ചരിത്രം
പ്രധാനമായും കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിച്ച് മണ്ണില്‍ വിയര്‍പ്പ് ചിന്തി അധ്വാനിച്ചു കഴിഞ്ഞുപോരുന്ന പ്രായേണ ശാന്തശീലരും സമാധാനപ്രിയരുമായ ഒരു ജനതയുടെ അധിവാസ ഭൂമിയാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. ചുരുക്കത്തില്‍ ഇടത്തരം കര്‍ഷകരുടെ നാടാണിത്. മറ്റു പ്രദേശങ്ങളിലുള്ള ജന്മിമാരുടെയും ദേവസ്വങ്ങളുടെയും അധീനതയിലായിരുന്നു ഇവിടെയുള്ള ഭൂവിഭാഗങ്ങളിലേറെയും. പ്രസ്തുത ഭൂമികള്‍ വിലക്കു വാങ്ങിയും പാട്ടത്തിനെടുത്തും കൃഷി ചെയ്യുവാന്‍ കുറവിലങ്ങാട്, അതിരമ്പുഴ, കുളത്തൂര്‍, മാറിടം, ചേര്‍പ്പുങ്കല്‍, കൊഴുവനാല്‍, പാലാ, ഭരണങ്ങാനം തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍ നിന്നും വന്നെത്തിയവരാണ് ഇവിടെയുള്ള ആദ്യകാല നിവാസികള്‍. ഈ അധിനിവേശങ്ങള്‍ക്ക് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പഞ്ചായത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രം 800 വര്‍ഷങ്ങളോളം പഴക്കമുള്ള തെക്കുംതല ഭാഗത്തുള്ള ഭഗവതി ക്ഷേത്രമാണ്. കാരങ്ങാട്ട്, കാരങ്ങോട്ടശ്ശേരി മുതലായ ബ്രാഹ്മണ കുടുംബങ്ങളും അവര്‍ക്ക് സഹായം ചെയ്തിരുന്ന ചില ശൂദ്രകുടുംബങ്ങളും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇവിടെ വന്നെത്തിയവരാണ്. പഴയതെക്കുംകൂര്‍ രാജ്യത്തിലുള്‍പ്പെട്ടതായിരുന്നു അകലക്കുന്നവും പരിസര പ്രദേശങ്ങളും. പാമ്പാടിക്കടുത്തുള്ള വെന്നിമലയായിരുന്നു തെക്കുംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനം. തെക്കുംകൂര്‍ രാജാവിന്റെ പക്കല്‍ വലിയ സ്വാധീനമുണ്ടായിരുന്ന നമ്പൂതിരിമാര്‍ ഈ പ്രദേശങ്ങളില്‍ പ്രതാപവാന്‍മാരായി വസിച്ചിരുന്നു. ഇവരുടെ പ്രധാന ആസ്ഥാനം ചെങ്ങളത്തിനും കാഞ്ഞിരമറ്റത്തിനും ഇടയ്ക്കുള്ള ആലുങ്കല്‍ തകിടി ഭാഗമായിരുന്നു. അവിടം ഒരു വ്യാപാരകേന്ദ്രമായി അക്കാലത്ത് വളരുകയുണ്ടായി. അരുവിത്തുറ തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കുണ്ടായിരുന്ന നടപ്പുവഴിയിലെ പ്രധാനതാവളമായിരുന്നു ഈ സ്ഥലം. വ്യാപാരത്തിനായി ഇവിടെയെത്തിയിരുന്ന മുഹമ്മദീയര്‍ താമസിച്ചിരുന്ന ഭാഗത്തിന് യോനകന്‍ പേട്ട എന്ന പേരും സിദ്ധിക്കുകയുണ്ടായി. മുഴൂര്‍ വാര്‍ഡിലെ 652 ഏക്കര്‍ വിസ്താരമുള്ള