പഞ്ചായത്തിലൂടെ
അഗളി - 2010
ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന അഗളി ഗ്രാമപഞ്ചായത്തിന്റെ 50% വനപ്രദേശമാണ്. സൈലന്റ് വാലി, മല്ലീശ്വരന്‍ മുടി തുടങ്ങിയ കുന്നിന്‍ പ്രദേശങ്ങളും പഞ്ചായത്തിലുണ്ട്. വടക്ക് ഭവാനിപ്പുഴയും, കിഴക്ക് ശിരുവാണിപ്പുഴയും, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ മണ്ണാര്‍ക്കാട് പഞ്ചായത്തുമാണ് അതിരുകള്‍. പരുത്തി, തെങ്ങ്, വാഴ, നിലക്കടല, കമുക്, കുരുമുളക്, നെല്ല്, കശുമാവ്, കാപ്പി, ഏലം, കരിമ്പ്, റബ്ബര്‍ തുടങ്ങിയവയാണ് പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. ശിരുവാണിപ്പുഴയും, ഭവാനിപ്പുഴയും ബസവയന്‍ കനാലും ഈ ഗ്രാമത്തിന്റെ പ്രധാന ജലസ്രോതസ്സുകളാണ്. കൂടാതെ 29 കുളങ്ങളും ഈ പഞ്ചായത്തിലുണ്ട്. ഈ ജലസ്രോതസ്സുകള്‍ വേണ്ട രീതിയില്‍ പരിപാലിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് ഈ പ്രദേശത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.1964-ലാണ് അഗളി ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അട്ടപ്പാടി ബ്ളോക്കിലാണ് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 310 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തൃതി. വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 50% വനപ്രദേശമാണ്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 20 റേഷന്‍കടകളും, 2 മാവേലി സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നു. 48 പൊതുകുടിവെള്ള ടാപ്പുകള്‍ പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു. 350 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ നിരത്തുകളെ രാത്രിയും സഞ്ചാരയോഗ്യമാക്കുന്നു.തുണിമില്‍, പഞ്ചസാര നിര്‍മ്മാണം, ഗ്ളൂക്കോസ് നിര്‍മ്മാണം, മിഠായി നിര്‍മ്മാണം എന്നീ വന്‍കിട വ്യവസായങ്ങളും, നൂലില്‍ ചായം മുക്കല്‍, ചൂരല്‍ ഉപകരണങ്ങള്‍, ചൂല്‍ നിര്‍മ്മാണം എന്നീ ചെറുകിട വ്യവസായങ്ങളും, കുട്ട നിര്‍മ്മാണം, വിശറി, പായ നിര്‍മ്മാണം, പപ്പട നിര്‍മ്മാണം എന്നീ പരമ്പരാഗത വ്യവസായങ്ങളും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ രണ്ട് പെട്രോള്‍ ബങ്കുകളും ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. എല്ലാവിധ വ്യവസായങ്ങള്‍ക്കും പറ്റിയ സാഹചര്യങ്ങളാണ് ഈ പഞ്ചായത്തിലുള്ളത്. കൂടുതല്‍ സംരംഭങ്ങള്‍ ഈ മേഖലയില്‍ വരുന്നത് പ്രദേശത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് അടിത്തറ പാകും.വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച ഒരു പ്രദേശത്തെ മൊത്തമായ വളര്‍ച്ചയെ സ്വാധീനിക്കും. ഈ പഞ്ചായത്തില്‍ 11 സര്‍ക്കാര്‍ സ്ക്കൂളുകളും, 3 സ്വകാര്യ സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്ന ജി-ടെക് കമ്പ്യൂട്ടര്‍ സെന്ററും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 5 മൃഗാശുപത്രികള്‍ പഞ്ചായത്തിലെ വിവിധഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ഒപ്പം ഒരു ഗോട്ട്ഫാമും ഇവിടെയുണ്ട്. വൈദ്യുതിബോര്‍ഡ് ഓഫീസ്, 7 തപാലാഫീസുകള്‍, വാട്ടര്‍ അതോറിറ്റി ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, ഡി. വൈ. എസ്. പി. ഓഫീസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ്, 2 ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ എന്നിവയാണ് അഗളി