അടിമാലി
ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ അടിമാലി ബ്ലോക്കില്‍, മന്നാംകണ്ടം വില്ലേജ് പരിധിയില്‍ വരുന്ന അടിമാലി ഗ്രാമപഞ്ചായത്തിന് 271.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്‍റെ അതിര്‍ത്തികള്‍ പടിഞ്ഞാറ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, കിഴക്ക് വെള്ളത്തൂവല്‍ പഞ്ചായത്ത്, വടക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത്, തെക്ക് പെരിയാര്‍ നദി എന്നിവയാണ്. ചരിത്രമുറങ്ങുന്ന മലയടിവാരത്ത് മന്നാന്‍ സമുദായക്കാരുടെ സങ്കേതമായിരുന്നു മന്നാംകണ്ടവും കുട്ടമ്പുഴയും. അടിമാലിയെന്നാല്‍ മന്നാന്‍ സമുദായക്കാരുടെ ഭാഷയില്‍ “വെള്ളം വന്നു വീഴുന്ന സ്ഥലം” എന്നാണ് അര്‍ത്ഥം. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശം പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ വകയായിരുന്നു. കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ടതായിരുന്നു. 1955-ല്‍ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുട്ടമ്പുഴ-മന്നാംകണ്ടം എന്നീ പ്രദേശങ്ങള്‍ കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാര്‍ഡ് ആയിരുന്നു. 1960 ല്‍ ആണ് മന്നാംകണ്ടം പഞ്ചായത്ത് രൂപീകരിച്ചത്. 1967-ല്‍ കുട്ടമ്പുഴ പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ മന്നാംകണ്ടം പഞ്ചായത്തിന്റെ രണ്ടു വാര്‍ഡുകള്‍ നഷ്ടപ്പെട്ട് ഇന്നത്തെ രൂപത്തിലായി. പിന്നീട് മന്നാംകണ്ടം അടിമാലി പഞ്ചായത്തെന്ന് പുനര്‍നാമകരണം ചെയ്തു. സഹ്യന്റെ സാനുവില്‍ മനോഹരമായ ഈ കൊച്ചുഗ്രാമത്തിന് തെക്ക് ഭാഗത്ത് പെരിയാറും, വടക്കു ഭാഗത്ത് അംബരചുംബികളായ കൊരങ്ങാട്ടി മലകളും കിഴക്ക് ഭാഗത്ത് കൂമ്പന്‍പാറ മലകളുടെ അടിവാരവും പടിഞ്ഞാറ് ഭാഗത്ത് സുപ്രസിദ്ധമായ നേര്യമംഗലം ആര്‍ച്ച് പാലവും അതിരിടുന്നു. എറണാകുളം ജില്ലയില്‍ നിന്ന് അടിമാലി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന റാണി ലക്ഷ്മിഭായി നിര്‍മ്മിച്ച രാജകീയ പൊതുവഴി ഇന്ന് നാഷണല്‍ ഹൈവേ 49 ആയി സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് കടന്നുപോകുന്നു. കൊടുംവനങ്ങളും നീര്‍ച്ചാലുകളും നിറഞ്ഞ ഈ പ്രദേശം കാട്ടുമൃഗങ്ങളുടെ താവളമായിരുന്നു. മലയുടെ അടിവാരങ്ങളില്‍ പ്രധാനമായി കേന്ദ്രീകരിച്ചുകിടക്കുന്നതുകൊണ്ട് അടിമാലിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു. പ്രകൃതി മനോഹരമായ ഹരിത വനങ്ങളിലെ കരിമ്പാറക്കൂട്ടങ്ങളിലൂടെ കുതറിച്ചാടുന്ന ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും നാഷണല്‍ ഹൈവേ 49-ലൂടെയുള്ള യാത്രയില്‍ നയനാനന്ദകരമായ കാഴ്ചയാണ്. സമുദ്രനിരപ്പില്‍ നിന്ന് ഉദ്ദേശം 4000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുതിരകുത്തി മലയുടെ നെറുകയില്‍ നിന്നാല്‍, എറണാകുളം ടൌണിന്റെ ദൂരവീക്ഷണം ലഭിക്കും. താഴ്വാരത്തില്‍ ലോവര്‍ പെരിയാര്‍ പദ്ധതി സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തില്‍ 75 ശതമാനം കറുത്ത പശിമരാശി മണ്ണും 25 ശതമാനം ചെമ്മണ്ണും ആണ്. ആദിവാസികള്‍ക്കും കുടിയേറ്റ കര്‍ഷകര്‍ക്കും കനകം സമ്മാനിക്കുന്ന ഈ സഹ്യന്റെ പുത്രി ഹൈറേഞ്ചിനഭിമാനമാണ്.