അജാനൂര്‍
കാസര്‍ഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ് താലൂക്കില്‍ കാഞ്ഞങ്ങാട് ബ്ലോക്കില്‍ അജാനൂര്‍, ചിത്താരി എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത്. 27.83 ചതുരശ്ര കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പുല്ലൂര്‍ പെരിയ പഞ്ചായത്തും മടിക്കൈ പഞ്ചായത്തും വടക്ക് പള്ളിക്കര പഞ്ചായത്തും പുല്ലൂര്‍ പെരിയ പഞ്ചായത്തും തെക്ക് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും ആണ്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പഴയ അള്ളട സ്വരൂപത്തിലുള്‍പ്പെടുന്ന ഒരു പ്രദേശമാണ്. പഴയ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന തെക്കന്‍ കര്‍ണ്ണാടക ജില്ലയിലെ കാസര്‍ഗോഡ് താലൂക്കിലെഒരുഗ്രാമമാണ് അജാനൂര്‍, ചിത്താരി ഗ്രാമങ്ങള്‍ ചേര്‍ന്ന ഇന്നത്തെ അജാനൂര്‍ ഗ്രാമപഞ്ചായത്ത്. വിദ്വാന്‍ പി.കേളുനായരുടെ ജീവിതം വടക്കേ മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ തന്നെ ജീവചരിത്രമാണ്. വിജ്ഞാന ദായിനി വായന ശാലയും സ്കൂളും ഈ ഗ്രാമത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ്. വിദ്വാന്‍ പി.കേളുനായര്‍ എഴുതി അഭിനയിച്ച നിരവധി നാടകങ്ങള്‍ (ലങ്കാ ദഹനം, പാക്കനാര്‍ ചരിതം പോലുള്ളവ) ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോടടുപ്പിച്ചുവെന്നു മാത്രമല്ല നാടക സങ്കല്‍പങ്ങളാകെ മാറ്റി മറിക്കുകയും ചെയ്തു. ലക്ഷദ്വീപ് കടല്‍ത്തീരത്ത് വടക്കന്‍ ഇടനാട് കാര്‍ഷിക കാലാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത്. കൃഷിയെ മുഖ്യ ഉപജീവനമാര്‍ഗ്ഗമായി കണ്ടിരുന്ന ഒരു ജനസമൂഹമായിരുന്നു ഈ പഞ്ചായത്തിലുണ്ടായിരുന്നത്. കേരള സംസ്ഥാനത്തിന്റെ തീര പ്രദേശത്ത് ഉത്തര മധ്യ ഭൂമേഖല കാര്‍ഷിക കാലാവസ്ഥയില്‍ പെടുന്ന കാഞ്ഞങ്ങാട് ബ്ളോക്കില്‍ കിഴക്ക് നെല്ലിത്തറ മുതല്‍ പടിഞ്ഞാറ് ലക്ഷദ്വീപ് കടല്‍ വരെയും വടക്ക് പാടിക്കാനം മുതല്‍ തെക്ക് വെള്ളായിതോടു വരെയും 27.83 ചതുരശ്ര കി.മീറ്ററില്‍ കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചെരിഞ്ഞു കിടക്കുന്ന പ്രദേശമാണ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത്. പഴയ തെക്കന്‍ കര്‍ണാടക ജില്ലയുടെ ഭാഗമായിരുന്ന കാസര്‍ഗോഡ് താലൂക്കിലെ അറിയപ്പെടാത്ത ഗ്രാമങ്ങളിലൊന്നായിരുന്നു ആദ്യകാലത്തെ അതിയാല്‍ ഗ്രാമം. ഇന്ന് കേരളത്തിന്റെ സാംസ്ക്കാരിക നഭോ മണ്ഡലത്തില്‍ പ്രകാശം പരത്തുന്ന അപൂര്‍വ്വം ഗ്രാമങ്ങളിലൊന്നാണ്് ഈ പ്രദേശം. വടക്കേ മലബാറിന്റെ സാംസ്ക്കാരിക നവോത്ഥാനത്തിനു നേതൃത്വം കൊടുത്ത വിദ്വാന്‍ പി.