ചരിത്രം

സമ്പത്തും സന്തുഷ്ടിയും നിറഞ്ഞു നിന്ന കുന്നത്തുനാടിന്റെ അധിപനെ ഒരിക്കല്‍ സൂത്രശാലിയായ ഏതോ പരദേശിയും തന്റെ ഭൃത്യനുംകൂടി കള്ളച്ചൂതില്‍ തോല്പിച്ച് നാട് കൈവെശമാക്കി എന്ന് പറയപ്പെടുന്നു. തമിഴില്‍ “അയ്യാവ്” എന്നാല്‍ യജമാനനും “ഏഴ” എന്നാല്‍ പാവവു(ഭൃത്യന്‍)മാണ്. കള്ളച്ചൂതിലൂടെ സമ്പാദിച്ച കുന്നത്തുനാട് “അയ്യ” യും “ഏഴ”യും പങ്കിട്ടെടുത്തു. അയ്യായ്ക്കു ലഭിച്ച അരനാടിന് “അയ്യായ്ക്കരനാട്” എന്നും പേരിട്ടു. വാമൊഴിയുടെ കാലാന്തര പ്രയോഗത്താല്‍ “അയ്യായ്ക്കരനാട്” അയ്ക്കരനാട് ആയി മാറി. ഇന്ന് അയ്ക്കരനാട് എന്ന പേരില്‍ ഒരു സ്ഥലമില്ല. ഈ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ പെരിങ്ങോളില്‍ സ്ഥിതിചെയ്യുന്ന അയ്ക്കനാറ എന്നറിയപ്പെടുന്ന അയ്ക്കനാചിറ അയക്ക(ര) നാ(ടു) ചിറ ലോപിച്ചുണ്ടായതാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ നിഗമനം ശരിയാണെങ്കില്‍ അയക്കരനാട് എന്ന സ്ഥലം പ്രസ്തുത ചിറയ്ക്കടുത്ത് എവിടെയെങ്കിലുമായിരുന്നിരിക്കണം. മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടക്കാലത്തിനു മുമ്പ് പെരുവന്‍മൂഴിവരെയുളള പ്രദേശങ്ങള്‍ കൊച്ചി രാജകുടുംബം വകയായിരുന്നു. രാജകുടുംബം വകയായിരുന്ന തൃപ്പുണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ഉത്സവകാലങ്ങളില്‍ പെരുവന്‍മൂഴി വരെ പറയെടുത്തു വരാറുണ്ട്. ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതായി വരുന്നതുകൊണ്ട് തൃപ്പൂണിത്തുറയില്‍ നിന്നു പുറപ്പെടുന്ന പറയെടുപ്പു സംഘത്തോടൊപ്പമുളള രാജാവോ പ്രതിനിധിയോ വടയമ്പാടി കൊട്ടാരത്തില്‍ ഒരു ദിവസം തങ്ങുമായിരുന്നു. അവരുടെ പരിവാരം താമസിച്ചിരുന്ന സ്ഥലമാണ് “പരിയാരം” എന്നപേരില്‍ ഇന്നറിയപ്പെടുന്നത്. പറയെടുപ്പു സംഘത്തിന്റെ ഭക്ഷണത്തിനും വിശ്രമത്തിനുമായി മദ്ധ്യാഹ്നത്തില്‍ കോലം (തിടമ്പ്) ആനപ്പുറത്തുനിന്ന് ഇറക്കി പൂജ നടത്താറുണ്ട്. ഇങ്ങനെ വിശ്രമിക്കുന്ന(എളയ്ക്കുന്ന) നാടിന് എളനാട്, എളഊര് എന്നൊക്കെ പറയാറുണ്ട്. എളഊര് ആണ് “എളൂര്” ആയിമാറിയത്. അയിത്താചാരങ്ങള്‍ നിലനിന്നിരുന്ന അക്കാലത്ത് കുളിക്കു വലിയപ്രാധാന്യമുണ്ടായിരുന്നു. പറയെടുപ്പുസംഘം കുളിച്ചു ശരീരശുദ്ധി വരുത്തിയിരുന്ന കുളമാണ് ഏളംകുളം. ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഈ പ്രദേശം ധന്യമാണ്. ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളിയും, പഴന്തോട്ടംപള്ളിയും, വലമ്പൂര്‍ പള്ളിയും, പാങ്കോട് പള്ളിയും പ്രധാന ക്രിസ്ത്യന്‍ ദേവാലയങ്ങളാണ്. കടമറ്റം, തോന്നിയ്ക്ക, കടയിരുപ്പ്, മാങ്ങാട്ടൂര്‍, എഴിപ്രം, പാങ്കോട് എന്നിവിടങ്ങളിലെ അമ്പലങ്ങളും കാവുകളും ഹൈന്ദവരുടെ ആരാധനാലയങ്ങളായി നിലകൊള്ളുന്നു. ക്രൈസ്തവരിലും ഹൈന്ദവ ജനതയില്‍ വിവിധ ജാതികളില്‍ അറിയപ്പെടുന്ന ജനവിഭാഗങ്ങളിലും നൂറ്റാണ്ടുകളായി നിലനിന്നുപോന്ന പല ആഘോഷങ്ങളും കലാരൂപങ്ങളും ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു. മാര്‍ഗ്ഗംകളി, ചവിട്ടുനാടകം, കോല്‍കളി, പരിചമുട്ടുകളി, തപ്പുംതുടിയും തുടങ്ങിയ കലാരൂപങ്ങള്‍ പുനര്‍ജ്ജീവിപ്പിക്കേണ്ടവയാണ്. ആലുവ ശിവരാത്രി മണപ്പുറത്ത് പിതൃതര്‍പ്പണം നടത്തുക, മണ്ഡലം നോമ്പുനോറ്റ് ശബരിമല കയറുക, മലയാറ്റൂര്‍ പൊന്നിന്‍ കുരിശ് മുത്തപ്പന്റെ മലകയറുക, കോതമംഗലം, മഞ്ഞനിക്കര തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള തീര്‍ത്ഥയാത്ര എന്നിവ ഇന്നാട്ടുകാര്‍ വര്‍ഷങ്ങളായി മുടങ്ങാതെ നടത്തിവരുന്നു. പഞ്ചായത്തിന്റെ മിക്ക വാര്‍ഡുകളിലും സാംസ്ക്കാരികസാമൂഹിക കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ളബുകള്‍, വായനശാലകള്‍ എന്നിവ ഉണ്ട്.

