സാമൂഹ്യസാംസ്കാരികചരിത്രം
അടിമാലിയെന്നാല്‍ മന്നാന്‍ സമുദായക്കാരുടെ ഭാഷയില്‍ “വെള്ളം” വന്നു വീഴുന്ന സ്ഥലം” എന്നാണ് അര്‍ത്ഥം. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശം പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ വകയായിരുന്നു. കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. 1933-35 കാലഘട്ടത്തില്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് അന്നത്തെ എം.എല്‍.സി ആയിരുന്ന തരിയത് കുഞ്ഞിതൊമ്മന്റെ നിര്‍ദ്ദേശപ്രകാരം ഇന്നത്തെ മന്നാംകണ്ടം പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ 3000 ഏക്കര്‍ ഭൂമി ലേലം ചെയ്ത് വില്‍ക്കുകയുണ്ടായി. പാലാ സെന്‍ട്രല്‍ ബാങ്കും അതിനോടനുബന്ധിച്ചുള്ള കുറേ സാമ്പത്തികശേഷിയുള്ള ആളുകളും പല ഭാഗങ്ങള്‍ ലേലത്തില്‍ സ്വന്തമാക്കി. 1934 മാര്‍ച്ച് മാസത്തില്‍ ആദ്യമായി ഇവിടെ കൃഷി ഇറക്കി. ആ കാലഘട്ടത്തില്‍ വിരിപ്പു നെല്ല് മാത്രമാണ് കൃഷി ചെയ്തിരുന്നത്. ഈ പഞ്ചായത്തതിര്‍ത്തിക്കുള്ളില്‍ ആ കാലഘട്ടത്തില്‍ തന്നെ 200 ഏക്കര്‍ ഭൂമി ഇന്നത്തെ 200 ഏക്കര്‍ എന്നറിയപ്പെടുന്ന സ്ഥലത്തും 100 ഏക്കര്‍ ഭൂമി അന്ന് ഇടക്കാനം എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ ചാറ്റുപാറയിലും ഹരിജനങ്ങള്‍ക്കായി നല്‍കുകയുണ്ടായി. അടിമാലി എന്ന പട്ടണം ഇന്ന് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 14 ഏക്കര്‍ ഭൂമി പൊതു ആവശ്യങ്ങള്‍ക്കായി നീക്കിവെച്ചു. അതിനുശേഷം ലേലത്തില്‍ ഉടമകളായ സ്ഥാപനങ്ങളും വ്യക്തികളും മറ്റ് കര്‍ഷകര്‍ക്ക് പാട്ട വ്യവസ്ഥയില്‍ ഓരോ ഭാഗങ്ങള്‍ തിരിച്ചുനല്‍കുകയും ചെയ്തു. കപ്പ, ഇഞ്ചിപ്പുല്ല് തുടങ്ങിയ കൃഷികള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. പി.എസ്.റാവുവിന്റെ കാലത്ത് 1949 ല്‍ കൊടിയ ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ ഗ്രോ മോര്‍ ഫുഡ് പ്രോഗ്രാം അനുസരിച്ച് കുത്തകപ്പാട്ട വ്യവസ്ഥയില്‍ ആദ്യം ലേലം ചെയ്തു കൊടുത്ത ഭൂമിയോട് അടുത്തു കിടക്കുന്ന കുറേ ഭൂമി കൃഷിക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ മാത്രം കൃഷി ചെയ്യുന്നതിന് കൊടുത്തു. കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നതിനോടൊപ്പം കപ്പ കൃഷി ചെയ്യാനാരംഭിച്ചു. പക്ഷെ ഫോറസ്റ്റ് അധികാരികള്‍ അതെല്ലാം പിഴുതുകളഞ്ഞു. 1954-55 കാലഘട്ടത്തില്‍ ഇവിടെ കൃഷിക്കാര്‍ സംഘടിച്ച് കര്‍ഷക സംഘടനയ്ക്കു രൂപം നല്‍കി. അന്ന് ഈ പ്രദേശങ്ങളില്‍ നടക്കുന്ന ആധാരങ്ങളില്ലെല്ലാം ഈ പ്രദേശം പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ വകയാണെന്നും സര്‍ക്കാരുമായി കേസ് നടക്കുന്നതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. നാണ്യവിളകളും, കപ്പ മുതലായ കിഴങ്ങ് വര്‍ഗ്ഗങ്ങളും കൃഷി ചെയ്യാനുള്ള അനുവാദം കിട്ടിയത് 1957 ല്‍ അധികാരത്തില്‍ വന്ന ജനകീയ സര്‍ക്കാരിന്റെ കാലത്താണ് (1958ല്‍). ഈ പ്രദേശത്തുള്ള കൃഷിക്കാര്‍ക്ക് പട്ടയം കിട്ടുന്നതിന് ശ്രീ.