ഗ്രാമപഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍ കര്യാലയങ്ങള്‍. എസ്. ബി. ഐയുടെ അഗളി ശാഖ, കാനറാ ബാങ്കിന്റെ മുക്കാലി അഗളി ശാഖ, അട്ടപ്പാടി ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക്, പട്ടികജാതി സര്‍വ്വീസ് സഹകരണ ബാങ്ക്, അട്ടപ്പാടി-പാലക്കാട് ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഗൂളിക്കടവ് ശാഖ എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ധനകാര്യസ്ഥാപനങ്ങള്‍.പി. ഡബ്ളു. ഡിയുടെ മേല്‍നോട്ടത്തിലുള്ള മണ്ണാര്‍ക്കാട്-ചിന്നത്തട റോഡ് പഞ്ചായത്തിലൂടെ കടന്നു പോകുന്നു. അഗളി പഞ്ചായത്ത് ബസ്സ് സ്റ്റാന്റാണ് ഇവിടത്തെ പ്രധാന ഗതാഗത കേന്ദ്രം. പഞ്ചായത്തിനോട് ഏറ്റവും അടുത്ത് കിടക്കുന്ന വിമാനത്താവളം കോയമ്പത്തൂര്‍ വിമാനത്താവളവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനുമാണ്. കൊച്ചി തുറമുഖമാണ് അടുത്ത് സ്ഥിതിചെയ്യുന്ന തുറമുഖം. ഗതാഗത മേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടത്തെ പാലങ്ങള്‍. ചാവടിയൂര്‍ പാലം, കോട്ടത്തറ പാലം, സമ്പാര്‍കോട് പാലം, മൂച്ചിക്കടവ് പാലം, വണ്ണത്തറ പാലം, താവളം പാലം എന്നിവയാണ് ഇവിടത്തെ പ്രധാന പാലങ്ങള്‍.പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ് ഗുളിക്കടവ്, അഗളി എന്നീ സ്ഥലങ്ങള്‍ പഞ്ചായത്തിലെ കോട്ടത്തറയില്‍ ഒരു മാര്‍ക്കറ്റും, ഷോപ്പിംഗ് കോംപ്ളക്സും, ചന്തയും സ്ഥിതി ചെയ്യുന്നു.നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 4 ക്ഷേത്രങ്ങളും, 6 ക്രിസ്ത്യന്‍ ദേവാലയങ്ങളും, 9 മുസ്ളീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി സ്ഥിതി ചെയ്യുന്നു. പ്രദേശത്തെ പ്രധാന ഉത്സവങ്ങളാണ് അഗളി അയ്യപ്പന്‍ വിളക്ക്, മല്ലിശ്വരന്‍ വിളക്ക്, മണ്ണാര്‍ക്കാട് പൂരം, ദീപാവലി എന്നിവ. പഞ്ചായത്തിലെ കലാരംഗത്ത് ഒട്ടനവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രധാന സ്ഥാപനങ്ങളാണ് കൃപ ആര്‍ട്ട്സ് ചിണ്ടക്കി, നെഹ്രു യുവകേന്ദ്രം അഗളി, കലാസാഗരം അഗളി, നവഭാവന പാക്കുളം, ശ്രുതി കാവുണ്ടിക്കല്‍ തുടങ്ങിയവ. പഞ്ചായത്തിലെ കായികരംഗത്തെ പുഷ്ടിപ്പെടുത്തുന്ന പ്രധാന സ്ഥാപനങ്ങളാണ് ആക്ടീവ് സ്പോര്‍ട്ട്സ് ആന്റ് ആര്‍ട്ട്സ് ക്ളബ്ബ് അഗളി, എമറാള്‍ഡ്സ് സ്പോര്‍ട്ട്സ് ക്ളബ്ബ് കാരറ. കൂടാതെ 8 ഓളം സാംസ്കാരിക സ്ഥാപനങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. സഹൃദയ വായനശാല കാരറ, അഗളി പഞ്ചായത്ത് പബ്ളിക്ക് ലൈബ്രറി ആന്റ് വായനശാല എന്നിവയാണ് പ്രധാന ഗ്രന്ഥശാലകള്‍.ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ഗവണ്‍മെന്റ് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ, അഗളി സി.എച്ച്.സി. വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ അഗളി, ശിവ നഴ്സിംഗ് ഹോം അഗളി, അട്ടപ്പാടി മെഡിക്കല്‍ സെന്റര്‍ താവളം, സെന്റ് പീറ്റര്‍ ആശുപത്രി കൂക്കം പാറ, ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി താവളം, ഹോം ഡിസ്പെന്‍സറി ചിണ്ടക്കി ആന്റ് മുണ്ടമ്പ്ര, ഹോമിയോ ഡിസ്പെന്‍സറി മുണ്ടമ്പ്ര എന്നിവയാണ് പഞ്ചായത്തിലെ പ്രമുഖ ചികിത്സാകേന്ദ്രങ്ങള്‍. ഇതു കൂടാതെ ഹോമിയല്‍ മെഡിക്കല്‍ യൂണിറ്റ്, ഒറ്റമൂലി ചികിത്സാ കേന്ദ്രം, പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങള്‍ എന്നിവയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.