ചരിത്രം

ഭരണ ചരിത്രം

ഇന്നത്തെ അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ തുടക്കം ആറു ദശകങ്ങള്‍ക്ക് മുമ്പായിരുന്നു. മദ്രാസ് സംസ്ഥാനത്തിലെ സൌത്ത് കാനറാ ജില്ലയിലെ അജാനൂര്‍ ഗ്രാമത്തിന്റെ ഭരണം നടത്തിയിരുന്നത് സൌത്ത് കാനറാ ഡിസ്ട്രിക്ട് ബോര്‍ഡ് ആയിരുന്നു. 1937 മാര്‍ച്ച് മാസം 19-ാം തിയതി വെള്ളിയാഴ്ച 11 മണിക്ക് അജാനൂര്‍ പഞ്ചായത്ത് കോര്‍ട്ട് കെട്ടിടത്തില്‍ സൌത്ത് കാനറാ ഡി.പി.ഒ. ബാലകൃഷ്ണന്‍ മുമ്പാകെ പന്ത്രണ്ട് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ പഞ്ചായത്ത് ഭരണത്തിന് തുടക്കമായി.  ശങ്കര്‍ റാവുവിനെ പ്രസിഡന്റായും ബി.മാധവ പ്രഭുവിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. 24-5-1937 ന് വൈസ് പ്രസിഡന്റ് ബി.മാധവ പ്രഭു നല്‍കിയ 10 ഉറുപ്പികയില്‍ നിന്നാണ് ഇന്ന് ലക്ഷങ്ങളിലെത്തി നില്‍ക്കുന്ന പഞ്ചായത്ത് ഫണ്ടിന്റെ തുടക്കം. സ്ഥലത്തെ പ്രമുഖരായിരുന്നു അന്നത്തെ പഞ്ചായത്ത് ബോര്‍ഡ് അംഗങ്ങള്‍. ഡിസ്ട്രിക്ട് ബോര്‍ഡില്‍ നിന്നു കിട്ടുന്ന ധനസഹായവും സ്ഥലത്തെ പ്രമുഖരില്‍ നിന്നുള്ള സംഭാവനയും പ്രസിഡന്റ് പിരിച്ചെടുക്കുന്ന നികുതികളും ഫീസുകളും ആയിരുന്നു ആദ്യ കാലത്തെ വരുമാന മാര്‍ഗ്ഗങ്ങള്‍. ആദ്യത്തെ ചെലവ് ഒരുറുപ്പികയായിരുന്നു. തപാല്‍ സ്റ്റാമ്പ് വാങ്ങുന്നതിനാണ് ഈ തുക ഉപയോഗിച്ചത്. 10-4-1938ന് പി.കൃഷ്ണന്‍ നായര്‍ പഞ്ചായത്തു പ്രസിഡന്റായി അധികാരമേറ്റു. 1957 വരെ അദ്ദേഹം പഞ്ചായത്തു ബോര്‍ഡ് പ്രസിഡന്റായി തുടര്‍ന്നു. കേരള പിറവിക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1957ല്‍ കെ.കുഞ്ഞമ്പു പഞ്ചായത്തു ബോര്‍ഡ് പ്രസിഡന്റായി സ്ഥാനമേറ്റു.