തരീത് കുഞ്ഞുതൊമ്മന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. അന്ന് ലെവി സമ്പ്രദായം നിലനിന്നിരുന്നു. ഉല്‍പ്പന്നങ്ങളുടെ പകുതിയും ലെവിയായി കൊടുക്കണമായിരുന്നു. അതിനെതിരെ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തിയിട്ടുണ്ട്. മതസൌഹാര്‍ദ്ദത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായിരുന്നു ഇവിടുത്തെ ദേവിയാര്‍ കോളനി. ഈ കോളനിയില്‍ ഉണ്ടായിരുന്ന ബ്രാഹ്മണ അയ്യര്‍ (മണി അയ്യര്‍), ദളിത് വിഭാഗത്തില്‍പ്പെട്ട (പുലയര്‍) കുടുംബങ്ങളില്‍ നിന്ന് തന്റെ ആണ്‍മക്കളെകൊണ്ട് വിവാഹം കഴിപ്പിക്കുകയും പെണ്‍മക്കളെ പറയജാതികളില്‍പ്പെട്ട പുരുഷന്മാര്‍ക്ക് (ഉള്ളാട) വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. 1995 ലാണ് പഴയ മന്നാംകണ്ടം പഞ്ചായത്ത് അടിമാലി പഞ്ചായത്ത് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 1946 ന് മുമ്പ് ഈ പഞ്ചായത്തിലെ താമസക്കാര്‍ മന്നാന്‍, മുതുവന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികളായിരുന്നു. അടിമാലി, ഇരുന്നൂറേക്കര്‍, മച്ചിപ്ളാവ് തുടങ്ങിയ ചതുപ്പ് പ്രദേശത്ത് ഇവര്‍ വര്‍ഷാവര്‍ഷം മാറിമാറി കൃഷിയിറക്കുകയും കരഭൂമിയില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കൂട്ടമായി താമസിക്കുകയും ചെയ്തിരുന്നു. മന്നാംകണ്ടം പഞ്ചായത്തിന് ആ പേരുവരാന്‍ തന്നെ കാരണം ഈ പ്രദേശത്ത് മന്നാന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികള്‍ ആദിമകാലത്ത് താമസിച്ചിരുന്നതുകൊണ്ടാണ്. ആദിവാസികള്‍ക്ക് അവരുടേതായ തനത് സംസ്കാരവും കലയും ഉണ്ടായിരുന്നു. പ്രാചീന കേരളത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട് കൊന്നത്തടിയുടെ ചരിത്രത്തിന്. ഇവിടെ നിലനിന്നിരുന്ന ഏതോ പുരാതന സംസ്കാരത്തിന്റെ ഭാഗമായി കണ്ടെടുത്തിട്ടുള്ള പുരാവസ്തുക്കള്‍ ഈ സംസ്ക്കാരത്തിന്റെ മഹത്വം വിളിച്ചോതുന്നവയാണ്. കമ്പിളികണ്ടം, മുനിയറ, കൊമ്പൊടിഞ്ഞാല്‍ എന്നിവിടങ്ങളില്‍ കാണുന്ന മുനിയറകള്‍, പാറത്തോട്ടില്‍ നിന്നും, കരിമലയില്‍ നിന്നും കണ്ടെടുത്തിട്ടുള്ള മണ്‍പാത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവയ്ക്ക് കേരളത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ള മഹാശിലായുഗ അവശിഷ്ടങ്ങളോടുള്ള സാമ്യം കണക്കിലെടുക്കുമ്പോള്‍ ഇവിടെ ബി.