പഞ്ചായത്തിലൂടെ

ഐക്കരനാട് - 2010

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ വടവുകോട് ബ്ളോക്കിലാണ് ഐക്കരനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഐക്കരനാട് നോര്‍ത്ത് വില്ലേജ്, പട്ടിമറ്റം വില്ലേജിന്റെ ഏതാനും ഭാഗങ്ങള്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഐക്കരനാട് ഗ്രാമപഞ്ചായത്തിന് 25.65 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കുന്നത്തുനാട് പഞ്ചായത്തും, തെക്കുഭാഗത്ത് പൂത്തൃക്ക, രാമമംഗലം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വടവുകോട് പുത്തന്‍കുരിശ്, കുന്നത്തുനാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മഴുവന്നൂര്‍, വാളകം, രാമമംഗലം പഞ്ചായത്തുകളുമാണ്. 1959 രൂപീകൃതമായ ഈ പഞ്ചായത്തിന്റെ സാക്ഷരതാനിരക്ക് 100 ശതമാനമാണ്. 19,920 വരുന്ന ജനസംഖ്യയില്‍ 9998 പേര്‍ സ്ത്രീകളും, 9922 പേര്‍ പുരുഷന്മാരുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍ റബ്ബര്‍, നെല്ല്, പൈനാപ്പിള്‍, തെങ്ങ്, കുരുമുളക് എന്നിവയാണ്. പ്രസിദ്ധമായ മൂവാറ്റുപുഴ ഈ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്. 20 കുളങ്ങള്‍, ഇന്ദ്രാന്‍ചിറ തടാകം എന്നിവ പഞ്ചായത്തിലെ ജലസ്രോതസ്സുകളാണ്. ഇവിടുത്തെ കര്‍ഷകര്‍ക്ക് ജലസേചന സൌകര്യം ലഭ്യമാക്കുന്ന ഒന്നാണ് പെരിയാര്‍വാലി ഇറിഗേഷന്‍ കനാല്‍. 62 പൊതുകിണറുകളും, 328 പൊതുടാപ്പുകളും ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നു. കാക്കോടന്‍മല, കരിയാട്ടുകുന്ന്, ചെമ്പന്‍മല എന്നിവ ഇവിടുത്തെ കുന്നുകളില്‍ ചിലതുമാത്രമാണ്. 700 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് രാത്രികാലങ്ങളില്‍ പഞ്ചായത്തിലെ റോഡുകളെ സഞ്ചാരയോഗ്യമാക്കുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളാണ് ഇന്ദ്രന്‍ചിറ, കടമറ്റം പള്ളി എന്നിവ. കൊച്ചി-മധുര ദേശീയപാത പഞ്ചായത്തിന്റെ തെക്കു-കിഴക്കു വശത്തുകൂടി കടന്നുപോകുന്നു. വിദേശയാത്രയ്ക്കായി പഞ്ചായത്തുനിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും  അടുത്ത വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. ആലുവ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന  സ്ഥലമാണ് കോലന്‍ചേരി ബസ് സ്റ്റാന്റ്. ഈ പഞ്ചായത്തിലുള്ള ഏക ജലഗതാഗതകേന്ദ്രമാണ് കടമറ്റംകടത്ത്. പെരുവംമൂഴി പാലം ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളിലൊന്നാണ്. അന്തരാഷ്ട്ര വിപണിയില്‍ വിദേശനാണ്യം കൊയ്യുന്ന പഞ്ചായത്തിലെ ഏക സ്ഥാപനമായ സിന്‍തെറ്റിക് ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ്, പ്ളാന്റ് ലിപിഡ്സ്, സണ്‍ലൈറ്റ് -ഇലക്ട്രോണിക്സ്  എന്നിവയാണ് പഞ്ചായത്തിലെ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍. ഇടത്തരം-ചെറുകിട വ്യവസായങ്ങളായ കസേര നിര്‍മ്മാണം, ഇഷ്ടിക നിര്‍മ്മാണം, ചെരുപ്പുനിര്‍മ്മാണം എന്നിവ പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു. പ്രാചീനകാലത്ത് നാടിന്റെ പേരും പ്രശസ്തിയും ആ നാട്ടിലെ പരമ്പരാഗത വ്യവസായങ്ങളാണ്. പരമ്പരാഗത