പഞ്ചായത്തിലൂടെ

കൃഷി

ഭൂമിശാസ്ത്രപരമായി പഞ്ചായത്ത് അക്ഷാംശം വടക്ക് 80 51′ നും 80 53′ നും രേഖാംശം കിഴക്ക് 760 41′ നും 760 44′  നും ഇടിയിലാണ് സ്ഥിതി ചെയ്യുന്നത്. 19.85 ച.കി.മീറ്ററാണ് ഈ പഞ്ചായത്തിന്‍റെ വിസ്തീര്‍ണ്ണം. കേരളത്തിലെ ഇടനാട് പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ആദിച്ചനല്ലൂര്‍. സമോച്ഛരേഖ (contour lines) 20 മീറ്ററിനുള്ളില്‍ ഉയരം രേഖപ്പെടുത്തിയിട്ടുളള ഭൂപ്രദേശത്തെയാണ് ഇടനാടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ആദിച്ചനല്ലൂരിലെ ഉയര്‍ന്ന സമോച്ഛരേഖ 60 മീറ്റാണ്. ഇത് ടി.ബി.ജംഗ്ഷന് അടുത്ത് ഉഗ്രംകുന്നിലായിട്ടാണുളളത്. ഉയര്‍ന്ന  കുന്നിന്‍ പ്രദേശങ്ങളില്‍ വെട്ടുകല്ലും ചുവന്ന ചരല്‍ കലര്‍ന്ന മണ്ണുമാണ്. ഗ്രാമപഞ്ചായത്തിന്റെ വടക്കും, കിഴക്കും ഭാഗങ്ങളിലെ കുന്നിന്‍ പ്രദേശങ്ങളില്‍ ഇത്തരം മണ്ണാണുളളത്. കൂടുതല്‍ പ്രദേശവും നിരപ്പു ഭൂമിയാണ്. ഇവിടെ മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണുളളത്. ഇത് തെങ്ങുകൃഷിക്ക് വളരെയധികം യോജിച്ചതാണ്. ചെറിയ ചരിവ് പ്രദേശങ്ങളില്‍ ചരല്‍ കലര്‍ന്ന മണ്ണും നെല്‍പ്പാടങ്ങളില്‍ പൊതുവേ പശിമരാശി മണ്ണുമാണുളളത്. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങള്‍ കട്ടച്ചല്‍, കുമ്മല്ലൂര്‍, കരിക്കോട്, കൈതക്കുഴി, ആദിച്ചനല്ലൂര്‍, പാങ്ങാട്ട്, പ്ളാക്കാട്, തഴുത്തല എന്നിവയാണ്. ഇതില്‍ ഏറ്റവും വലിയ ഏലായാണ് ആദിച്ചനല്ലൂര്‍ ഏലാ.  വടക്കുകിഴക്ക് പ്രദേശം സാമാന്യം ഉയര്‍ച്ചയുളള ഈ പഞ്ചായത്തിന്റെ ചരിവ് പടിഞ്ഞാറേ ദിശയിലേയ്ക്കാണ്. തെക്കേ അതിര്‍ത്തിയിലെ ഇത്തിക്കരയാറും അതില്‍ നിന്നുമള്ള ഉപശാഖകളും പഞ്ചായത്തില്‍ നല്ല നീരൊഴുക്കിന് വഴിയൊരുക്കുന്നുണ്ട്. വടക്കുദിശയില്‍ നിന്ന് രണ്ട് ചെറിയ ശാഖകള്‍ വന്നുചേര്‍ന്ന് പളളിമണ്‍തോടായി ഇത്തിക്കരയാറില്‍ വന്നു ചേരുന്നു. തഴുത്തല നിന്ന് ഉത്ഭവിക്കുന്ന തഴുത്തല തോട് ഇത്തിക്കരയാറിന്റെ വടക്കുപടിഞ്ഞാറു ദിശയിലായി ചേരുന്നു. വേനല്‍ക്കാലത്ത് വറ്റുന്ന വേറെ മൂന്ന് ചെറിയ തോടുകള്‍ ആറിന്റെ വടക്കുവശത്ത് പഞ്ചായത്തിന്റെ കിഴക്കേ ദിശയിലായിട്ട് ചേരുന്നുണ്ട്. ചേറുകായല്‍ തോട് പള്ളിമണ്‍ തോടില്‍ നിന്ന് ആദിച്ചനല്ലൂര്‍ ചിറയിലേയ്ക്ക് കിഴക്കേ ദിശയിലൂടെ ഒഴുകുന്നു. ഈ പഞ്ചായത്തില്‍ മൂന്ന് പ്രധാന ചിറകളുണ്ട്. പുഞ്ചിരിച്ചിറ, ആദിച്ചനല്ലൂര്‍ ചിറ (കുണ്ടുമണ്‍ കുളം സര്‍വ്വേ നമ്പര്‍ 3163), വെണ്മണിച്ചിറ. ഈ പഞ്ചായത്തിലൂടെ ഒഴുകുന്ന ഇത്തിക്കര നദീതടത്തിന്റെ വിസ്തീര്‍ണ്ണം 1979 ഹെക്ടറാണ്. തരക്കേടില്ലാത്ത നീരൊഴുക്കുളള പഞ്ചായത്താണ് ആദിച്ചനല്ലൂര്‍. ഉയര്‍ന്ന സമതല പ്രദേശങ്ങളില്‍ (T1) വെട്ടുകല്ലും ചെമ്മണ്ണുമാണ് സാധാരണ കാണുന്നത്. ഇവിടെ മണ്ണിന്റെ ആഴം കുറവായതിനാല്‍ വെളളത്തിന് വേഗത്തില്‍ വാര്‍ന്നു പോകാന്‍ സാധിക്കുന്നു. ചരിഞ്ഞ പ്രദേശത്തെയും മണ്ണിന്റെ ഘടന ഇതുതന്നെയാണ്. എന്നാല്‍ ചെറിയ രീതിയില്‍ ചരല്‍, കളിമണ്ണ് എന്നീ ഘടകങ്ങള്‍ കൂടുന്നതായി കാണാം. താഴ്ന്ന പ്രദേശങ്ങളില്‍ കാണുന്നതാണ് എക്കല്‍ മണ്ണ്. മഴ സമയങ്ങളില്‍ ചെറിയ തോടുകള്‍ വഴി മേല്‍ ഭാഗത്തു നിന്നും വരുന്ന മണ്ണ് താഴ്ന്ന പ്രദേശങ്ങളില്‍ അടിയുന്നു. ആദിച്ചനല്ലൂര്‍ തികച്ചും ഒരു കാര്‍ഷിക ഗ്രാമമാണ്. വടക്കും തെക്കും ഉയര്‍ന്ന പ്രദേശങ്ങളും നടുക്ക് താഴ്ന്ന പ്രദേശവുമാണ്. ഇതിന്റെ വിസ്തീര്‍ണ്ണം 1890.5 ഹെക്ടര്‍ ആണ്. മുഖ്യകൃഷി നെല്ലും തെങ്ങുമാണ്. ഇടവിളയായി കുരുമുളക്, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, ധാന്യവിളകള്‍ എന്നിവയും കൃഷിചെയ്തു വരുന്നു. മാവ്, പ്ളാവ് മുതലായ ഫലവൃക്ഷങ്ങള്‍ പഞ്ചായത്തിലുടനീളം കൃഷിചെയ്തു വരുന്നു. കശുമാവും അപൂര്‍വ്വമായിട്ടുണ്ട്. അടുത്ത കാലത്തായി ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്ത് റബ്ബറും കൃഷിചെയ്തുവരുന്നു. മഴയെ ആശ്രയിച്ചു മാത്രമാണ് നെല്‍ക്കൃഷി നടത്തിയിരുന്നത്. കൂടാതെ നദികള്‍, ചിറകള്‍, കുളങ്ങള്‍, തോടുകള്‍ ഇവയായിരുന്നു ജലസേചനോപാധികള്‍. ഉടമസ്ഥര്‍ പ്രധാനമായും ഏതാനും ജന്മികളായിരുന്നു. ഉദ്ദേശം 30% ത്തോളം നെല്‍വയലുകളായിരുന്നു. ചെളിയെടുപ്പും മണല്‍ വാരലും നികത്തലും മൂലം അത് ഇപ്പോള്‍ 140 ഹെക്ടറായി ചുരുങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് മുണ്ടകന്‍, ചെറുനെല്ലാരന്‍, ചേറാടി മുതലായ നാടന്‍ വിത്തുകളാണ് കൃഷി ചെയ്തിരുന്നത്. നിലങ്ങളില്‍ ഒരു പ്രധാന ഭാഗം ഒരുപ്പൂ മാത്രം കൃഷി ചെയ്തിരുന്ന കായല്‍ നിലങ്ങളായിരുന്നു. അതില്‍ വെള്ളം വറ്റിക്കുന്നതിനും ജലസേചനത്തിനുമായി പഴയകാലത്ത് ചക്രം, തേവുകൊട്ട മുതലായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിരുന്നത്. പണ്ടുകാലത്ത് പാടങ്ങളില്‍ ഇടവിളയായി എള്ള്, പയറ്, കൂവരക്, ചാമ മുതലായവ കൃഷി ചെയ്തിരുന്നു. മരച്ചീനി, കൂവരക് മുതലായവയായിരുന്നു സാധാരണക്കാര്‍ ആഹാരത്തിനായി കൂടുതലും ഉപയോഗിച്ചിരുന്നത്. തെങ്ങുകൃഷിയും ഈ ഗ്രാമപഞ്ചായത്തില്‍ പണ്ടുമുതലേ വ്യാപകമായിരുന്നു. മൊത്തം കൃഷിഭൂമിയുടെ 81% വരും. കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്ന് തെങ്ങുകൃഷിയായിരുന്നു. ഈ ഗ്രാമത്തിലെ കുമ്മല്ലൂര്‍, കൈതക്കുഴി, വെളിച്ചിക്കാല എന്നീ പ്രദേശങ്ങളില്‍ ഏതാണ്ട് 30 ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍ കൃഷി ചെയ്യുന്നു. റബ്ബര്‍ കൃഷി വളരെ ആദായകരമായ കൃഷിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. താരതമ്യേന ഉയരംകൂടിയ ചരിവു പ്രദേശങ്ങളിലാണ് റബ്ബര്‍ കൃഷിചെയ്യുന്നത്. ഇപ്പോള്‍ റബ്ബര്‍ കൃഷി ചെയ്തിരിക്കുന്ന ഭൂമിയുടെ 95% ഉം മുമ്പ് കശുമാവ് കൃഷി ചെയ്തിരുന്ന സ്ഥലമാണ്. ഇപ്പോള്‍ 10 ഹെക്ടര്‍ സ്ഥലത്തു മാത്രമാണ് കശുമാവ് കൃഷിചെയ്യുന്നത്. കുരുമുളക്, വാഴ, മരച്ചീനി, പയര്‍, കവുങ്ങ്, പച്ചക്കറികള്‍, മറ്റ് കിഴങ്ങു വര്‍ഗ്ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവ ഇടവിളയായി കൃഷി ചെയ്യുന്നു. മൊത്തം കൃഷി സ്ഥലത്തിന്റെ 30%ന് താഴെ മാത്രമേ ഇടവിള കൃഷി ചെയ്യുന്നുളളൂ.  നെല്‍വയലുകള്‍ നികത്താന്‍ തുടങ്ങിയതോടുകൂടി ഈ ഗ്രാമപഞ്ചായത്തിലെ നിലവിലിരുന്ന കാര്‍ഷിക ഉല്‍പ്പാദന ക്രമങ്ങളില്‍ കാര്യമായ മാറ്റം സംഭവിച്ചു. 1980 നു ശേഷം ഇടത്തരം നെല്‍ക്കൃഷിക്കാര്‍ പോലും നിലം നികത്താന്‍ തുടങ്ങി. നെല്‍ക്കൃഷി ലാഭകരമല്ലാത്ത അവസ്ഥ വന്നുചേര്‍ന്നു.

