പഞ്ചായത്തിലൂടെ

അകത്തേത്തറ - 2010

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന അകത്തേത്തറ പഞ്ചായത്തിനെ കുന്നുപ്രദേശങ്ങള്‍, സമതലങ്ങള്‍, ചെരിവുള്ള പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. മലമ്പുഴ അണക്കെട്ടിനടുത്തു സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് അകത്തേത്തറ. ആകെയുള്ള ഭൂമിയുടെ 20%  വനംവകുപ്പിന്റെ പരിധിയിലുള്ള മലകളും, കുന്നുകളുടേയും പ്രദേശമാണ്. പഞ്ചായത്തിന്റെ വടക്ക് പശ്ചിമഘട്ടം അതിര്‍ത്തിയായി സ്ഥിതിചെയ്യുന്നു. തെക്ക് പാലക്കാട് മുന്‍സിപ്പാലിറ്റിയും കിഴക്ക് മലമ്പൂഴ പഞ്ചായത്തും, പടിഞ്ഞാറ് പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുമാണ് അതിരുകള്‍. ചെങ്കല്‍മണ്ണ്, എക്കല്‍ അടിഞ്ഞുള്ള മണ്ണ്, അവശിഷ്ടമണ്ണ്, പാറ എന്നിവയാണ് ഈ പഞ്ചായത്തില്‍ പ്രധാനമായും കാണപ്പെടുന്ന മണ്ണിന്റെ വകഭേദങ്ങള്‍. നെല്‍കൃഷിയായിരുന്നു പഞ്ചായത്തിലെ പ്രധാന കൃഷി. ഇപ്പോള്‍ അതിനോടൊപ്പം തെങ്ങ്, റബ്ബര്‍, കുരുമുളക്, കശുമാവ്, വാഴ, കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയും ഏറെ കൃഷി ചെയ്യപ്പെടുന്നുണ്ട്. കൃഷി ഭവന്‍ രേഖകള്‍ പ്രകാരം അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ 398.58 ഹെക്ടര്‍ കൃഷിയിടങ്ങള്‍ മലമ്പുഴ കനാല്‍ വഴിയും, 180 ഹെക്ടര്‍ മറ്റു പദ്ധതികള്‍ മുഖേനയുമാണ് ജലസേചനം നടത്തുന്നത്. പഞ്ചായത്തിലെ നല്ലൊരു ശതമാനം കര്‍ഷകരും ആശ്രയിക്കുന്നത് മലമ്പുഴയിലെ വെളളത്തെയാണെന്ന് ഇതില്‍ നിന്നും മനസിലാക്കാം. കല്‍പ്പാത്തിപ്പുഴ പഞ്ചായത്തിലുടെ ഒഴുകുന്നു. കൂടാതെ 30 കുളങ്ങളും പഞ്ചായത്തിലുണ്ട്. മലമ്പുഴ, ചെക്കിനിപാടം കനാല്‍ വഴിവരുന്ന ജലവും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നത് ഈ പ്രദേശത്തിന്റെ കാര്‍ഷികമേഖലയുടെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമാണ്. 1961 ഡിസംബര്‍ 28-ാം തീയതിയാണ് അകത്തേത്തറ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പാലക്കാട്  ജില്ലയിലെ പാലക്കാട് താലൂക്കിലെ, മലമ്പുഴ ബ്ളോക്കിലാണ് ഈ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 23ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്ത് 10 വാര്‍ഡുകളായാണു വിഭജിച്ചിരിക്കുന്നത്. മൊത്തം ഭൂവിസ്തൃതിയുടെ 20% വനമേഖലയാണ്. 25458 വരുന്ന ജനസംഖ്യയില്‍ 12999 പേര്‍ സ്ത്രികളും, 12459 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ 96% സാക്ഷരത നേടിയിട്ടുണ്ട്. അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ മുഖ്യ കുടിവെള്ള സ്രോതസ്സ് കിണറുകളാണ്. പഞ്ചായത്തില്‍ ധാരാളം പൊതുകിണറുകളും, 125 പൊതുടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളായ മലമ്പുഴയും, ധോണി വെള്ളച്ചാട്ടവും പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ മഹത്തായ നാല് അംബികാക്ഷേത്രങ്ങളിലൊന്നായ കല്ലേക്കുളങ്ങര ഭഗവതി ക്ഷേത്രം ഈ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 6 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ ഒരു മാവേലി സ്റ്റോറും പ്രവര്‍ത്തിക്കുന്നു. 