വ്യവസായങ്ങളില്‍ പ്രധാനമായത് മണ്‍പാത്ര നിര്‍മ്മാണം, പായ്നെയ്ത്ത്, കരിങ്കല്‍ കൊത്ത്, മരപ്പണി കൊണ്ട് നിര്‍മ്മിതമായ വസ്തുക്കള്‍ എന്നിവയാണ്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 8 റേഷന്‍ കടകളും 2 മാവേലി സ്റ്റോറുകളും, ഒരു നീതി സ്റ്റോറും പ്രവര്‍ത്തിക്കുന്നു. കടമറ്റം, കടയിരിപ്പു എന്നീ സ്ഥലങ്ങള്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ്. കടമറ്റത്ത് ഒരു ഷോപ്പിംഗ് കോംപ്ളക്സും, പഴന്തോട്ടത്ത് ഒരു ഷോപ്പിംങ്ങഗ് കോംപ്ളക്സും, ഒരു മാര്‍ക്കറ്റുമുണ്ട്. മതപരമായ വിശ്വാസങ്ങള്‍, പ്രമാണങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ മനുഷ്യവര്‍ഗ്ഗത്തിന്റെ സംസ്ക്കാരത്തെ സ്വാധീനിച്ചവയാണ്. ചരിത്രപ്രസിദ്ധമായ കടമറ്റം പള്ളി, പാങ്കോട് പള്ളി, പഴന്തോട്ടം പള്ളി, വലമ്പൂര്‍ പള്ളി എന്നീ ക്രിസ്ത്യന്‍ പള്ളികളും കടമറ്റം, തോന്നിയ്ക്ക, കടയിരുപ്പ്, ഏഴിപ്രം, മാങ്ങോട്ടൂര്‍, പാങ്കോട് എന്നിവിടങ്ങളിലെ അമ്പലങ്ങളും, കാവുകളും പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന ശിവരാത്രി മഹോത്സവം, പള്ളി പെരുന്നാള്‍ എന്നീ വിവിധ ആഘോഷ പരിപാടികള്‍ പഞ്ചായത്തിലെ സാംസ്കാരികതനിമ വിളിച്ചോതുന്നവയാണ്. എം.ഒ.എസ്.സി.എം.സി അലോപ്പതി ആശുപത്രി, ഐക്കരനാട് ആയുര്‍വേദ ഡിസ്പെന്‍സറി, കടയിരുപ്പ് പ്രാഥമിക ആരോഗ്യേകേന്ദ്രം എന്നിവ പഞ്ചായത്തിലുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളാണ്. കോലന്‍ചേരിയിലെ എം.ഒ.എസ്.സി.എം.സി ഹോസ്പിറ്റല്‍, കടയിരിപ്പിലെ സിന്‍തെറ്റിക് കെമിക്കല്‍സ് എന്നിവ പഞ്ചായത്തില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നു. മൃഗസംരക്ഷണത്തിനായി പാങ്കോട് ഒരു വെറ്റിനറി ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐക്കരനാട് പഞ്ചായത്തില്‍ ഒരു ഹൈസ്കൂളും, ഒരു യു.പി സ്കൂളും, 2 എല്‍.പി സ്കൂളുമാണ് സര്‍ക്കാര്‍ മേഖലയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍. ഇവ കൂടാതെ സ്വകാര്യ മേഖലയില്‍ ഒരു സ്കൂളും, എം.ഒ.എസ്.സി എന്ന മെഡിക്കല്‍ കോളേജും, എസ്.എന്‍.ജി.സി.ഇ എന്ന കോളേജും പ്രവര്‍ത്തിക്കുന്നു. സാമൂഹ്യസ്ഥാപനങ്ങളായി 21 അംഗന്‍വാടികളും, കടയിരുപ്പില്‍ പ്രശാന്തിഭവന്‍ എന്ന വൃദ്ധസദനവുമുണ്ട്. ദേശസാത്കൃത ബാങ്കുകളായ എസ്.ബി.ടി, യൂണിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയും, ഒരു സര്‍വ്വീസ് സഹകരണ ബാങ്കും, സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. പഞ്ചായത്തിലെ പ്രധാന ഗ്രന്ഥശാലകളാണ് ഐക്കരനാട് പഞ്ചായത്ത്  ഗ്രന്ഥശാല, പ്രകാശ് ഗ്രന്ഥശാല, പാങ്കോട് ഗ്രന്ഥശാല എന്നിവ. കോലന്‍ചേരിയിലെ വൈദ്യുതി ബോര്‍ഡ് ഓഫീസ്, ചൂണ്ടിയിലെ വാട്ടര്‍ അതോറിറ്റി ഓഫീസ്, കടയിരിപ്പിലെ കൃഷിഭവന്‍, വില്ലേജ് ഓഫീസ്, 4 തപാല്‍ ഓഫീസുകള്‍ എന്നിവ പഞ്ചായത്തിലെ പ്രധാന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കടയിരുപ്പില്‍ സ്ഥിതി ചെയ്യുന്നു. 2008-ലെ നിര്‍മ്മല്‍ പുരസ്കാരം ലഭിച്ച പഞ്ചായത്താണ് ഐക്കരനാട് പഞ്ചായത്ത് എന്ന പ്രത്യേക സവിശേഷത കൂടി ഈ  പഞ്ചായത്തിനുണ്ട്.