വ്യവസായം

നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചത്. ഓട് നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ സുലഭമായി കിട്ടിക്കൊണ്ടിരുന്ന ഇത്തിക്കര കേന്ദ്രീകരിച്ചാണ് ഇത്തിക്കര ടൈല്‍സ് ഫാക്ടറി സ്വകാര്യ മേഖലയില്‍ ആരംഭിച്ചത്. അന്ന് വൈദ്യുതി ആദിച്ചനല്ലൂര്‍ ഗ്രാമത്തില്‍ എത്തിയിരുന്നില്ല. ആവി എന്‍ജിന്‍ ഉപയോഗിച്ച് ഫാക്ടറി പ്രവര്‍ത്തിച്ചു. അതിനു ശേഷം അമ്മ മഹാറാണിയുടെ ഉടമസ്ഥതയില്‍ സര്‍ക്കാരിന്റ സഹായത്തോടു കൂടി വ്യവസായ വിദഗ്ദ്ധന്‍ ഹരിഹരന്റെ ഫാക്ടറി ട്രാവന്‍കൂര്‍ പോര്‍ട്ടറീസ് സിറാമിക്സ് എന്ന വ്യവസായ സ്ഥാപനം ആരംഭിച്ചു. അമ്മ മഹാറാണിക്ക് 99 വര്‍ഷത്തെ കുത്തക പാട്ടത്തിനാണ് 11 ഏക്കര്‍ ഭൂമി വ്യവസായം തുടങ്ങാന്‍ കൊടുത്തത്. 1942-ല്‍ കുത്തകപ്പാട്ട വ്യവസ്ഥ നിലനിറുത്തിക്കൊണ്ട് അമ്മ മഹാറാണി ഫാക്ടറി നടത്താനുളള അവകാശം ദയാനന്ദന് കൈമാറി. 1960-ല്‍ ദയാനന്ദന്‍ ട്രാവന്‍കുര്‍ പോട്ടറീസ് ഫാക്ടറി തുടങ്ങി. ഈ കാലഘട്ടത്തില്‍ ഉത്തരേന്‍ഡ്യന്‍ മാര്‍വാഡികള്‍ ഫോര്‍ഗാ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ പൈപ്പ് നിര്‍മ്മാണ ഫാക്ടറി നടത്തി. അതിനു ശേഷം ഫാക്ടറി മാനേജ്മെന്റ് ഈ ഫാക്ടറി ലോക്കൌട്ട് ചെയ്തു. ആദ്യം ആരംഭിച്ച ട്രാവന്‍കൂര്‍ സെറാമിക്സ് ഫാക്ടറിയും 11 ഏക്കര്‍ ഭൂമിയും വീതം വച്ചതാണ് ഈ കാമ്പൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ടൈല്‍സും ട്രാവന്‍കൂര്‍ പോര്‍ട്ടറിസും. ഇപ്പോള്‍ ട്രാവന്‍കൂര്‍ പോര്‍ട്ടറിസ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. 1989 ലെ വ്യവസായ നയത്തിന്റെ ഫലമായി ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വയര്‍ കട്ട് ബ്രിക്സ് ഫാക്ടറികള്‍  31 എണ്ണം ആരംഭിച്ചു. അതുപോലെ 1952 മുതല്‍ വ്യാപകമായി കുടില്‍ വ്യവസായം എന്ന നിലയില്‍ നാടന്‍ ചുടുകട്ട നിര്‍മ്മാണവും, ഓടു നിര്‍മ്മാണ രംഗത്ത് ആവശ്യമായ ക്ളേയുടെ ദൌര്‍ലഭ്യം ഉളവാക്കി. പഞ്ചായത്തിന്റെ ഭൂരിപക്ഷം വാര്‍ഡുകളിലും ഈ വ്യവസായ മേഖല വ്യാപിച്ചു. ആറ് ഓട് നിര്‍മ്മാണ ചെറുകിട ഫാക്ടറികളിലും 31 വയര്‍കട്ട് ബ്രിക്സ് യൂണിറ്റുകളിലും 17 നാടന്‍ ചുടുകട്ട കളങ്ങളിലുമായി 1242 തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ആധുനിക വ്യവസായങ്ങളോ പൊതുമേഖലാ വ്യവസായങ്ങളോ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉണ്ടായിട്ടില്ല. പരമ്പരാഗത വ്യവസായങ്ങളിലാണ് ഭൂരിപക്ഷവും പണിയെടുക്കുന്നത്. കശുവണ്ടി, കളള് ചെത്ത്, കരകൌശലം, മത്സ്യബന്ധനം, ഈറ്റ പനമ്പ് എന്നീ പരമ്പരാഗത വ്യവസായങ്ങളിലായി 15 ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങള്‍ ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ആകെയുളള 19 സ്ഥാപനങ്ങളില്‍ 5 ചെറുകിട ഫാക്ടറികള്‍ സ്വകാര്യ മേഖലയിലും 6 എണ്ണം കുടില്‍വ്യവസായ മേഖലയിലും 9 എണ്ണം സഹകരണ മേഖലയിലും പ്രവര്‍ത്തിക്കുന്നു. കശുവണ്ടി വ്യവസായ മേഖലയില്‍ 5 ചെറുകിട ഫാക്ടറികളില്‍ 2252 പേര്‍ ജോലി ചെയ്യുന്നു. ഇതില്‍ 96% തൊഴിലാളികള്‍ വനിതകളണ്.

