ആദിച്ചനല്ലൂര്‍
കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍, തഴുത്തല എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ആദിച്ചനല്ലൂര്‍. ജനതയില്‍ ഭയവും അത്ഭുതവും ജനിപ്പിച്ച ‘ആദിച്ച” ന്റെ “നല്ല ഊര്” കായിക മല്ലന് ഇത്തിക്കരപക്കിയുടെ നാടാണ് ആദിച്ചനല്ലൂര്‍. കിഴക്കു കട്ടച്ചല്‍ മുതല്‍ പടിഞ്ഞാറു പത്തായക്കോടി വരെ നീണ്ടുകിടക്കുന്ന ഇത്തിക്കരയാറിന്റെ സാമീപ്യവും പനയത്തിന്റെ മദ്ധ്യഭാഗത്ത് ഇത്തിക്കര പ്രദേശത്തു വന്നു ചേരുന്ന പോഷക നദിയായ പള്ളിക്കല്‍ ആറിന്റെ ജലസമ്പന്നതയും, നദികളുടെ കരപ്രദേശങ്ങളിലെ ഫലഭൂയിഷ്ഠതയും നെല്‍കൃഷിയുടേയും തെങ്ങു കൃഷിയുടെയും സമ്പല്‍ സമൃദ്ധമായ വളര്‍ച്ചയ്ക്കു പ്രകൃതി കനിഞ്ഞു നല്കിയ വരദാനങ്ങളാണ്. തിരുവിതാംകൂറിലെ ആറ്റിങ്ങലിനും, കൊല്ലത്തിനും മദ്ധ്യേയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യാപര കേന്ദ്രമായിരുന്ന കൊട്ടിയം വഴി യാത്രക്കാരുടെ വിശ്രമത്തിനു വേണ്ടി മഹാരാജാവിന്റെ പ്രത്യേക നിര്‍ദ്ദേശത്തില്‍ കൊട്ടിയത്ത് ഒരു വഴിയമ്പലം നിര്‍മ്മിക്കുകയും പില്ക്കാലത്ത് അതിനെ കൊട്ടിയം അമ്പലം എന്നു നാമകരണം ചെയ്തിട്ടുളളതുമാണ്. ചരിത്ര പ്രധാനമായ ഈ പ്രദേശം മുഴുവന്‍ ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. 1953-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശ പ്രകാരം തെരെഞ്ഞെടുക്കപ്പെട്ട പഞ്ചായത്തു കമ്മിറ്റി അധികാരത്തിലെത്തി. അഡ്വ: കൊട്ടിയം സദാശിവന് ആയിരുന്നു ആദ്യ പ്രസിഡന്റ്. തുടര്‍ച്ചയായി 23 വര്‍ഷക്കാലം അദ്ദേഹം പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 19.85 ച.കി.മീറ്ററാണ്. ഇത്തിക്കരയാറിന്റെ വടക്കു സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്റെ കിഴക്ക് പൂയപ്പളളി, വടക്കുകിഴക്ക് നെടുമ്പന, വടക്കുപടിഞ്ഞാറ് തൃക്കോവില്‍വട്ടം, പടിഞ്ഞാറ് മയ്യനാട്, തെക്ക് ചാത്തന്നൂര്‍ എന്നീ പഞ്ചായത്തുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തിന്റെ ഇന്നത്തെ രൂപം വരുന്നതിനു മുമ്പ് ആരംഭിച്ച ഗ്രാമോദ്ധാരണ സംഘം 1946-ല്‍, തിരുവിതാംകൂര്‍ പഞ്ചായത്ത് ഡയറക്ടറുടെ (പിച്ചുമണി അയ്യര്‍ ) അദ്ധ്യക്ഷതയില്‍ യോഗം കൂടുകയും അവിടെക്കൂടിയ ആളുകളില്‍ നിന്നും ശ്രീമാന്മാര് മേലാക്കല് മാധവന് പിളള, കൊടിക്കകത്ത് ഗോപിനാഥന് പിളള, മങ്ങാട്ട് അര്ജ്ജുനന്, കുന്നുമ്മേല്‍ മീരാന്‍ കുഞ്ഞ്, കോയിക്കലഴികത്ത് പരമേശ്വരന് പിളള, കാഥികന് ഒ.യോഹന്നാന് , പി.കെ.ശ്രീകുമാരി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും മേലാക്കല് എം.മാധവന് പിളളയെ പ്രസിഡന്റായി തെരെഞ്ഞടുക്കുകയും ചെയ്തു. ഓഫീസും മറ്റ് കാര്യങ്ങളും പ്രവര്ത്തിപ്പിക്കുന്നതിനു വേണ്ടി എം.കെ.വിജയനെ സെക്രട്ടറിയായും ഒ.ഉണ്ണിയെ പ്യൂണ്‍ ആയും നിയമിച്ചു. എം.കെ.കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടന്ന അത്യുജ്ജ്വലവും ഐതിഹാസികവുമായ സമരം പില്ക്കാലത്ത് പഞ്ചായത്തിലാകെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതിനും ജന്മി കുടിയാന് ബന്ധത്തിന് പുതിയ വ്യാഖ്യാനമുണ്ടാക്കാനും 1957-ലെ സര്‍ക്കാര്‍ കാര്‍ഷിക പരിഷ്കരണനിയമം അസംബ്ളിയില്‍ അവതരിപ്പിച്ച് നിയമമാക്കി എടുക്കുന്നതിനും നിമിത്തമായി.