സ്ഥലനാമചരിത്രം

മൂവാറ്റുപുഴയാറിന്റെയും പെരുവന്‍മൂഴി തോടിന്റെയും കൈക്കുമ്പിളില്‍ സുരക്ഷിതമാണ് ഐക്കരനാട് പഞ്ചായത്തിലെ പ്രഥമ വാര്‍ഡായ കടമറ്റം. ഇതിനു കിഴക്കു വശം നാടും ഊരുവിട്ടുള്ള വനം എന്ന് അര്‍ത്ഥമുള്ള വിട്ടൂര്‍ വനപ്രദേശവും സ്ഥിതി ചെയ്യുന്നു. വിട്ടൂര്‍ കാലക്രമേണ വീട്ടൂര്‍ ആയി. പാടങ്ങളേക്കാള്‍ ഉയര്‍ന്ന കൃഷിഭൂമിക്കാണ് മറ്റം എന്നു പറയുന്നത്. ഇവിടുത്തെ പ്രശസ്തമായ പള്ളിക്ക് 1,600 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. തോന്നിക്ക തേവരും പൂമറ്റവും ഈ പഞ്ചായത്തിലെ പ്രമുഖ ആരാധനാ കേന്ദ്രമാണ്. തോന്നിക്ക മഹാദേവര്‍ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും പുരാതനകാലത്ത് ഒരു ചാക്യാരുടെ വകയായിരുന്നു. കോലഞ്ചേരിയുടെ ഒരു ചെറിയഭാഗം ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലങ്കരസുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പ്രസിദ്ധവും വിശാലവുമായ ആശുപത്രി ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. ജലത്തിന്റെ ശക്തിപ്രവാഹ കേന്ദ്രങ്ങളാണ് മൂഴികള്‍. വര്‍ഷകാലത്ത് വെള്ളം പെരുകു (പൊങ്ങു) മ്പോള്‍ വന്‍ മൂഴിയായി രൂപാന്തരപ്പെടുന്ന സ്ഥലമാണ്  പഞ്ചായത്തിലെ പെരുവന്‍മൂഴി. മങ്ങാട്ടു കുടുംബം വകയോ ചരിത്ര രേഖകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള മങ്ങാട്ട് അച്ഛനുമായി ബന്ധമുള്ളതോ ആയിരുന്നിരിക്കണം പ്രശസ്തമായ മങ്ങാട്ടൂര്‍. സംസാരശൈലിയുടെ വ്യതിയാനം നിമിത്തം മങ്ങാട്ടൂര്‍  എന്നത് മാങ്ങാട്ടൂരായി. വിശാലമായ പാങ്കോട് ഗ്രാമപ്രദേശം ഐക്കരനാടു ഗ്രാമപഞ്ചായത്തിലെ 5,6,7 വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്നു. വിസ്തൃതിയില്‍ ഭൂരിഭാഗവും ചെളിനിറഞ്ഞ നെല്‍വയലുകളാണ്. ചെളിക്ക് സംസ്കൃതത്തില്‍ പങ്കം എന്നു പറയുന്നു. കോട് എന്നാല്‍ ഭാഗം, പ്രദേശം എന്നാക്കെയാണ് അര്‍ത്ഥം. പഴയകാലത്ത് പഴവര്‍ഗ്ഗങ്ങള്‍ ധാരാളം കൃഷിചെയ്തിരുന്ന സ്ഥലങ്ങളാണ് ഇവിടുത്തെ പഴന്തോട്ടം എന്ന പ്രദേശം. എഴുന്ന (പൊങ്ങിയ) പുറം എന്ന നിലയ്ക്കാണ് ഈ സ്ഥലത്തിന് എഴിപ്രം (എഴിപ്പുറം) എന്ന പേരിട്ടത്. ഇവിടെയുള്ള പ്രശസ്തക്ഷേത്രമാണ് വെട്ടിക്കല്‍ ദേവീക്ഷേത്രം. അംബു എന്നാല്‍ വെള്ളമെന്നാണ്. അംബു വലംവയ്ക്കുന്ന ഊരാണ് വലമ്പൂര്. വലമ്പൂരിന്റെ ഒരു ഭാഗം മാത്രമേ ഈ പഞ്ചായത്തിലുള്ളൂ. അവിടെ ഏകദേശം 100 വര്‍ഷം പഴക്കമുള്ള ഒരു ക്രിസ്തീയ ദേവാലയമുണ്ട്. എഴിപ്രം, മാങ്ങാട്ടൂര്‍ വാര്‍ഡില്‍ വെട്ടിക്കത്തോട് ഭാഗത്ത് കൈത ധാരാളം ഉള്ളതിനാല്‍ പരമ്പരാഗത വ്യവസായങ്ങളില്‍ ഒന്നായ പനമ്പ് നെയ്ത്ത്, പായ് നെയ്ത്ത് എന്നിവക്ക് ഇവിടെ സാധ്യത ഏറെയുണ്ട്.