വിദ്യാഭ്യാസം

കൊല്ലം പട്ടണത്തിന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് പത്ത് പതിനഞ്ച് കിലോമീറ്റര്‍ തെക്കോട്ട് സഞ്ചരിച്ചാല്‍ 47-ാം ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി കിടക്കുന്ന പ്രകൃതി സുന്ദരമായ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെത്താം. മലനാടിന്റെ തനത് ഭൂമി ശാസ്ത്രത്തില്‍ നിന്നും അല്പം വ്യതിചലിപ്പ് വടക്കുനിന്നും തെക്കോട്ട് ചരിഞ്ഞാണ് ഗ്രാമത്തിന്റെ കിടപ്പ്. ശ്രീമൂലം തിരുനാള്‍ നാടുവാണിരുന്ന 1870 കളില്‍ സി. എം. എസ്സ്. ക്രിസ്ത്യന്‍ മിഷിനറി പ്രവര്‍ത്തനത്തിനായി കൊല്ലത്തെത്തിയ മിഷിനറിമാരില്‍ ഒരു വിഭാഗം ഈ ഗ്രാമദേശത്തിന്റെ പ്രകൃതി രമണീയതയിലും ഗ്രാമീണരുടെ നിഷ്ക്കളങ്കതയിലും ആകൃഷ്ടരായി ആദിച്ചനല്ലൂരിന്റെ കിഴക്കന്‍ മേഖലയിലും എത്തപ്പെട്ടിരുന്നതായി ചരിത്ര രേഖകളില്‍ കാണുന്നു. അവരില്‍ പ്രമുഖരും ജ്യേഷ്ഠാനുജന്മാരുമായിരുന്ന യുസ്തൂസ് ജോസഫിന്റെയും യുസ്തൂസ് ഫിലിപ്പിന്റെയും നേതൃത്വത്തില്‍ കുമ്മല്ലൂര്‍ എന്ന സ്ഥലത്ത് ഒരു പളളിക്കൂടം സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും നാനാജാതിമത വിഭാഗങ്ങളില്‍പ്പെട്ട ഗ്രാമീണര്‍ പ്രസ്തുത പളളിക്കൂടത്തില്‍ അറിവ് നേടുന്നതിനായി വന്നെത്തിയിരുന്നതായും കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ഈ സ്ഥാപനം മണ്‍മറഞ്ഞതായും പിന്‍തലമുറക്കാര്‍ പറയുന്നു. ആദിച്ചനല്ലൂര്‍ ഗ്രാമത്തിന്റെ തെക്കു പടിഞ്ഞാറെ അതിര്‍ത്തിയായ പന്ത്രണ്ടാം വാര്‍ഡില്‍ 1957ല്‍ ആരംഭിച്ച കൊല്ലം ജില്ലയിലെ ഏക പോളിടെക്നിക്കിനെ ഉള്‍ക്കൊളളുവാനുളള ഭാഗ്യം നമ്മുടെ ഗ്രാമത്തിന് സിദ്ധിച്ചു. 1964 ജൂണ്‍ ഒന്നാം തിയതി 9-ാം വാര്‍ഡില്‍ സ്ഥാപിച്ച മുസ്ളീം എല്‍.പി.എസ്സ്, യു.പി. എസ്സ് ആയി വളര്‍ന്നു.  പഞ്ചായത്തധികാരികള്‍ 1966 ജൂണ്‍ ഒന്നാം തിയതി മുതല്‍ മൈലക്കാട് പ്രദേശത്ത് അപ്പര്‍ പ്രൈമറി സ്കൂളും 1967-1968 കാലഘട്ടത്തില്‍ ആദിച്ചനല്ലൂര്‍ മേഖലയില്‍ ഒരു ഹൈസ്ക്കൂളും ആരംഭിക്കുകയുണ്ടായി. 1948-49 കളില്‍ മൈലക്കാട് കേന്ദ്രീകരിച്ചാരംഭിച്ച മൈലക്കാട് ഗവ. എല്‍.പി.എസ്സും ആദിച്ചനല്ലൂരില്‍  ആരംഭിച്ച ഗവ. യു.പി.എസ്സും, കൈതക്കുഴിയില്‍ ആരംഭിച്ച എല്‍.പി.എസ്സും മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍.