സ്ഥലനാമ  ചരിത്രം

ഇന്നത്തെ തുളുച്ചേരിയില്‍ മുമ്പ് വളരെ പ്രസിദ്ധമായ കളരിപ്പയറ്റ് കേന്ദ്രം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു. ഒതേനന്‍ കളരി പഠിക്കാന്‍ എത്തിച്ചേര്‍ന്നത് തുളുച്ചേരിയിലെ കളരിയിലാണ് എന്ന് ആള്‍ക്കാര്‍ ഇപ്പോഴും വിശ്വസിക്കുന്നു. വെള്ളിക്കുന്നത്ത് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം വെള്ളിക്കോത്തായും പണ്ട് രാവണന്‍ തപസ്സ് ചെയ്തിരുന്ന സ്ഥലം രാവണീശ്വരമായും മാറിയെന്നാണ് വിശ്വസിക്കുന്നത്. ചിറ്റ് എന്ന വാക്കിന് നെല്ലറ (വയല്‍ ധാരാളമുള്ള സ്ഥലം) യെന്നും അതിര് എന്നും അര്‍ത്ഥമുണ്ട്. ചിത്താരി എന്ന സ്ഥലനാമം ഇങ്ങനെയുണ്ടായതാണ് എന്നും പറയാം. ഒരു പ്രദേശത്തിന്റെ അതിരായി ഒഴുകുന്ന പുഴയായതിനാല്‍ ആ പുഴയ്ക്ക് ചിത്താരിപ്പുഴ എന്ന പേര് കിട്ടിയതാവാം. അല്ലെങ്കില്‍ സ്ഥലനാമത്തില്‍ നിന്നും പുഴയ്ക്ക് ആ പേരു കിട്ടിയതുമാവാം.

സാംസ്കാരിക ചരിത്രം

ഈ ഗ്രാമ പഞ്ചായത്തില്‍ വിവിധ ജാതി വിഭാഗങ്ങള്‍ പ്രത്യേകം തറകളായിട്ടാണ് ജീവിച്ചുവന്നിരുന്നത്. ഓരോ വിഭാഗത്തിനും അവരുടേതായ ആചാര മര്യാദകളും ക്ഷേത്രങ്ങളുമൊക്കെ സ്വന്തമായിട്ടുണ്ടായിരുന്നു. ജൈന ബൌദ്ധമതങ്ങളുടെ ബാക്കി പത്രമായ കാവുകളും ജനങ്ങളുടെ സാംസ്ക്കാരികവും ആത്മീയവുമായ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. വീരാരാധനയുടെ ഭാഗമായി വടക്കെ മലബാറിലാകെ പ്രസിദ്ധമായ തെയ്യം ഈ ഗ്രാമത്തിലും അതിന്റെ എല്ലാ വൈശിഷ്ട്യത്തോടുംകൂടി നില നില്‍ക്കുന്നുണ്ട്. മിക്കവാറും എല്ലാ ജാതികളുടേയും താന (ജാതി കൂട്ടങ്ങളുടെ കേന്ദ്രം) ങ്ങളില്‍ തെയ്യം കെട്ടിയാടി വരുന്നുണ്ട്. ഈ പ്രദേശങ്ങളിലെ ആരാധനാ കേന്ദ്രങ്ങളില്‍ ജാതീയതയുടെ ശ്രേണി വ്യവസ്ഥ കൃത്യമായും പാലിക്കപ്പെട്ടിരുന്നുവെന്നതിന് കീഴ്ജാതികളുടെ താനങ്ങളില്‍ കോയ്മ സ്ഥാനത്ത് ഉയര്‍ന്ന ജാതിക്കാരായ നായന്മാരായിരുന്നുവെന്നത് സാക്ഷ്യം വഹിക്കുന്നു. ഈ ദേവസ്ഥാനങ്ങളിലൊക്കെ ഇരുപത്തിയഞ്ചോ മുപ്പതോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നടത്തുന്ന പെരുങ്കളിയാട്ടം വിവിധ സമുദായക്കാരുടെ ഒത്തുച്ചേരലിന് കാരണമാകുന്നു. മുസ്ളീങ്ങളുടെ ആരാധന കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വളരെ പ്രാചീനമായ പള്ളികളില്‍ ഒന്നായ അതിഞ്ഞാല്‍ പള്ളിയാണ്.