കേളുനായരുടെയും മഹാകവി പി.കുഞ്ഞിരാമന്‍ നായരുടേയും ജന്മഗേഹമാണ് ഈ പഴയ തുളുനാടന്‍ ഗ്രാമം. ഓരോ ക്ഷേത്ര പരിസരങ്ങളിലും അതിനോടനുബന്ധിച്ച് വ്യത്യസ്ത തൊഴില്‍ കൂട്ടങ്ങളും ഉയര്‍ന്നു വരികയുണ്ടായി. ഈ തൊഴില്‍ കൂട്ടങ്ങളാകെ പുതിയ സംസ്ക്കാരത്തിന്റെ സന്ദേശ വാഹകരായി ഓരോ ജാതി വിഭാഗങ്ങളും തങ്ങളുടെ ജിവിതാവസ്ഥയുമായി ബന്ധപ്പെട്ട കലാ രൂപങ്ങള്‍ക്ക് ജന്മം നല്‍കി. ശാലിയപൊറാട്ട്, പൂരക്കളി എന്നിവ ഇത്തരുണത്തില്‍ സ്മരണീയമാണ്. ഓരോ ജാതി വിഭാഗങ്ങള്‍ക്കും സ്വന്തമായി ദേവസ്ഥാനങ്ങളുമുണ്ടായി. ഈ കേന്ദ്രങ്ങള്‍ ആരാധനയുടേയും ഉല്‍സാവാഘോഷങ്ങളുടേയും ജനങ്ങളുടെ ഒത്തു ചേരലിന്റെയും കേന്ദ്രങ്ങളായി മാറി. വടക്കേ മലബാറിന്റെ തനതു കലാരൂപമായ പൂരക്കളി, ഇത്തരം ദേവസ്ഥാനങ്ങളുടെ അനുബന്ധമായി ഈ ഗ്രാമത്തില്‍ വളരെയധികം പടര്‍ന്നു പന്തലിച്ചു. ഈ ഗ്രാമത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനമാണ് മടിയന്‍ കൂലോം ക്ഷേത്രം. ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്ക്കാരവും വിളിച്ചോതുന്ന നമ്മുടെ മഹനീയ കലാ പാരമ്പര്യത്തിന്റെ ബാക്കി പത്രമാണ് ഈ ക്ഷേത്രം. ഇതിഹാസ കഥകള്‍ ഇതള്‍ വിരിയുന്ന ക്ഷേത്രത്തിലെ ദാരുശില്‍പം സന്ദര്‍ശകരേയും കലാവിദ്യാര്‍ത്ഥികളേയും ഇന്നും അത്ഭുത പരതന്ത്രരാക്കുന്നു. അജാനൂര്‍ ഗ്രാമത്തില്‍ നിരവധി മുസ്ളീം പള്ളികളുണ്ട്. ഇതിലേറ്റവും പഴക്കം ചെന്നതാണ് അതിഞ്ഞാല്‍ പള്ളി. അതിഞ്ഞാല്‍ പള്ളിയും മടിയന്‍കൂലോം ക്ഷേത്രവും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ രണ്ടു ദേവാലയങ്ങളും ഹൈന്ദവ മുസ്ളീം ജനവിഭാഗങ്ങളുടെ ഇടയില്‍ സൌഹൃദത്തിന്റെയും സാഹോദര്യ ബന്ധത്തിന്റെയും പാലങ്ങളായി വര്‍ത്തിക്കുന്നു. നമ്മുടെ ഗ്രാമത്തിന്റെ എല്ലാ ഭാഗങ്ങളിലും കെട്ടിയാടിവരുന്ന തെയ്യക്കോലങ്ങള്‍ നമ്മുടെ സാംസ്കാരിക ജിവിതത്തിലെ സജീവ ധാരയാണ്. കാവുകളും അവിടത്തെ ആചാരങ്ങളും ഒരു ചരിത്ര കാലഘട്ടത്തിന്റെ സ്മരണ നിലനിര്‍ത്തുന്നു. വെള്ളിക്കുന്നത്ത് കാവ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മാവുങ്കലിനടുത്തുള്ള ആനന്ദാശ്രമം വടക്കേ മലബാറിലെ തന്നെ പ്രസിദ്ധമായ ഒരു സാംസ്ക്കാരിക കേന്ദ്രമാണ്.