കുടിവെളളവും പൊതുജനാരോഗ്യവും

പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്ന ചില പാരമ്പര്യ വൈദ്യകുടുംബങ്ങളില്‍ നിന്നാണ് ഈ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ചികിത്സാ സേവനങ്ങള്‍ ലഭിച്ചിരുന്നത്. മാതൃശിശു സംരക്ഷണ കാര്യങ്ങളില്‍ നാട്ടു പതിച്ചിമാരും, മസൂരി പോലുളള രോഗങ്ങള്‍ക്ക് മന്ത്രവാദികളും അക്കാലത്ത് കൊടികുത്തി വാഴുകയായിരുന്നു. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഇവരുടെ പ്രവര്‍ത്തനം ഏറ്റവും മുന്‍പന്തിയിലായിരുന്നു. 1948-ല്‍ പഞ്ചായത്തിലെ കൈതക്കുഴി എന്ന ഭാഗത്ത് അന്ന് റെയില്‍വേ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തുവന്ന ഒരു സര്‍ജന്‍ (ഡോ. ജോര്‍ജ്ജ് ഫിലിപ്പ്) ഒരു ക്ളിനിക് തുടങ്ങിയതാണ് ഈ പഞ്ചായത്തിലെ അലോപ്പതി ശാഖയില്‍ ഉണ്ടായ ആദ്യത്തെ സ്ഥാപനം. 1952-ല്‍ ആണ് ഈ പഞ്ചായത്തില്‍ സ്വകാര്യ മേഖലയില്‍ ഒരു അലോപ്പതി ആശുപത്രി ഉണ്ടായത്. അന്ന് ജര്‍മ്മന്‍ മിഷനറി പ്രവര്‍ത്തകര്‍ ഓലഷെഡില്‍ തുടങ്ങിയ ആ ആതുരാലയം, ഇന്ന് മദ്ധ്യ കേരളത്തില്‍ പ്രശസ്തമായിട്ടുളള കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍ ആയി വളര്‍ന്നിരിക്കുന്നു. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരോഗ്യ രംഗത്ത് ആരംഭിച്ച മാതൃ ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്ന മിഡ് വൈഫറി സെന്ററുകളില്‍ രണ്ടെണ്ണമാണ് ഈ പഞ്ചായത്തില്‍ സ്ഥാപിച്ചത്. വസൂരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിനു വേണ്ടി അച്ചുകുത്തു പിളളമാരും ഉണ്ടായി. 1979-ല്‍ മാത്രമാണ് ഈ പഞ്ചായത്തില്‍ ഒരു ഗവണ്‍മെന്റ് റൂറല്‍ ഡിസ്പെന്‍സറി മൈലക്കാട് പ്രദേശത്ത് വാടക കെട്ടിടത്തില്‍ ആരംഭിച്ചത്. 1990-ല്‍ ഈ റൂറല്‍  ഡിസ്പെന്‍സറി മിനി പ്രാഥമിക ആരോഗ്യ കേന്ദ്രമായി. 1994-ല്‍ ആരംഭിച്ച ഹോമിയോ ഡിസ്പെന്‍സറി ഉള്‍പ്പെടെ ഏഴ് ആരോഗ്യ ചികില്‍സാ സ്ഥാപനങ്ങള്‍ ഇന്ന് ഈ പഞ്ചായത്തില്‍ നിലവിലുണ്ട്. ഇതില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളില്‍ ഒന്ന് മാത്രമാണ് സ്വകാര്യ മേഖലയിലെ ആയൂര്‍വേദ ആശുപത്രി.

