ഐക്കരനാട്

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ വടവുകോട് ബ്ളോക്കിലാണ് ഐക്കരനാട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഐക്കരനാട് നോര്‍ത്ത്, പട്ടിമറ്റം വില്ലേജിന്റെ ഏതാനും ഭാഗം എന്നിവ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഐക്കരനാട് ഗ്രാമപഞ്ചായത്ത്. 25.65 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കുന്നത്തുനാട് പഞ്ചായത്തും, തെക്കുഭാഗത്ത് പൂത്തൃക്ക, രാമമംഗലം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വടവുകോട് പുത്തന്‍കുരിശ്, കുന്നത്തുനാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മഴുവന്നൂര്‍, വാളകം, രാമമംഗലം പഞ്ചായത്തുകളുമാണ്. ഭാരതത്തിലെ ഓരോഗ്രാമവും സ്വയം പര്യാപ്തമാകണമെന്ന ലക്ഷ്യത്തോടെ “ഗ്രാമസ്വരാജിനെ” പറ്റി സ്വതന്ത്രഭാരതത്തിലെ ജനകീയ നേതാക്കള്‍ ചിന്തിച്ചതിന്റെ ഫലമായിട്ടാണ് ഇന്നത്തെ ഗ്രാമപഞ്ചായത്തിന്റെ ആദിരൂപമായ വില്ലേജ് യൂണിയന്‍ ഉത്ഭവിച്ചത്. ഭരണസൌകര്യത്തിനുവേണ്ടി ഐക്കരനാടു പകുതിയെ തെക്കും വടക്കും ഭാഗങ്ങളായി തിരിയ്ക്കുകയും ഇവിടെ വില്ലേജ് യൂണിയന്‍ ഓഫീസ് സ്ഥാപിക്കയും ചെയ്തു. 1949 ഡിസംബര്‍ ഒന്നാം തിയതിയാണ്, “ഐക്കരനാട് നോര്‍ത്തു വില്ലേജ് യൂണിയന്‍” കടയിരുപ്പില്‍  പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് ഈ യൂണിയനില്‍ കടമറ്റം, പെരിങ്ങോള്‍, എഴിപ്രം, കടയിരുപ്പ്, പഴന്തോട്ടം, പാങ്കോട് എന്നിങ്ങനെ ആറുദേശങ്ങളാണ് ഉണ്ടായിരുന്നത്. ഓരോ ദേശത്തേയും ജനസംഖ്യാ തോതോ വിസ്തീര്‍ണ്ണമോ നോക്കാതെ ഒരു ദേശത്തിന് ഒരു പ്രതിനിധി എന്ന തോതില്‍ ആറു അംഗങ്ങളാണ് ആദ്യത്തെ ഭരണ സമിതിയില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ ഭൂനികുതി അടയ്ക്കുന്നവരും പ്രഗല്‍ഭരും സേവനസന്നദ്ധരുമായ വ്യക്തികളാണ് അന്ന് സമിതിയിലേയ്ക്കു നിയോഗിക്കപ്പെട്ടത്. 1950-ല്‍ തിരുകൊച്ചി പഞ്ചായത്ത് ആക്ട് നിലവില്‍ വന്നെങ്കിലും വില്ലേജ് യൂണിയനിലേക്കു നിയോഗിക്കപ്പെട്ടവര്‍ തന്നെയാണ് 1953 വരെ ഐക്കരനാട് നോര്‍ത്തു പഞ്ചായത്തിലെ ഭരണച്ചുമതല നിര്‍വ്വഹിച്ചിരുന്നത്. ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളിയും, പഴന്തോട്ടംപള്ളിയും, വലമ്പൂര്‍ പള്ളിയും, പാങ്കോട് പള്ളിയും ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളാണ്. എറണാകുളം ജില്ലയുടെ ആസ്ഥാനമായ സിവില്‍ സ്റ്റേഷന്റെയും, ആലുവാ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നീ പട്ടണങ്ങളുടെയും ഏകദേശം തുല്യദൂരത്തില്‍ ഐക്കരനാട് പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിന്റെ തെക്കു കിഴക്കേവശത്തുകൂടി കൊച്ചി-മധുര ദേശീയപാത കടന്നു പോകുന്നു. എന്‍.എച്ച്-47 ലേക്കും ഈ പഞ്ചായത്ത് ആസ്ഥാനത്തു നിന്നും ലിങ്കു റോഡുകളുണ്ട്. കടയിരുപ്പ് ഈ പഞ്ചായത്തിലെ ചെറുതും വലുതുമായ ഒരു വ്യവസായമേഖലയാണ്. സുഗന്ധവ്യജ്ഞനസത്തുണ്ടാക്കി അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്ന വ്യവസായശാല കടയിരുപ്പ് പ്രദേശത്താണ്.