സി 700 നും 400 നും ഇടയില്‍ ജനവാസം ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. കുടിയേറ്റ സമയത്ത് ഇവിടെ കണ്ടിരുന്ന ഗിരിവര്‍ഗ്ഗക്കാര്‍ക്ക് നിഗ്രോറ്റോസ് വംശജരുമായുള്ള സാമ്യം ഈ ചിന്താഗതിക്ക് കൂടുതല്‍ ബലമേകുന്നു. പഞ്ചായത്തിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് 20-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ്. ഘോരവനങ്ങളില്‍ അധിവസിക്കുന്ന ഗിരിവര്‍ഗ്ഗക്കാരില്‍ (മന്നാന്‍) നിന്നും ലഭിച്ച അറിവുകളാണ് കൃഷിക്കാരെ ഇവിടേക്ക് ആകര്‍ഷിച്ചത്. അങ്ങനെ ആധുനിക ചരിത്രം കുടിയേറ്റ ചരിത്രത്തോടെ ആരംഭിക്കുന്നു. മൂന്നു വശങ്ങളും നദികളാല്‍ ചുറ്റപ്പെട്ട ഫലഭൂയിഷ്ഠമായ ഈ ഭൂമിയിലേക്ക് വഴി തെളിച്ച സാഹചര്യങ്ങള്‍ ശ്രദ്ധേയമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഉണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി വനാന്തരങ്ങളിലെ ചതുപ്പുകളില്‍ കൃഷി ചെയ്യുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് കുടിയേറ്റത്തിന് വഴി തെളിച്ചു. 1947-ല്‍ തന്നെ ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളി ഉയര്‍ന്നു കഴിഞ്ഞിരുന്നു. തമിഴ് ഭാഷാഭൂരിപക്ഷത്തിന്റെ പേരില്‍ തിരുവിതാംകൂറിന്റെ നെല്ലറയായിരുന്ന നാഞ്ചിനാടന്‍ പ്രദേശം കൈവിട്ടുപോയി. പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍പ്പെട്ട പ്രദേശങ്ങള്‍ തമിഴ് ഭൂരിപക്ഷത്തിന്റെ പേരില്‍ കൈവിട്ടു പോകാതിരിക്കാന്‍ സര്‍ക്കാര്‍ മൌനാനുവാദം നല്‍കി. ഈ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് തൊടുപുഴ-മീനച്ചില്‍ താലൂക്കുകളില്‍ നിന്നും മുതിരപ്പുഴയ്ക്ക് മറുകരയില്‍ എത്തിയ കൃഷിക്കാര്‍ 1949 മുതല്‍ ഈ മണ്ണിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചു. മുതിരപ്പുഴ, കൊന്നത്തടി, പന്നിയാര്‍, പാറത്തോട്, ചിന്നാര്‍, മങ്കുവ എന്നിവയായിരുന്നു ഇവരുടെ ആദ്യകാല കേന്ദ്രങ്ങള്‍. കോട്ടയത്തു നിന്ന് ദേവികുളത്തെത്തുന്ന ഏക ബസായിരുന്നു ബൈസണ്‍ വാലിയിലേക്കുള്ള ആദ്യകാലത്തെ യാത്രാമാര്‍ഗ്ഗം. ആലുവ-മൂന്നാര്‍ റോഡിലുള്ള ഇരുട്ടുകാനത്തു നിന്നും മുപ്പതോളം കിലോമീറ്റര്‍ ദുരം കാല്‍നടയായി കാട്ടുപാതകളിലൂടെയും ആനത്താരകളിലൂടെയും സഞ്ചാരിച്ചാണ് കുടിയേറ്റക്കാരെത്തിയിരുന്നത്. ഈ പ്രദേശം അന്ന് ഹിംസ്രജന്തുക്കളുടെ വിഹാര ഭൂമിയായിരുന്നു. “ബൈസണ്‍ വാലി” എന്ന പേര് തന്നെ ഇതിന്റെ സൂചകമാണ്. ബൈസണ്‍ വാലി പഞ്ചായത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കണ്ണന്‍ ദേവന്‍ മലനിരകളില്‍ 1850-കളില്‍ ബ്രിട്ടീഷുകാര്‍ തേയിലതോട്ട വ്യവസായത്തിന് ആരംഭം കുറിച്ചു എന്നാണ് ചരിത്രം. ഈ പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന