രസ്ഥാനനായകരില്‍ പ്രമുഖനായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥന്‍. തന്റെ മുഴുവന്‍ സമയവും കഴിവുകളും അധ:സ്ഥിതിതരുടെ ഉയര്‍ച്ചക്കായി ഉഴിഞ്ഞുവച്ച ഒരു കര്‍മ്മയോഗിയായിരുന്നു ആനന്ദതീര്‍ത്ഥന്‍. 1926-ല്‍ മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്ന് ബി.എ.ഓണേഴ്സ് പരീക്ഷയില്‍ ഉന്നത വിജയം നേടി പുറത്തുവന്ന തലശ്ശേരി സ്വദേശിയായ ആനന്ദഷേണായി, രാജാജിയുടെ നിര്‍ദ്ദേശപ്രകരം ശബരി ആശ്രമത്തിലെത്തി, അയിത്തോച്ചാടനത്തിനും ജാതീയതയ്ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അവര്‍ണ്ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ആര്യസമാജക്കാര്‍ നടത്തിയ സമരത്തില്‍ അദ്ദേഹം പങ്കാളിയായി. ശബരി ആശ്രമത്തിലെ അവര്‍ണ്ണരായ വിദ്യാര്‍ത്ഥികള്‍ക്ക് ഊടുവഴികളിലൂടെ നടന്നുപോകുന്നതിനു പോലും അനുവാദമില്ലായിരുന്നു. അത്തരം ഊടുവഴികളിലൂടെ വിദ്യാര്‍ത്ഥികളെയും കൂട്ടി ആനന്ദതീര്‍ത്ഥന്‍ നടന്നു നീങ്ങിയതിനെ തുടര്‍ന്ന് സവര്‍ണ്ണരില്‍ നിന്ന് ധാരാളം മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ആശ്രമത്തിലിരുത്തി പഠിപ്പിക്കാന്‍ ആനന്ദതീര്‍ത്ഥന്‍ നായാടി സമുദായക്കാരായ നാലുപേരെ കൊണ്ടുവന്നു. റോഡില്‍കൂടി നടന്നുവരാന്‍ ധൈര്യമില്ലാത്തതിനാല്‍ അവരെ ഒരു കാളവണ്ടിയില്‍ പര്‍ദ്ദയിട്ട സ്ത്രീകളെ കൊണ്ടുവരുന്നതുപോലെ മുഖം മറച്ചായിരുന്നു കൊണ്ടുവന്നത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് ശ്രീനാരായണഗുരുവിന്റെ ഒരു ജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തില്‍ ആകൃഷ്ടനായ ആനന്ദതീര്‍ത്ഥന്‍, നാരായണഗുരുവില്‍ നിന്ന് 1928-ല്‍ സന്യാസം സ്വീകരിച്ചതും സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടതും. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനഫലമായി, അധഃസ്ഥിതര്‍, സഞ്ചാരസ്വാതന്ത്ര്യമില്ലാത്ത പൊതുനിരത്തുകളിലൂടെ യാത്ര ചെയ്യാനും, പൊതുക്ഷേത്രങ്ങളില്‍ പ്രവേശിക്കാനും, ഹരിജനങ്ങള്‍ക്ക് മുടിവെട്ടാന്‍ കൂട്ടാക്കാത്ത ബാര്‍ബര്‍ഷോപ്പുകളിലും, കൂടാതെ ചായക്കടകളിലും പ്രവേശിക്കാനും തുടങ്ങി. സവര്‍ണ്ണരുടെ ഭയങ്കരമായ മര്‍ദ്ദനങ്ങള്‍ അതിജീവിച്ചുകൊണ്ട് അവര്‍ മുന്നേറി. ജാതിമത വര്‍ണ്ണ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കാനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമരം പ്രഖ്യാപിക്കാനും ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് ശബരി ആശ്രമം കേന്ദ്രമാക്കി നടത്തിയ ധീരോദാത്തമായ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും. ജന്മിത്തത്തേയും