അകത്തേത്തറ

പാലക്കാട് ജില്ലയിലെ, പാലക്കാട് താലൂക്കില്‍, മലമ്പുഴ ബ്ളോക്കിലാണ് അകത്തേത്തറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അകത്തേത്തറ, പുതുപ്പരിയാരം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 23 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 17 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പശ്ചിമഘട്ടവും, തെക്കുഭാഗത്ത് പാലക്കാട് നഗരസഭയും, കിഴക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുതുപ്പരിയാരം പഞ്ചായത്തുമാണ്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ, നിരവധി മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ അകത്തേത്തറ ഗ്രാമം കേരളത്തിന്റെ ബര്‍ദോളിയാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും ഭാരതത്തിന്റെ മോചനത്തിനായി സ്വാതന്ത്ര്യത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച നിരവധി പേര്‍ക്ക് ജന്മം നല്‍കാന്‍ സാധിച്ച പ്രദേശമാണിത്. കരം പിരിക്കാതെ, നാടുഭരിക്കാതെ, നാടുവാഴികളെന്നറിയപ്പെട്ട പാലാക്കാട്ടശ്ശേരി രാജസ്വരൂപത്തിന്റെ ആസ്ഥാനം ഇവിടെയായിരുന്നു. 1887-ല്‍ കേരളത്തിലാദ്യമായി ദക്ഷിണ്‍ ഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് അകത്തേത്തറയിലാണ്. കേരളീയ സമൂഹത്തില്‍ നിന്ന് അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന ആയോധനകലയായ കയ്യാങ്കളിയുടെ ഈറ്റില്ലമാണ് അകത്തേത്തറ. കേരളത്തിലാദ്യമായി ഹരിജനങ്ങള്‍ക്ക് ക്ഷേത്രം തുറന്നുകൊടുത്തതും അവിടെ ഒരു ഹരിജനെ പൂജാരിയായി നിയമിച്ചതും ശബരി ആശ്രമത്തിനടുത്തുള്ള കൈമാടം അയ്യപ്പക്ഷേത്രത്തിലാണ്. ഇന്നും പ്രസ്തുത ക്ഷേത്രം ഒരു ചരിത്രസ്മാരകമായി നിലനില്‍ക്കുന്നു. ഇതിനെല്ലാം നേതൃത്വം കൊടുത്ത ശബരി ആശ്രമം കേന്ദ്രമാക്കി ഇത്തരം ദേശീയ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവന്നതിന്റെ അലയൊലികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളം ചലനം സൃഷ്ടിച്ചപ്പോള്‍ ഭാരതത്തിലെ പ്രമുഖനേതാക്കള്‍ ഈ സ്ഥാപനത്തെ തേടിയെത്തി. 1927-ല്‍ മഹാത്മാഗാന്ധി കസ്തൂര്‍ബാ ഗാന്ധിയോടൊപ്പം ശബരി ആശ്രമം സന്ദര്‍ശിച്ചു. അതോടെ കേരളത്തിന്റെ ബര്‍ദോളി എന്ന് ഈ കൊച്ചുഗ്രാമം അറിയപ്പെട്ടു. തെക്കേ മലബാറിലെ ഉപ്പു സത്യാഗ്രഹജാഥ ശബരി ആശ്രമത്തില്‍ നിന്നാണ് പുറപ്പെട്ടത്. പാലക്കാട് ജില്ലയില്‍ പാലക്കാട് പട്ടണത്തില്‍ നിന്നു 8 കിലോമീറ്റര്‍ വടക്കു മാറി മലമ്പുഴ പാതയിലാണ് അകത്തേത്തറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മലമ്പുഴ അണക്കെട്ടിനടുത്തു കിടക്കുന്ന ഒരു പഞ്ചായത്താണ് അകത്തേത്തറ. ഭൂമിശാസ്ത്രപരമായി മലനാട്ടിലും ഇടനാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണിത്. പഞ്ചായത്തിന്റെ വടക്കന്‍പ്രദേശങ്ങള്‍ കുന്നുകള്‍ നിറഞ്ഞതും, തെക്കന്‍പ്രദേശങ്ങള്‍ താരതമ്യേന സമതലപ്രദേശങ്ങളുമാണ്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ പര്‍വ്വതനിര, ഉയര്‍ന്ന സമതലം, ചെങ്കുത്തായ ചെരിവുള്ള പ്രദേശങ്ങള്‍, കുത്തനെയുള്ള ചെരിവ്, ഇടത്തരം ചെരിവുള്ള പ്രദേശങ്ങള്‍, ചെറിയചെരിവുള്ള പ്രദേശങ്ങള്‍, താഴ്ന്ന ചെരിവുള്ള പ്രദേശങ്ങള്‍, സമതലപ്രദേശങ്ങള്‍, ചിറകള്‍, വെള്ളപൊക്ക ബാധിതപ്രദേശങ്ങള്‍ എന്നിങ്ങനെ പത്തു മേഖലകളായി തിരിക്കാം. ചെങ്കല്‍മണ്ണ്, എക്കല്‍ അടിഞ്ഞുള്ള മണ്ണ്, അവശിഷ്ടമണ്ണ്, പാറ എന്നിവയാണ് ഈ പഞ്ചായത്തില്‍ പ്രധാനമായും ഉപരിതലത്തില്‍ കാണപ്പെടുന്ന മണ്ണിനങ്ങള്‍. നെല്‍കൃഷിയാണ് ഈ പഞ്ചായത്തിന്റെ പ്രധാനകൃഷി. തെങ്ങ്, റബ്ബര്‍, കശുവണ്ടി, വാഴ, ഇടവിളകള്‍ എന്നിവയും ഇവിടങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. ധാരാളം കരിങ്കല്‍ ക്വാറികളുള്ള ഒരു പഞ്ചായത്താണിത്.