മുനിയറകളും അടയാളക്കല്ലുകളും ഒരു പൌരാണിക സംസ്കാരത്തിന്റെ സ്മരണകളാണ്. കുടിയിറക്കുഭീഷണിയെ തുടര്‍ന്ന്, 1953 അവസാനത്തോടെ “ദേവികുളം താലൂക്ക് കര്‍ഷകസംഘം” എന്ന പേരില്‍ ഒരു കര്‍ഷക പ്രസ്ഥാനം രൂപം കൊണ്ടു. സംഘത്തിന്റെ നേതൃത്വത്തില്‍ 380 കൃഷിക്കാര്‍ 1954 മാര്‍ച്ച് മാസത്തില്‍ കോട്ടയം കളക്ടറേറ്റിലേക്ക് കാല്‍നട ജാഥ നടത്തി. നാടുനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കോട്ടയത്തെത്തിച്ചേര്‍ന്ന സമരജാഥാംഗങ്ങള്‍ കളക്ടറേറ്റു പടിക്കല്‍ സത്യാഗ്രഹം നടത്തുകയും യഥാര്‍ത്ഥ വസ്തുത വ്യക്തമാക്കികൊണ്ട് പത്ര സമ്മേളനം നടത്തുകയും ചെയ്തു. ഈ ജനസമരം കേരളത്തിന്റെ ആകെ ശ്രദ്ധ പിടിച്ചു പറ്റി കുടിയിറക്ക് ഭീഷണി ഒഴിവായി. മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മേഖലകളില്‍ ആളുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. കുടിയേറ്റ പ്രദേശമായ ബൈസണ്‍ വാലിയില്‍ ആദ്യമായി ഒരു വിദ്യാഭ്യാസസ്ഥാപനമുണ്ടായത് 1953-ലാണ്. ഇവിടെ സ്ഥാപിതമായ ഗവണ്‍മെന്റ് എല്‍.പി സ്കൂളില്‍ ഒരു അദ്ധ്യാപകനും രണ്ടു ക്ളാസുകളിലായി 35 വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു. ഇക്കാലത്ത് പല ആശാന്‍കളരികളും ഉണ്ടായിരുന്നു. ക്രമേണ ബൈസണ്‍ വാലി എല്‍.പി സ്കൂള്‍, യു.പി സ്കൂള്‍ ആയി ഉയര്‍ന്നു. 1954-ല്‍ ഇരുപതേക്കറില്‍ സെര്‍വിന്ത്യാ എല്‍.പി.സ്കൂള്‍ ആരംഭിച്ചു. ജോസ്ഗിരി സെന്റ് ജോസഫ്സ് സ്കൂളിന്റെ പ്രവര്‍ത്തനവും അക്കാലത്തു തന്നെ തുടങ്ങി. പിന്നീട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ പൊട്ടന്‍കാട്, ഗവ. ഹൈസ്കൂള്‍ ബൈസണ്‍ വാലി എന്നീ അംഗീകൃത സ്കൂളുകളും സെന്റ് ജോര്‍ജ് എല്‍.പി.എസ് മുട്ടുകാട്, മായല്‍ത്താമാതാ എല്‍.പി.എസ് പൊട്ടന്‍കാട് എന്നീ അണ്‍എയ്ഡഡ് സ്കൂളുകളും ടാഗോര്‍ മൌണ്ട് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ മുത്തന്‍മുടി, എസ്.എന്‍.സെന്‍ട്രല്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ബൈസണ്‍ വാലി എന്നിവയും ആരംഭിച്ചു. 1946-ല്‍ ചെങ്കുളം പവ്വര്‍ ഹൌസിന്റെ പണി തുടങ്ങിയതോടു കൂടിയാണ് വെള്ളത്തൂവലില്‍ ജനവാസം ആരംഭിക്കുന്നത്. അതിനു മുന്‍പ് ശല്യാംപാറ, ചെങ്കുളം, പോത്തുംപാറ, തോക്കുംപാറ തുടങ്ങിയ മേഖലകളില്‍ ഏലത്തോട്ടങ്ങള്‍ നിലവിലുണ്ടായിരുന്നു. മാണികാടന്‍, ഇലഞ്ഞിയ്ക്കല്‍, പാലക്കാടന്‍, മഞ്ഞയില്‍ തുടങ്ങിയ വീട്ടുകാര്‍ ആയിരുന്നു തോട്ടമുടമസ്ഥന്മാര്‍. ഏലത്തോട്ടം ഉടമകള്‍ കടന്നുവരുമ്പോള്‍ ആനച്ചാല്‍, മുതുവാന്‍കുടി മേഖലകളില്‍ ആദിവാസികള്‍ (മുതുവാന്‍മാര്‍) താമസമാക്കിയിരുന്നു. വെള്ളത്തൂവല്‍, കുമ്പന്‍പാറ, ചെങ്കുളം, കല്ലാര്‍കുട്ടി (അട്ടിക്കളം) തുടങ്ങി മിക്ക സ്ഥലനാമങ്ങളും ആദിവാസികള്‍ നല്‍കിയതാണ്. രണ്ടാംലോകമഹായുദ്ധത്തെ തുടര്‍ന്ന് ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടാന്‍ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ നടപ്പാക്കിയ “ഗ്രോ മോര്‍ ഫുഡ്” പദ്ധതിയുടെ ഭാഗമായാണ് വെള്ളത്തൂവല്‍ ഉള്‍പ്പെടെയുള്ള ഹൈറേഞ്ച് മേഖലയില്‍ കുടിയേറ്റം ആരംഭിക്കുന്നത്. 