115 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്ന പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളിലും സഞ്ചാരയോഗ്യമാക്കുന്നു. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍് അധികം ഇല്ലെങ്കിലും അച്ചാറ് നിര്‍മ്മാണം, സോപ്പുപൊടി നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, പപ്പട നിര്‍മ്മാണം, കളിമണ്‍പാത്ര നിര്‍മ്മാണം എന്നീ കുടില്‍വ്യവസായങ്ങള്‍ പഞ്ചായത്തില്‍ പലയിടത്തായി പ്രവര്‍ത്തിച്ചുവരുന്നു. ചെറുകിട വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് അകത്തേത്തറ. സിമന്റ്ഫാക്ടറി, ഓയില്‍മില്‍, മെറ്റല്‍ക്രഷിംഗ്, മരുന്ന് ഉല്‍പ്പാദനകേന്ദ്രം തുടങ്ങിയ വന്‍കിട വ്യവസായങ്ങളും പഞ്ചായത്തിലുണ്ട്. കൂടാതെ സോഡാ, സോഫ്ട്ഡ്രിംഗ്സ് നിര്‍മ്മാണം, മുളകൊണ്ടുള്ള കൊട്ട, വട്ടി നിര്‍മ്മാണം തുടങ്ങിയ ചെറുകിട വ്യവസായങ്ങളും ഉണ്ട്.നിലവിലുളള വ്യവസായങ്ങള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്രം തുടങ്ങുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ സ്ഥാപിതമായ രണ്ട് സംസ്കൃത സ്കൂളുകളില്‍ നിന്നായിരുന്നു. പിന്നീട് അകത്തേത്തറ ഗവ. യു.പി.എസ് സ്ഥാപിതമായി. പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കുള്‍, കല്ലേക്കുളങ്ങര ഏമൂര്‍ ദേവസ്വം ആരംഭിച്ച ഹേമാംബികാ സംസ്കൃത ഹൈസ്ക്കുളാണ്. 1960-ല്‍ ആരംഭിച്ച എന്‍.എസ്.എസ് ഹൈസ്ക്കുള്‍ വരുന്നതുവരെ ഹേമാംബികാ സംസ്കൃത ഹൈസ്ക്കുളായിരുന്നു അകത്തേത്തറയിലെ ഏക ഹൈസ്ക്കുള്‍. ഇന്ന് പഞ്ചായത്തില്‍ കേന്ദ്രീയ വിദ്യാലയം, റെയില്‍വേ ഹൈസ്ക്കുള്‍, ഉമ്മിനി ഗവ.യു.പി.എസ്, അകത്തേത്തറ ഗവ.യു.പി.എസ്, എന്‍.എസ്.എസ് ഹൈസ്ക്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കോളേജ് വിദ്യാഭ്യാസത്തിനായി എന്‍.എസ്.എസ് കോളേജ്, പാലക്കാടിനെയാണ് അകത്തേത്തറ നിവാസികള്‍  ആശ്രയിക്കുന്നത്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസും, ഫോറസ്റ്റേഞ്ച് ഓഫീസ്സും പഞ്ചായത്തിലുണ്ട്, മൃഗസംരക്ഷണ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെറ്റിനറി കേന്ദ്രവും, വെറ്റിനറി ഉപകേന്ദ്രവും അകത്തേത്തറ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. വൈദ്യുതി ബോര്‍ഡിന്റെ 110 കെ.വി യുടെ സബ് സ്റേഷന്‍, മലമ്പുഴ വാട്ടര്‍ അതോറിറ്റി ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവന്‍, എന്‍ജിനിയറിങ്ങ് കോളേജ് പോസ്സ് ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളും അകത്തേത്തറ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. ഇതു കൂടാതെ ഇന്ത്യന്‍ ബാങ്കിന്റെ ഒരുശാഖയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. റെയില്‍വേ ഡിവിഷണന്‍ ഓഫീസ്, പഞ്ചായത്തിലെ പ്രധാന കേന്ദ്രസര്‍ക്കാര്‍ കാര്യാലയം. പഞ്ചായത്തിലെ മൊത്തം റോഡിന്റെ 10.0കി.മീ പി.ഡബ്യു.ഡിയുടെ കീഴിലുള്ളതാണ്. 50.35 കി.മീ റോഡ് പഞ്ചായത്തിന്റെ കീഴിലുണ്ട്. പാതിരി റോഡ്, മുസ്ളിം പള്ളി മുതല്‍ പടിഞ്ഞാറോട്ടുള്ള റോഡ്, എ.