ഗതാഗതം, ഊര്‍ജ്ജം, മാര്‍ക്കറ്റ്

1953-ല്‍ ആദിച്ചനല്ലൂര്‍ പഞ്ചായത്ത് രൂപീകൃതമാകുമ്പോള്‍ ഗതാഗത സൌകര്യമുളളതും, ടാര്‍ ചെയ്തതുമായി പഞ്ചായത്തതിര്‍ത്തിയില്‍ ഇത്തിക്കര മുതല്‍ കൊട്ടിയം വരെയുളള ദേശീയപാത മാത്രമേ ഉണ്ടായിരുന്നുളളു. പിന്നീട് 1968-ല്‍ പൊതുമരാമത്ത് വകയായി ഇത്തിക്കര-ആയൂര്‍ റോഡ് ടാര്‍ ചെയ്തു. 1987-ല്‍ ഇത്തിക്കര മുള്ളേത്തുമുക്കു മുതല്‍ വാവരുമുല വരെയുളള റോഡ് ടാര്‍ ചെയ്തുകൊണ്ട് പഞ്ചായത്തു വക റോഡുകളുടെ വികസനത്തിന് ആരംഭം കുറിച്ചു. പഞ്ചായത്തില്‍ ആകെയുളള റോഡിന്റെ നീളം 98 K.M. ആണ്. അതില്‍ 3 K.M. ദേശീയ പാതയും 17.535 K.M. P.W.D. വകയും, 77.465 K.M. പഞ്ചായത്തു വകയുമാണ്. പ്രധാനമായും മൂന്നു പാലങ്ങളാണ് പഞ്ചായത്തില്‍ ഉളളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇത്തിക്കര ആറിനു കുറുകെ ദേശീയ പാതയിലെ പാലമാണ്. ഇത്തിക്കര ആയൂര്‍ റോഡിലെ കൊച്ചു പാലവും ചാത്തന്നൂര്‍ കട്ടച്ചല്‍ റോഡിലെ കുമ്മല്ലൂര്‍ പാലവുമാണ് മറ്റുളളവ.  പഞ്ചായത്തില്‍ പ്രധാനമായും ബസ്സ് സര്‍വ്വീസ് ഉള്ളത് ദേശീയ പാതയിലൂടെയും, ഇത്തിക്കര ആയൂര്‍ റോഡിലൂടെയും ആണ്. ചാത്തന്നൂര്‍ കട്ടച്ചല്‍ റോഡിലൂടെയും മൈലക്കാട് കണ്ണനല്ലൂര്‍ റോഡിലൂടെയും എണ്ണത്തില്‍ കുറവെങ്കിലും ബസ്സ് സര്‍വ്വീസുകളുണ്ട്. പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് സമീപ പഞ്ചായത്തായ ചാത്തന്നൂരില്‍ എത്തിച്ചേരാന്‍ മുഖ്യമായുള്ളത് കടത്തു ഗതാഗതമാണ്. നിലവില്‍ P.W.D. വകയായി 4 കടത്തുകളുണ്ട് - പളളിക്ക മണ്ണടിക്കടവ്, കൊഞ്ചിക്കടവ്, ഞവരൂര്‍ കടവ്, കാഞ്ഞിരം കടവ്.

സംസ്കാരം

ഈ പ്രദേശത്ത് ചെറുതും വലുതുമായ നാല്‍പതോളം സംഘടനകള്‍ ഉണ്ട്. ഇവയില്‍ പലതും അകാലത്തില്‍ പൊഴിഞ്ഞു പോയിട്ടുണ്ട്; ചിലതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലുമാണ്. പുരാതനകാലം മുതല്‍ക്കേ നാടകങ്ങളോടും കലയോടും ആഭിമുഖ്യവും അദമ്യമായ അഭിനിവേശവും പുലര്‍ത്തിയിരുന്ന കലാസ്നേഹികള്‍ ഈ രംഗത്തുണ്ടായിരുന്നു. ആദിച്ചനല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന നാടക സമിതി ഗ്രമോദ്ധാരണ കലാ സമിതി മൈലക്കാട് ആര്‍ട്സ് ക്ളബ്ബ്, കൊട്ടിയം ആര്‍ട്സ് ക്ളബ്ബ് എന്നീ സംഘടനകള്‍ ഈ രംഗത്തെ മുന്‍ഗാമികളാണ്. ഇന്ന് പ്രൊഫഷണല്‍ നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘമായ ‘അയനം’ നാടക വേദിയും പുത്തന്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കാനും കേരളത്തിലെ പ്രമുഖ പ്രൊഫഷണല്‍ സമിതികളുടെ കലാവിരുന്നുകള്‍ മാസംതോറും രംഗത്ത് അവതരിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ‘സമഷ്ടി’ കലാ സാംസ്കാരിക വേദിയും സാമൂഹ്യ സാംസ്കാരിക മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘അസ്ക’യും ഇന്ന് കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യം നല്‍കുന്നു.

