ചരിത്രം

കായിക ശേഷി കൊണ്ട് വീരപരാക്രമങ്ങള്‍ കാട്ടി, ജനതയില്‍ ഭയവും അത്ഭുതവും ജനിപ്പിച്ച ആദിച്ചന്റെ ‘നല്ല ഊര്’ ആണ്  ആദിച്ചനല്ലൂര്‍ എന്ന് പഴമക്കാര്‍ പറയുന്നു. കര്‍മ്മ സാക്ഷിയായ ‘ആദിത്യ’ ന്റെ തങ്ക കിരണങ്ങളേറ്റ് നിത്യഹരിത കഞ്ചുകമണിഞ്ഞ ഈ കൊച്ചു ഗ്രാമം ശ്രേയസ്സും ഐശ്വര്യവും നിറഞ്ഞ ‘നല്ല ഈര്’ ആണ്. അതിപ്രാചീന കാവ്യമായ ഉണ്ണുനീലി സന്ദേശത്തില്‍ ഈ ഗ്രാമത്തിനു പൊന്നരഞ്ഞാണ്‍ ചാര്‍ത്തി ഒഴുകുന്ന ഇത്തിക്കരയാറിനേയും നദീതീരത്ത് സ്ഥിതിചെയ്യുന്ന ‘പെരുമാള്‍’ കുടികൊളളുന്ന അതിപുരാതന ക്ഷേത്രത്തേയും പറ്റിയുളള പരാമര്‍ശങ്ങള്‍ ഇന്നാടിന്റെ പ്രസിദ്ധിയെ വിളംബരം ചെയ്യുന്നു.       കുളത്തൂപ്പുഴയിലെ മാഞ്ഞാര്‍ മലയിടുക്കുകളില്‍ നിന്നും ഉത്ഭവിച്ച് തീരങ്ങളെ തഴുകി ഒഴുകുന്ന ഇത്തിക്കരയാറ് ഈ നാടിന്റെ ഐശ്വര്യ സ്രോതസ്സാണ്. വടക്കു ഭാഗത്ത് തലയുയര്‍ത്തി നാടിന്റെ ഐശ്വര്യം നോക്കി നില്‍ക്കുന്ന വലിയ മലയും, പടിഞ്ഞാറ് പാരാവാരം പോലെ പരന്നു കിടക്കുന്ന വട്ടക്കായലും സുഖശീതളവും സസ്യശ്യാമളവുമായ അനുഭൂതി മാധുര്യം പകര്‍ന്നു തരുന്നു. ഈ ഗ്രാമത്തിനു കരകങ്കണം ചാര്‍ത്തിക്കൊണ്ട് സ്വച്ഛന്ദം ഒഴുകുന്ന കല്ലടയാറിന്റെ കൈവഴിയ്ക്കും ഈ നാടിന്റെ പ്രകൃതി ചരിത്രത്തില്‍ സ്ഥാനം ഉണ്ട്.      ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവതാംകൂറില്‍ അനുവദിച്ച 16 മലയാളം സ്കൂളുകളില്‍ ഒന്ന് ആദിച്ചനല്ലൂരിലായിരുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറയുന്ന ‘ഇത്തിക്കര പക്കി’ ഈ പ്രദേശത്തെ ഒരു കായിക മല്ലനായിരുന്നു. സാധുക്കളുടെ സഹായിയും സംരക്ഷകനുമായിരുന്നു ഇന്നാട്ടുകാര്‍ക്ക് ഇത്തിക്കര പക്കി. കിഴക്കു കട്ടച്ചല്‍ മുതല്‍ പടിഞ്ഞാറു പത്തായക്കോടിവരെ നീണ്ടുകിടക്കുന്ന ഇത്തിക്കരയാറിന്റെ സാമീപ്യവും പനയത്തിന്റെ മദ്ധ്യഭാഗത്ത് ഇത്തിക്കര പ്രദേശത്തു വന്നു ചേരുന്ന പോഷക നദിയായ പള്ളിക്കല്‍ ആറിന്റെ ജലസമ്പന്നതയും, നദികളുടെ കരപ്രദേശങ്ങളിലെ ഫലഭൂയിഷ്ഠതയും നെല്‍കൃഷിയുടേയും തെങ്ങു കൃഷിയുടെയും സമ്പല്‍ സമൃദ്ധമായ വളര്‍ച്ചയ്ക്കു പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനങ്ങളാണ്. കര, ജലഗതാഗത സൌകര്യങ്ങളുടെ മേന്മ കൊണ്ടു വ്യാവസായിക രംഗത്തും ഈ പഞ്ചായത്തു പ്രദേശം വളരെ മുന്നേറി. നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തിക്കര ടൈല്‍സും, അറുപതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തോമസ് സ്റ്റീഫനും സംഘവും കൂട്ടായി തുടങ്ങിയ ട്രാവന്‍കൂര്‍ ടൈല്‍സും ഇതിന് മകുടോദാഹരണങ്ങളാണ്. ഈ കാലയളവില്‍ തിരുവതാംകൂര്‍ റാണിത്തമ്പുരാട്ടിയും മങ്കൊമ്പില്‍ പട്ടരും സര്‍ക്കാരും കുത്തക പാട്ട വ്യവസ്ഥയില്‍ തുടങ്ങിയ ‘ട്രാവന്‍കൂര്‍ പോട്ടറീസ് സെറാമിക്സ്’ വ്യാവസായിക രംഗത്തെ വലിയ ചുവടു വെയ്പായിരുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ പളളിവാസലില്‍ നിന്നും നേരിട്ട് വിദ്യുച്ഛക്തി ലഭിച്ച ജില്ലയിലെ ആദ്യ വ്യവസായ സ്ഥാപനമായ ഇതിന്റെ മാനേജര്‍ ഡോ: പല്‍പ്പുവിന്റെ മകന്‍ ഹരിഹരന്‍ ആയിരുന്നു.