അടാട്ട്

തൃശൂര്‍ജില്ലയിലെ തൃശൂര്‍ താലൂക്കില്‍, പുഴയ്ക്കല്‍ ബ്ലോക്കിലാണ് അടാട്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുറനാട്ടുകര, ചിറ്റിലപ്പിള്ളി, പുഴയ്ക്കല്‍, അടാട്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അടാട്ട് പഞ്ചായത്തിന് 23.02 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് അയ്യന്തോള്‍, കോലഴി പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് തോളൂര്‍, വെങ്കിടങ്ങ് പഞ്ചായത്തുകളും തെക്കുഭാഗത്ത് അയ്യന്തോള്‍, അരിമ്പുര്‍ പഞ്ചായത്തുകളും വടക്കുഭാഗത്ത് കൈപറമ്പ് പഞ്ചായത്തുമാണ്. പുറനാട്ടുകരയിലാണ് പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. തൃശുര്‍ നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു ഭാഗത്തായി സമുദ്രനിരപ്പില്‍ നിന്നും താഴ്ന്ന കോള്‍നിലങ്ങളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമം വിനോദസഞ്ചാരികളുടെ പറുദീസയായ വിലങ്ങന്‍കുന്ന്, അടാട്ട്, ചെട്ടി എന്നീ കുന്നുകളൊക്കെയുള്ള പ്രകൃതിരമണീയമായ പ്രദേശമാണ്. ബ്രിട്ടീഷ് പട്ടാളത്തിലേക്കുള്ള തിരഞ്ഞെടുപ്പുകേന്ദ്രവും നിരീക്ഷണകേന്ദ്രവുമായിരുന്നു ഒരുകാലത്ത് വിലങ്ങന്‍കുന്ന്. വിലങ്ങന്‍കുന്ന് തൃശൂര്‍ നഗരത്തോട് അടുത്തുകിടക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. തൃശൂര്‍ പട്ടണത്തില്‍ നിന്ന് 8 കിലോമീറ്റര്‍ മാറി തൃശൂര്‍-ഗുരുവായൂര്‍ സംസ്ഥാനപാതക്കരികിലാണ് വിലങ്ങന്‍കുന്ന് സ്ഥിതി ചെയ്യുന്നത്. 15 കിലോമീറ്റര്‍ ദൂരത്തായി തൊട്ടടുത്ത കടല്‍ത്തീരവും 16 കിലോമീറ്റര്‍ അകലത്തായി പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ ഗുരുവായൂരും സ്ഥിതിചെയ്യുന്നു. കോള്‍പടവുകള്‍ ഒരു ചങ്ങലപോലെ അടാട്ട് പഞ്ചായത്തിനെ ചുറ്റിക്കിടക്കുന്നു എന്നു പറയാം. നാലുമുറി, കര്‍ത്താണി, പായിപ്പടവ്, പുത്തന്‍കോള്, ഒമ്പതുമുറി, ചാത്തന്‍കോള്‍, ചീരുകണ്ടത്ത് പടവ്, കരിക്കക്കോള്‍, ആര്യമ്പാടം, പണ്ടാരക്കോള്‍, ചൂരക്കോട്ടുകരപ്പാടം, മുതുവറത്താഴം തുടങ്ങി ഒന്നിനൊന്നു തൊട്ടുകിടക്കുന്ന കോള്‍പ്പടവുകളും, പാടശേഖരങ്ങളും കൊണ്ട് സമൃദ്ധമാണ് അടാട്ട് ഗ്രാമപഞ്ചായത്ത്. ഫലഭൂയിഷ്ഠമായ കോള്‍നിലങ്ങളെ കടല്‍വെള്ളത്തില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തുന്നത് ഏനാമായ്ക്കല്‍ ചിറയാണ്. കൃഷിയാണ് ഗ്രാമീണരുടെ പ്രധാനതൊഴില്‍. നെല്ല്, നാളികേരം, അടയ്ക്ക, കുരുമുളക് എന്നിവയാണ് പ്രധാനവിളകള്‍.