നാടുവാഴിത്തത്തെയും അരക്കിട്ടുറപ്പിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ പങ്ക് വഹിച്ച ജാതിവ്യവസ്ഥകള്‍ ക്രമേണ അപ്രത്യക്ഷമായിത്തുടങ്ങിയതോടെ അധഃസ്ഥിതരില്‍ അവകാശബോധമുയര്‍ന്നു. സാമൂഹ്യ സാമ്പത്തിക ചേരിതിരിവുകള്‍ക്ക് വലിയ വ്യതിയാനമുണ്ടായത് 1970-ല്‍ നിലവില്‍ വന്ന ഭൂപരിഷ്കരണനിയമത്തിനുശേഷമാണ്. ജന്മിമാര്‍ പാട്ടത്തിനായി കുടിയാന്മാര്‍ക്ക് വിട്ടുകൊടുത്തിരുന്ന ഭൂപ്രദേശങ്ങളുടെ ഉടമാവകാശത്തില്‍ മാറ്റം വന്നു. ജന്മിത്തത്തിന്റെ തായ് വേരുകളിളകി. താമസിക്കുന്ന കുടിലും പണിയെടുക്കുന്ന വയലും പറമ്പും സ്വന്തമാണെന്ന ബോധം വന്നതോടെ കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ്വ് കൈവന്നു. സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ളവരുടെ സാമ്പത്തിക നിലവാരം പതുക്കെ ഉയര്‍ന്നു. ദേശീയ പ്രസ്ഥാനവുമായി ബന്ദപ്പെട്ടു ഹിന്ദിപ്രചാരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിരുന്നു. പാലക്കാട്ടശ്ശേരി ശേഖരിവര്‍മ്മ വലിയരാജാവാണ് പാലക്കാട് ആദ്യമായി ഒരു അച്ചുകൂടം സ്ഥാപിച്ചത്. 1887-ല്‍ കേരളത്തിലാദ്യമായി ദക്ഷിണ്‍ ഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് അകത്തേത്തറയിലാണ്. സംസ്കൃതഭാഷ പഠിപ്പിക്കുന്ന സ്കൂളും ഇവിടെ നിലവില്‍ വന്നു.

സാംസ്കാരിക ചരിത്രം

നാനാജാതിമതസ്ഥരും ഒരുമയോടെ ജീവിക്കുന്ന ഒരു പ്രദേശമാണിത്. കേരളത്തിലെ മഹത്തായ 4 അംബികാ ക്ഷേത്രങ്ങളിലൊന്നായ കല്ലേക്കുളങ്ങര ഭഗവതിക്ഷേത്രം ഉദ്ദ്യേശ്യം 600 കൊല്ലം പഴക്കമുള്ളതാണ്. ഹേമാംബിക ക്ഷേത്രത്തിനു പുറമെ ധോണി മലയോരത്ത് ചേറ്റില്‍ വെട്ടിക്കാവു ഭഗവതിക്ഷേത്രവും ശിവക്ഷേത്രവുമാണ് പഴക്കമുള്ള മറ്റ് ക്ഷേത്രങ്ങള്‍. വൃശ്ചികമാസത്തിലെ മണ്ഡല ഉത്സവമാണ് പ്രധാന ഉത്സവം. ഈ പൊന്നഴുന്നള്ളിപ്പിന് ഒരു ഐതിഹ്യമുണ്ട്. പണ്ട് ടിപ്പുവിന്റെ ഭരണകാലത്ത് ചൊക്കനാഥപുരത്തുള്ള രാജാവിന്റെ വസതിയില്‍ നിന്നും പൊന്നുവാഹകന്മാര്‍ പണ്ടെന്നൊ തിരുത്താലിയുമായി എഴുന്നള്ളത്ത് വരുമ്പോള്‍, പഴയകോട്ട എന്ന സ്ഥലത്തുവച്ച് മുഖംമൂടി ധരിച്ച കൊള്ളക്കാര്‍ ആഭരണപ്പെട്ടി വഹിച്ചിരുന്നവരെ ആക്രമിക്കുകയും തിരുവാഭരണപ്പെട്ടി തട്ടിയെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്തതിനെ എതിര്‍ത്തു കീഴടക്കുകയും അവരെ ബന്ധനസ്ഥരാക്കി ഭഗവതിക്ഷേത്രത്തില്‍ തെക്കുഭാഗത്തുള്ള കുന്നംപാറയുടെ മുകളില്‍ കൊണ്ടുപോയി തലവെട്ടി കുന്തത്തില്‍ നാട്ടുകയും ചെയ്തുവത്രേ. തല വെട്ടിനാട്ടിയതിന്റെ ഓര്‍മ്മയ്ക്കായിട്ടാണത്രേ ഇന്നും തിരുതാലി എഴുന്നള്ളിക്കുമ്പോള്‍ നാട്ട് എന്നുറക്കെ നീട്ടിവിളിക്കുന്നത്. കുംഭമാസത്തിലെ ശിവരാത്രി ഉത്സവം ഇവിടെ പ്രധാനമാണ്. ശങ്കരാചാര്യര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നതായി പറയപ്പെടുന്നു. കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത് തുടങ്ങിയ ക്ഷേത്രകലകള്‍ ഇന്നും ഇവിടെ അരങ്ങേറുന്നുണ്ട്. മീനഭരണിക്കുശേഷമുള്ള കാര്‍ത്തികദിവസം ആഘോഷിക്കുന്ന കാര്‍ത്തികവേലക്ക് എല്ലാ വിഭാഗം ജനങ്ങളുടേയും പങ്കാളിത്തമുണ്ടാവാറുണ്ട്. കഥകളിയും ചാക്യാര്‍കൂത്തുമൊക്കെ മേല്‍ത്തട്ടുകാരുടെ കലാസ്വാദനമായി നിലനിന്നിരുന്ന പഴയ നാളുകളില്‍ അവര്‍ണ്ണരുടെ വേലയും പൂജയുമൊക്കെ പ്രാദേശികതലത്തില്‍ ഒതുങ്ങിനിന്നിരുന്നു. മൃഗബലി നടത്തിയിരുന്ന പൂജാവസാനനാള്‍ രാത്രിയില്‍ പൊറാട്ടുനാടകം ഇവരുടെ വിനോദോപാധിയായിരുന്നു. താഴേത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ പ്രതീകമായി ഓരോ പുരുഷനെയും സ്ത്രീയെയും അവതരിപ്പിക്കും. ഊരുചുറ്റി നടന്നുവരുന്നവരുടെ യാത്രാവിവരണമെന്ന നിലയ്ക്ക്, പാലക്കാടിന്റെ പ്രത്യേകതളൊക്കെ ഇവരുടെ പാട്ടുകളിലൂടെ ചുരുളഴിയുന്നു. ഉത്തര രാമചരിതത്തിലെ മണ്ണാന്റെയും മണ്ണാത്തിയുടെയും വഴക്കിനെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് പല വേഷങ്ങളുടെയും കഥാംശം. പക്ഷെ, ഒരു മധ്യവര്‍ത്തിയുടെ സന്ദര്‍ഭോചിതമായ ഇടപെടലുകളിലുടെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഒന്നിക്കുന്ന അവസാന ഭാഗം ഗ്രാമീണ മനസ്സുകളിലെ വിട്ടുവീഴ്ചാമനോഭാവത്തെ സൂചിപ്പിക്കുന്നു. തമിഴ് സംഗീത നാടകമായ ഹരിശ്ചന്ദ്ര ഇവര്‍ അവതരിപ്പിക്കുന്ന മറ്റൊരു കലാരൂപമാണ്. പാലക്കാട്ടെ പല വംശജരും തമിഴ്നാട്ടില്‍ നിന്നും വന്നതാണെന്ന കാര്യം ശ്രദ്ധേയമാണ്. ദ്രാവിഡസംസ്ക്കാരത്തിന്റെ സവിശേഷതകള്‍ നിശ്ശേഷം മായാതെ നിലനില്‍ക്കുന്ന സ്ഥലമാണ് പാലക്കാട്. പൂരം, വേല തുടങ്ങിയവ ദ്രാവിഡരുടെ ഉത്സവങ്ങളാണ്. പാലക്കാട് രാജാക്കന്മാര്‍ ഇവയെ സംരക്ഷിക്കുന്ന കാര്യത്തില്‍ പണ്ടുമുതലേ നിഷ്ക്കര്‍ഷയുള്ളവരായിരുന്നു. രാജവംശവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളുടെയും വ്യക്തികളുടെയും പേരുകള്‍ ഇതിന് തെളിവു നല്‍കുന്നു. വേട്ടയ്ക്കൊരുമകന്‍ കാവ്, ചാത്തന്‍ കുളങ്ങര, ഇട്ടി, കോമ്പി, കുട്ടിച്ചാത്ത, ചാത്തുക്കുട്ടി, കോതറകുളം, കൊങ്ങപ്പാടം മുതലായവ ഉദാഹരണങ്ങളാണ്. പാത്രനിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ച ആണ്ടിമഠം നിവാസികളുടെ മാരിയമ്മന്‍ പൂജ, തമിഴുസംസ്ക്കാരം വിളിച്ചോതുന്ന അനുഷ്ഠാനമാണ്. കേരളീയ സമൂഹത്തില്‍ നിന്ന് അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന ആയോധനകലയായ കയ്യാങ്കളിയുടെ ഈറ്റില്ലമാണ് അകത്തേത്തറ.