സഹകരണം

കൊല്ലം താലുക്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത പത്ത് സഹകരണ സംഘങ്ങളില്‍ ഒന്ന് കൈതക്കുഴിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. അന്ന് അണ്‍-ലിമിറ്റഡ് സൊസൈറ്റി ആയിട്ടാണ് 1937-രജിസ്റ്റര്‍ ചെയ്തത്. നൂല്‍ വിതരണവും 50 രൂപയില്‍ താഴെയുളള വായ്പയും വിതരണം ചെയ്തിരുന്നു. സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ ഒരു വായനശാല പ്രവര്‍ത്തിച്ചു വന്നിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു ക്രഡിറ്റ് സൊസൈറ്റിയുടെ കീഴില്‍ വായനശാല പ്രവര്‍ത്തിക്കുന്നത്. കൊല്ലം താലൂക്കില്‍ സ്വന്തമായി കെട്ടിടമുളള സൊസൈറ്റിയും കൈതക്കുഴിയില്‍ ആയിരുന്നു. 1950-ഓടുകുടി സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചു. 1979-ല്‍ കൈതക്കുഴിയില്‍ സഹകരണ സംഘം ആദിച്ചനല്ലൂര്‍ ഫാര്‍മേഴ്സ് ബാങ്കില്‍ ലയിച്ചു. 1946-ല്‍ ആണ് ആദിച്ചനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആരംഭം. മുന്‍പ് കൈതക്കുഴി സഹകരണ സംഘം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും കുമ്മല്ലൂര്‍, കൈതക്കുഴി ചേരികളില്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുളളു. പ്ളക്കാട്, കുണ്ടുമണ്‍, ആദിച്ചനല്ലൂര്‍ എന്നീകരകള്‍ പ്രവര്‍ത്തന പരിധിയാക്കിക്കൊണ്ട് ഗ്രാമോദ്ധാരണ സഹകരണ സംഘം എന്ന പേരില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് ഒരാളിന് വെറും 50 രൂപ മാത്രമാണ് വായ്പ നല്കിയിരുന്നത്. വളം വിതരണം, തെങ്ങ് പാട്ടം എടുപ്പ് എന്നിവ ചെറിയ തോതില്‍ നടത്തിയിരുന്നു. 1950-വരെ ഈ പ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കിലും 1955-ല്‍ ഇത് ലിക്വിഡേഷന്റെ വക്കില്‍ ആയി. 1955-ല്‍ കുറെ സഹകാരികള്‍ ഒത്തു ചേര്‍ന്ന് ഈ സംഘം ഉദ്ധരിക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനം ആരംഭിച്ചു. 1960-ഓടുകൂടി സംഘത്തിന്റെ പ്രവര്‍ത്തന പരിധി ആദിച്ചനല്ലൂര്‍ പഞ്ചായത്ത് മൊത്തമായി വ്യാപിപ്പിക്കുകയും സംഘത്തിന്റെ പേര് വിവിധോദ്ദേശ സഹകരണ സംഘം എന്നായി വിപുലീകരിക്കുകയും ചെയ്തു. 1965-ഓടുകൂടി വിവിധോദ്ദേശ സഹകരണ സംഘം ജവഹര്‍ലാല്‍ നെഹ്റുവിന്റെ സങ്കല്പത്തിലുളള സര്‍വ്വീസ് സഹകരണ സംഘം ആയി മാറ്റി. അതോടുകൂടി എല്ലാവിധ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 1980-ാമാണ്ടോടുകൂടി വീണ്ടും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും ബാങ്കിന്റെ പേര് ആദിച്ചനല്ലൂര്‍ ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് ക്ളിപ്തം നമ്പര്‍-2609 എന്നാക്കി മാറ്റുകയും ചെയ്തു. പഞ്ചായത്തില്‍ അഞ്ച് ക്ഷീരോല്പാദക സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചെണ്ണവും കാര്യമായി പ്രവര്‍ത്തിക്കുന്നു.