കെ.ജി കോളനി റോഡ്, കുന്നുകാട് റോഡ്, കനാല്‍ ബണ്ട് റോഡ്, സെന്റ് തോമസ് കോളനി റോഡ്, പപ്പാടിറോഡ്, ചെക്കിനിപ്പാടം നാല്സെന്റ് കോളനി റോഡ്, പൂകോട് റോഡ്, പേരാട് റോഡ്, വടക്കത്തറ റോഡ്, പട്ടേരി റോഡ് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന റോഡുകള്‍.  ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ വിദേശയാത്രയ്ക്ക് ആശ്രയിക്കുന്ന ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് കോയമ്പത്തൂര്‍ വിമാനത്താവളം. പാലക്കാട് ജംഗ്ക്ഷനാണ്, പഞ്ചായത്തിന്റെ സമീപത്തുള്ള റെയിന്‍വേ സ്റ്റേഷന്‍. മലമ്പുഴയും, ഒലവക്കോടുമാണ് പഞ്ചായത്തിന്റെ അടുത്തുള്ള രണ്ട് ബസ്സ് സ്റ്റാന്റുകള്‍. തുറമുഖം എന്ന നിലയില്‍ തൃശ്ശുര്‍ തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. കൂടാതെ അകത്തേത്തറ പഞ്ചായത്തില്‍ സമീപമാണ് മലമ്പുഴഡാം-ആനക്കല്ല് റൂട്ടിലുടെയുള്ള ജലഗതാഗതകേന്ദ്രം. പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ് എ ടു ഇസെഡ് സൂപ്പര്‍ മാര്‍ക്കറ്റ്, മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് തുടങ്ങിയവ. മലമ്പുഴയുള്ള വെള്ളിയാഴ്ച്ച ചന്തയും, കല്ലേകുളങ്ങരയുള്ള ചൊവ്വാഴ്ച ചന്തയുമാണ് പ്രധാന ചന്തകള്‍. കേരളത്തിലെ മഹത്തായ നാല് അംബികാ ക്ഷേത്രങ്ങളിലൊന്നായ കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ പഞ്ചായത്തിലാണ്. ഏകദേശം 600 കൊല്ലത്തോളം പഴക്കം ചെന്നതാണീ ക്ഷേത്രം. ധോണി ചേറ്റില്‍ വെട്ടിക്കാവ് ഭഗവതി ക്ഷേത്രവും, ശിവക്ഷേത്രവും അകത്തേത്തറ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. മാരിയമ്മന്‍ പൂജ, കരിവേല, ഏകാദശി, ശിവരാത്രി, അയ്യപ്പന്‍ വിളക്ക് തുടങ്ങിയ ഉത്സവങ്ങളാണ് പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങള്‍.സ്വാതന്ത്ര്യസമര സേനാനികളായ ടി.ആര്‍. കൃഷണസ്വാമി അയ്യര്‍, കെ.മായാണ്ടി, ടി.കെ നവോത്ഥാന നായകനായ അനന്തതീര്‍ത്ഥന്‍ തുടങ്ങിയവരാണ് പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ മഹാരഥന്‍മാര്‍. അകത്തേത്തറയിലെ കലാരംഗത്തെ പ്രധാന സ്ഥാപനങ്ങളാണ് യുവകലാവേദി, ഹേമാംബിക ആര്‍ട്സ് ക്ളബ് തുടങ്ങിയവ. അതുപോലെ തന്നെ പ്രധാനപ്പെട്ട കായിക രംഗത്തെ സ്ഥാപനങ്ങളാണ് ഉദയാ ക്ളബ്, റെക്രിയേഷന്‍ ക്ളബ്, ഹേമാംബിക സ്പോര്‍ട്ട്സ് ക്ളബ് എന്നിവ. അകത്തേത്തറ പഞ്ചായത്ത് സാംസ്കാരിക നിലയവും കലാ-സാംസ്കാരിക മേഖലയില്‍ ഒട്ടേറെ സംഭാവനങ്ങള്‍ നല്‍കിട്ടുണ്ട്.ശ്രീ നാരായണഗുരു വായനശാല, കമലാനെഹ്റു വായനശാല, യുവധാര വായനശാല, റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് വായനശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വായനശാലകള്‍. അറിവിന്റേയും വായനയുടേയും ലോകത്തേയ്ക്ക് ഗ്രാമവാസികളുടെ നയിക്കുന്ന സ്ഥാപനങ്ങളാണ് മേല്‍പറഞ്ഞ വായനശാലകള്‍. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. അകത്തേത്തറ പഞ്ചായത്തില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ റെയില്‍വേ കോളനിയില്‍ ‘സ്പാര്‍ക്ക്’ ആംബുലന്‍സ് സര്‍വ്വീസും പ്രവര്‍ത്തിക്കുന്നുണ്ട്.