ദേശീയ പ്രസ്ഥാന ചരിത്രം

ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശം ആദ്യമായി എത്തിച്ചേര്‍ന്ന കേരളത്തിലെ അപൂര്‍വ്വം ഗ്രാമങ്ങളിലൊന്നായിരുന്നു അജാനൂര്‍. ഇവിടെ നിന്ന് ഗാന്ധിജിയുടെ അഹിംസാ മന്ത്രവും സഹന സമരത്തിന്റെ സന്ദേശവും സാമ്രാജ്യത്വ വിരുദ്ധ മുദ്രവാക്യങ്ങളും നിരവധി ഗ്രാമങ്ങളിലേക്ക് പ്രചരിച്ചു. മലബാറിലെ പ്രമുഖരായ പല നേതാക്കളുടെയും പ്രവര്‍ത്തനങ്ങളുടെ പാഠശാലയായിരുന്നു വെള്ളിക്കോത്ത്. ദേശീയ പ്രസ്ഥാനത്തിന്റെ ആശയം ബഹുജനങ്ങളിലെത്തിക്കുവാന്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തത് വെള്ളിക്കോത്ത് രൂപം കൊണ്ട വിജ്ഞാന ദായിനി സ്കൂളായിരുന്നു. ഈ സ്ഥാപനത്തിന്റെ പിന്നിലെ പ്രേരക ശക്തി വിദ്വാന്‍ പി.കേളു നായരായിരുന്നു. ദേശ ഭക്തിയും അയിത്തോച്ചാടനത്തിനു വേണ്ടിയുള്ള ആഹ്വാനവും നിറഞ്ഞു തുളുമ്പുന്ന നിരവധി നാടകങ്ങള്‍ കേളു നായര്‍ എഴുതി സംവിധാനം ചെയ്തു രംഗത്തവതരിപ്പിച്ചു. വിജ്ഞാനദായിനി വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചു കൊണ്ടായിരുന്നു അദ്ദേഹം നാടകാവതരണം നടത്തിയിരുന്നത്. ലങ്കാ ദഹനം, പാക്കനാര്‍ ചരിതം തുടങ്ങിയ നാടകങ്ങള്‍ ഇത്തരം നാടകങ്ങളില്‍ വളരെ പ്രസിദ്ധമായവയാണ്. 1928ല്‍ കെ.പി.സി.സി യുടെ ആഭ്യമുഖ്യത്തില്‍ നടന്ന പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനം കോണ്‍ഗ്രസിന്റെ തന്നെ ചരിത്രത്തിലെ  ഒരു വഴിത്തിരിവായിരുന്നു. കോണ്‍ഗ്രസിന്റെ ആത്യന്തിക ലക്ഷ്യം പൂര്‍ണ സ്വരാജാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തില്‍ വച്ചായിരുന്നു, പയ്യന്നൂരില്‍ വച്ചു നടന്ന ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുക്കുവാന്‍ പോയവരില്‍ കെ.മാധവനോടൊപ്പം അജാനൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നു. 1932 ഫെബ്രുവരി 6 ന് കോട്ടച്ചേരിയില്‍ വച്ച് കെ.മാധവന്റെ നേതൃത്വത്തില്‍ നടന്ന വിദേശ വസ്ത്ര ബഹിഷ്ക്കരണ പരിപാടിയില്‍ വി.പി.കൃഷ്ണന്‍നായര്‍, ചാത്തുക്കുട്ടി നായര്‍, തെക്കുമ്പാടന്‍ മാലിങ്കന്‍ മണിയാണി തുടങ്ങിയവര്‍ വളണ്ടിയര്‍മാരായിരുന്നു.