മുഴൂര്‍ പ്രദേശം മുഴുവന്‍ ഏതാണ്ട് 50-60 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ പ്രസിദ്ധമായ സൂര്യകാലടി ഭട്ടതിരിമാരുടെ വകയായിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത സൌഹൃദമുണ്ടായിരുന്ന കാലടി മനയിലെ ഭട്ടതിരിമാര്‍ക്ക് മുഴൂര്‍ പ്രദേശം കരമൊഴിവായി രാജാവ് നല്‍കുകയായിരുന്നു. പന്നകം തോടിന്റെ ഓരം ചേര്‍ന്ന് ചാത്തന്‍പാറതോട്, കാക്കവള്ളിത്തോട് എന്നീ ചെറിയ അരുവികളാല്‍ ഏകദേശം പൂര്‍ണ്ണമായും വലയം ചെയ്തു കിടക്കുന്ന മുഴൂര്‍ ചേരിക്കല്‍ ഇങ്ങനെയാണ് കാലടിമനയായിത്തീര്‍ന്നതെന്നാണ് ഐതിഹ്യം. കൃഷിയിലും വ്യാപാരത്തിലും വളരെ അഭിവൃദ്ധി പ്രാപിച്ച ഈ പ്രദേശങ്ങളില്‍ കാര്‍ഷിക വിഭവങ്ങള്‍ കോട്ടയം കോടിമതിയില്‍ കൊണ്ടുപോയി വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. അടിമക്കച്ചവടം വ്യാപകമായിരുന്നു. 6 രൂപ പത്ത് ചക്രമായിരുന്നു അന്നത്തെ ഒരു അടിമയുടെ വില. സ്ഥലങ്ങള്‍ വിറ്റ് കൈമാറുമ്പോള്‍ കൈവശമുണ്ടായിരുന്ന അടിമകളെക്കൂടി കൈമാറിയിരുന്നു. എ.ഡി.1812-ല്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയതോടു കൂടിയാണ് ഇതവസാനിച്ചത്. സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുകയായിരുന്നു അന്നത്തെ സമ്പാദ്യശീലം. മറ്റക്കര ഭാഗങ്ങളിലെ നായര്‍ തറവാടുകളുടെ തരിശുനിലങ്ങളില്‍ കിടക്കുന്ന കുടപ്പനകള്‍ വെട്ടിയറഞ്ഞ് ഇടിച്ചുപിഴിഞ്ഞ് എടുക്കുക എന്നത് ഒരു പ്രതിവര്‍ഷ അനുഷ്ഠാനം ആയിരുന്നു. ഈ പ്രദേശങ്ങളിലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ പാമ്പാടി, കൊഴുവനാല്‍, പൊന്‍കുന്നം, അയര്‍ക്കുന്നം മുതലായ ചന്തകളിലാണ് കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. 1989-ല്‍ ചെങ്ങളത്ത് ഒരു പബ്ളിക് മാര്‍ക്കറ്റ് സ്ഥാപിതമായി. മൂഴയില്‍ ശ്രീപുരംക്ഷേത്രം ഈഴവ സമുദായത്തിന്റേതായി 1901-ല്‍ സ്ഥാപിക്കപ്പെട്ടു. പ്രതിഷ്ഠ ശ്രീ ശങ്കരനാരായണമൂര്‍ത്തിയുടെതാണ്. വിഷ്ണുവിന്റേയും പരമശിവന്റേയും ചൈതന്യങ്ങള്‍ ഇവിടെ ആവാഹിക്കപ്പെട്ടിട്ടുണ്ട്. കിഴക്കടമ്പ് മഹാദേവര്‍ ക്ഷേത്രം ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്ഥാപിക്കപ്പെട്ടതാണ്. ക്ഷേത്രകുളത്തിലെ ജലസമ്പത്ത് പ്രസിദ്ധമാണ്. കാരങ്ങാട്ട് ഭഗവതീക്ഷേത്രം