1947-49 കാലത്ത് നെല്ല്, കപ്പ തുടങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി അഞ്ചേക്കര്‍ വീതമുള്ള മൂവായിരം പ്ളോട്ടുകള്‍ കൃഷിക്കാര്‍ക്ക് അലോട്ട് മെന്റ് വ്യവസ്ഥയില്‍ വിതരണം ചെയ്തു. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം മുതല്‍ അയ്യായിരം വരെ അടി ഉയരത്തില്‍ കിടക്കുന്ന ഒരു മലയോര പഞ്ചായത്താണ് പള്ളിവാസല്‍. മാസങ്ങളോളം തോരാതെ പെയ്തിരുന്ന മഴയോടും തണുപ്പിനോടും കാട്ടുമൃഗങ്ങളോടും മാരകമായ രോഗങ്ങളോടും പടവെട്ടി വിജയം വരിച്ച കുടിയേറ്റക്കാരന്റെ ചരിത്രമാണ് ഇന്നത്തെ പള്ളിവാസലിന്റെ ചരിത്രം. ശ്രീ ചിത്തിരതിരുനാള്‍ പള്ളിവാസലില്‍ എത്തിയതിന്റെ ഓര്‍മ്മയ്ക്കായി ഒരു സ്തംഭം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആ സ്ഥലമാണ് ചരിത്രപ്രസിദ്ധമായ ചിത്തിരപുരം. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമവും, അതിനു പരിഹാരം കാണുന്നതിനുവേണ്ടി തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയും മൂലം ഇവിടെ എത്തിയ കര്‍ഷകരുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് പള്ളിവാസല്‍ പഞ്ചായത്തിന്റെ സാംസ്കാരിക ചരിത്രം. പഞ്ചായത്തിന്റെ കിഴക്കു ഭാഗത്ത് തേയിലത്തോട്ടവും വടക്കുഭാഗത്ത് ഏലം, കാപ്പിത്തോട്ടങ്ങളുമാണ്. തേയില-ഏലത്തോട്ടം തൊഴിലാളികളും കര്‍ഷകരും ഇടകലര്‍ന്നു ജീവിക്കുന്ന ഗ്രാമമാണ് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. വിശുദ്ധ തോമസ്ശ്ളീഹാ തമിഴ്നാട്ടില്‍ നിന്നും കോതമംഗലത്തേക്ക് വരുന്ന വഴി രാത്രി തങ്ങിയ സ്ഥലമാണത്രെ പള്ളിവാസല്‍. 1877 ജൂലായ് മാസം 11-ാം തിയതി ബ്രിട്ടീഷുകാരായ ജെ.സി.മണ്‍റോ, എ.ഡബ്ല്യൂ.ടര്‍ണര്‍ എന്നിവര്‍ പൂഞ്ഞാര്‍ രാജാവിന്റെ പക്കല്‍ നിന്നും ആയിരം രൂപ പ്രതിഫലവും പ്രതിവര്‍ഷം മൂവായിരം രൂപ പാട്ടവും നല്‍കാമെന്ന വ്യവസ്ഥയില്‍ 344 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തു വാങ്ങി. സായ്പ്പുമാരെ വഴികാട്ടിയ കണ്ണന്റെയും തേവന്റെയും ഓര്‍മ അവരുടെ മനസ്സില്‍ പച്ചപിടിച്ചു നിന്നിരുന്നു. 1897-ല്‍ സ്കോട്ട്ലാന്റില്‍ വച്ച് കമ്പനി രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതിനു നല്‍കപ്പെട്ട പേര് കണ്ണന്‍ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനി എന്നായിരുന്നു.