വിദ്യാഭ്യാസ ചരിത്രം

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി വിദ്വാന്‍ പി.കേളുനായരുടെയും എ.സി.കണ്ണന്‍ നായരുടെയും നേതൃത്വത്തില്‍ 1926-മെയ് 22 ന് അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്ത് ആരംഭിച്ച ദേശീയ വിദ്യാലയമായ വിജ്ഞാന ദായിനി സംസ്കൃത പാഠശാലയാണ് ഈ ഗ്രാമപഞ്ചായത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനം. സംസ്കൃതത്തോടൊപ്പം ഇംഗ്ളീഷ്, കര്‍ണ്ണാടക എന്നീ ഭാഷകളും കൈത്തൊഴിലും പഠിപ്പിച്ചിരുന്ന പ്രസ്തുതസ്ഥാപനം അന്നത്തെ ഒരു ഗ്രാമീണ സര്‍വ്വകലാശാല തന്നെയായിരുന്നു. ജനങ്ങളില്‍ ദേശീയ ബോധം വളര്‍ത്താനും ഗ്രാമ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ അന്ത:സ്സത്ത പ്രയോഗികമാക്കുന്നതിനും വേണ്ടി പ്രചാരണം നടത്തുക എന്നത് വിജ്ഞാനദായിനി ദേശീയ സ്കൂള്‍ പ്രധാന ദൌത്യമായി ഏറ്റെടുത്തിരുന്നു. ഇതിനുള്ള മാധ്യമമായി നടനും നാടക കൃത്തും കവിയും ഗായകനും അധ്യാപകനുമായ കേളു നായര്‍ ദേശീയ സ്കൂള്‍ നാടകവേദിയും ആരംഭിച്ചു. അയിത്തത്തിനും അനാചാരങ്ങള്‍ക്കും എതിരെ പ്രതികരിക്കുന്ന പക്കാനാര്‍ചരിതം, കൈ തൊഴിലിന്റെ മഹത്വം വിളിച്ചോതുന്ന കബീര്‍ദാസ് ചരിതം തുടങ്ങി കേളുനായര്‍ തന്നെ എഴുതി സംവിധാനം ചെയ്ത അവതരിപ്പിച്ച നാടകങ്ങള്‍ അവയില്‍ ചിലത് മാത്രമാണ്. ഒരു കാലത്ത് ഹോസ് ദുര്‍ഗ്ഗ് താലൂക്കിലെ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക സൌകര്യമായി വളരെകാലം പ്രവര്‍ത്തിച്ച ഈ വിദ്യാലയം ഇന്ന് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയമായി ഉയര്‍ന്ന് വന്നിരിക്കയാണ്. ലോകത്തിന്റെ നാനഭാഗങ്ങളില്‍ നിന്നും ശാന്തിതേടി വിവിധ ജാതിമതസ്ഥര്‍ എത്തുന്ന ആനന്ദാശ്രമത്തിന്റെ സ്ഥാപകനും പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന സ്വാമി രാം ദാസ് 1946-ല്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളായ ഹരിജനങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച ശ്രീ കൃഷ്ണ വിദ്യാലയം ഇന്ന് ആ മഹത് വ്യക്തിയുടെ സ്മാരകമായി നില കൊള്ളുന്നു. പരാമ്പര്യ രീതിയില്‍ ചികിത്സ നടത്തിയിരുന്ന നാടന്‍ വൈദ്യന്‍മാര്‍ പഴയകാലങ്ങളില്‍ പഞ്ചായത്തിന്റെ പല ഭാഗത്തും ഉണ്ടായിരുന്നു. വിഷ ചികിത്സ നടത്തിയിരുന്നവരും ഉണ്ടായിട്ടുണ്ട്. അലോപ്പതി ചികില്‍സ്ക്ക് വേണ്ടി പുതിയ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയെയാണ് ഭൂരിഭാഗം ജനങ്ങളും ആശ്രയിച്ചിരുന്നത്. നാഷണല്‍ ഹൈവേ (എന്‍.എച്ച്-17) പഞ്ചായത്തിന്റെ കിഴക്ക് ഭാഗമായ മാവുങ്കാലില്‍ കൂടി 2.5കി.മീ. നീളത്തില്‍ കടന്നുപോകുന്നു. അതുപോലെ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗമായ അതിഞ്ഞാല്‍, മാണിക്കോത്ത്, മഡിയന്‍, ചാമുണ്ഡിക്കുന്ന് പ്രദേശങ്ങളില്‍ക്കൂടി കോട്ടച്ചേരി- കാസര്‍ഗോഡ് തീരദേശ പി.ഡബ്ള്യു.ഡി റോഡ് 9.5 കി. മീ. നീളത്തില്‍ കടന്നു പോകുന്നു. അതുകൊണ്ട് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ദീര്‍ഘദൂര യാത്രാ സൌകര്യവും ലഭിക്കുന്നു.