ആനിക്കാടുപ്രദേശത്തെ പുരാതനക്ഷേത്രങ്ങളിലൊന്നാണ്. കടത്തനാട്ടുഭാഗത്ത് നിന്ന് ഇവിടെ കുടിയേറിയ ആദ്യത്തെ നമ്പൂതിരി കുടുംബമെന്ന് കരുതപ്പെടുന്നതും ദേവന്‍, വിക്രമന്‍ എന്ന് മാറാ ഇരട്ടപ്പേരുള്ളവരുമായ കുഴിപ്പള്ളി ഇല്ലം വകയാണ് ഈ ക്ഷേത്രം. ഇവിടുത്തെ ഉല്‍സവവും സമീപപ്രദേശങ്ങളില്‍ പ്രസിദ്ധമാണ്. മറ്റു രണ്ട് ക്ഷേത്രങ്ങളാണ് മറ്റക്കര തുരുത്തിപ്പള്ളി ക്ഷേത്രവും പട്യാലിമറ്റം ആയിരൂര്‍ ശിവക്ഷേത്രവും. ഊരാഴ്മ ദേവസ്വത്തിന്റെ കീഴില്‍ പുരാതന കാലം മുതല്‍ ഇടമുള്ള വാര്‍ഡിലെ പ്രസിദ്ധമായ ക്ഷേത്രമാണ് കുളത്തരക്കാവ് ദേവീക്ഷേത്രം. ഒരുകാലത്ത് വളരെ പ്രസിദ്ധമായിരുന്ന ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയം 1917-ല്‍ സ്ഥാപിതമായതാണ്. കാഞ്ഞിരമറ്റം ഹോളിക്രോസ് ദേവാലയം ആദ്യം ചേര്‍പ്പുങ്കല്‍ പള്ളിയുടെ കുരുശുപള്ളിയായിട്ടാണ് സ്ഥാപിതമായത്. മറ്റക്കരയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാദുവാപ്പള്ളി വി.അന്തോനീസിന്റെ നാമത്തില്‍ 1921-ല്‍ സ്ഥാപിതമായി. പള്ളിസ്ഥാപനത്തോടുകൂടിയാണ് ഈ ഭൂപ്രദേശം പാദുവ എന്ന പേരിലറിയപ്പെടുന്നത്. പാദുവ എന്ന പേരില്‍ ഒരു പോസ്റ്റോഫീസും ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. മറ്റക്കര തിരുകുടുംബ ദേവാലയം 1988-ല്‍ ഈ പഞ്ചായത്തു പ്രദേശത്തുണ്ടായ ആദ്യത്തെ ക്രൈസ്തവ ദേവാലയമാണ്. കല്ലൂര്‍ക്കുളം അഞ്ചലാഫീസ് തിരുവിതാംകൂര്‍ അഞ്ചല്‍ സര്‍വ്വീസിന്റെ ഭാഗമായി നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍തന്നെ സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അഞ്ചലാഫീസുകള്‍ പോസ്റ്റോഫീസുകളായി മാറി. ഇവിടെ ആദ്യം വൈദ്യുതി എത്തിയത് 1960-കളിലാണ്. 1954-ല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 മണ്ണെണ്ണ വിളക്കുകള്‍ സ്ഥാപിക്കുകയുണ്ടായി. ഇവ മുനിസിപ്പാലിറ്റി വിളക്കെന്നും പില്‍ക്കാലത്ത് പഞ്ചായത്ത് വിളക്കെന്നും അറിയപ്പെട്ടിരുന്നു. വാഴൂര്‍-പുലിയന്നൂര്‍ റോഡിലൂടെ ആരംഭിച്ച ബസ്സ് സര്‍വ്വീസ് ആയിരുന്നു ഈ പ്രദേശത്തെ ആദ്യത്തെ ബസ്സ് സര്‍വ്വീസ്. സര്‍വ്വീസ് 1962-ല്‍ മുത്തോലി പാലം തുറന്നതോടെ പാലായിലേയ്ക്ക് നീണ്ടു. 1954-ല്‍ കോട്ടയത്തുനിന്നും കരിമ്പാനിവരെ ഒരു ബസ്സ് ഓടിത്തുടങ്ങി.