ആമുഖം

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അട്ടപ്പാടി ബ്ളോക്കിലാണ് അഗളി പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1962-ലാണ് അഗളി ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. 1962-നു മുമ്പ് അഗളി പഞ്ചായത്ത് പ്രദേശം മദ്രാസ് സ്റ്റേറ്റിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. 1962-ല്‍ പഞ്ചായത്തു രൂപീകരിക്കപ്പെട്ടപ്പോള്‍ പഞ്ചായത്തിന്റെ പ്രസിഡന്റ് കന്തസ്വാമി ആയിരുന്നു. വടക്ക് പുതൂര്‍ പഞ്ചായത്ത്, കിഴക്ക് ഷോളയൂര്‍ പഞ്ചായത്തും തമിഴ്നാടും തെക്ക്  മലമ്പുഴ, കരിമ്പ പഞ്ചായത്തുകള്‍, പടിഞ്ഞാറ് തെങ്കര, കാഞ്ഞിരപുഴ, തച്ചമ്പാറ,  കരിമ്പ പഞ്ചായത്തുകളുമാണ് അതിരുകള്‍. 310 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തൃതി.  വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന അഗളി ഗ്രാമപഞ്ചായത്തിന്റെ 50% വനപ്രദേശമാണ്. സൈലന്റ് വാലി, മല്ലീശ്വരന്‍ മുടി തുടങ്ങിയ കുന്നിന്‍ പ്രദേശങ്ങളും പഞ്ചായത്തിലുണ്ട്. പരുത്തി, തെങ്ങ്, വാഴ, നിലക്കടല, കമുക്, കുരുമുളക്, നെല്ല്, കശുമാവ്, കാപ്പി, ഏലം, കരിമ്പ്, റബ്ബര്‍ തുടങ്ങിയവയാണ് പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. ശിരുവാണിപ്പുഴയും, ഭവാനിപ്പുഴയും ബസവയന്‍ കനാലും ഈ ഗ്രാമത്തിന്റെ പ്രധാന ജലസ്രോതസ്സുകളാണ്. കൂടാതെ 29 പ്രധാന  കുളങ്ങളും ഈ പഞ്ചായത്തിലുണ്ട്. തുണിമില്‍, പഞ്ചസാര നിര്‍മ്മാണം, ഗ്ളൂക്കോസ് നിര്‍മ്മാണം, മിഠായി നിര്‍മ്മാണം എന്നീ വന്‍കിട വ്യവസായങ്ങളും, നൂലില്‍ ചായം മുക്കല്‍, ചൂരല്‍ ഉപകരണങ്ങള്‍, ചൂല്‍ നിര്‍മ്മാണം എന്നീ ചെറുകിട വ്യവസായങ്ങളും, കുട്ട നിര്‍മ്മാണം, വിശറി, പായ നിര്‍മ്മാണം, പപ്പട നിര്‍മ്മാണം എന്നീ പരമ്പരാഗത വ്യവസായങ്ങളും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഈ പഞ്ചായത്തില്‍ 11 സര്‍ക്കാര്‍ സ്ക്കൂളുകളും, 3 സ്വകാര്യ സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. കൂടാതെ സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്ന ജി-ടെക് കമ്പ്യൂട്ടര്‍ സെന്ററും പഞ്ചായത്തില്‍ ഉണ്ട്. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 5 മൃഗാശുപത്രികള്‍ പഞ്ചായത്തിലെ വിവിധഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ഒപ്പം ഒരു ഗോട്ട്ഫാമും ഇവിടെയുണ്ട്. വൈദ്യുതിബോര്‍ഡ് ഓഫീസ്, 7 തപാലാഫീസുകള്‍, വാട്ടര്‍ അതോറിറ്റി ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, ഡി. വൈ. എസ്. പി. ഓഫീസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ്, 2 ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ എന്നിവയാണ് അഗളി ഗ്രാമപഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍ കര്യാലയങ്ങള്‍. എസ്. ബി. ഐയുടെ അഗളി ശാഖ, കാനറാ ബാങ്കിന്റെ മുക്കാലി അഗളി ശാഖ, അട്ടപ്പാടി ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക്, പട്ടികജാതി സര്‍വ്വീസ് സഹകരണ ബാങ്ക്, അട്ടപ്പാടി-പാലക്കാട് ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഗൂളിക്കടവ് ശാഖ എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ധനകാര്യസ്ഥാപനങ്ങള്‍.പി.ഡബ്ളു.ഡിയുടെ മേല്‍നോട്ടത്തിലുള്ള മണ്ണാര്‍ക്കാട്-ചിന്നത്തട റോഡ് പഞ്ചായത്തിലൂടെ കടന്നു പോകുന്നു.. ഗതാഗത മേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടത്തെ പാലങ്ങള്‍. ചാവടിയൂര്‍ പാലം, കോട്ടത്തറ പാലം, സമ്പാര്‍കോട് പാലം, മൂച്ചിക്കടവ് പാലം, വണ്ണത്തറ പാലം, താവളം പാലം എന്നിവയാണ് ഇവിടത്തെ പ്രധാന പാലങ്ങള്‍.പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ് ഗുളിക്കടവ്, അഗളി എന്നീ സ്ഥലങ്ങള്‍. പഞ്ചായത്തിലെ കോട്ടത്തറയില്‍ ഒരു മാര്‍ക്കറ്റും, ഷോപ്പിംഗ് കോംപ്ളക്സും, ചന്തയും സ്ഥിതി ചെയ്യുന്നു.